Sub Lead

പഹല്‍ഗാം ആക്രമണത്തില്‍ ചോദ്യങ്ങളുന്നയിച്ച രണ്ടു പൊളിറ്റിക്കല്‍ യൂട്യൂബര്‍മാര്‍ക്കെതിരെ കേസ്; മനു സ്മൃതിയെ അപമാനിച്ചെന്നും ആരോപണം

പഹല്‍ഗാം ആക്രമണത്തില്‍ ചോദ്യങ്ങളുന്നയിച്ച രണ്ടു പൊളിറ്റിക്കല്‍ യൂട്യൂബര്‍മാര്‍ക്കെതിരെ കേസ്; മനു സ്മൃതിയെ അപമാനിച്ചെന്നും ആരോപണം
X

ന്യൂഡല്‍ഹി: കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ആക്രമണത്തെ കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ച രണ്ടു പൊളിറ്റിക്കല്‍ യൂട്യൂബര്‍മാര്‍ക്കെതിരെ കേസെടുത്തു. 'റാന്റിങ് ഗോള' എന്ന പേരില്‍ യൂട്യൂബ് ചാനല്‍ നടത്തുന്ന ഷമിത യാദവ്, ലഖ്‌നോ സര്‍വകലാശാല പ്രഫസറും ഡോ. മെഡൂസ എന്ന യൂട്യൂബ് ചാനലിന്റെ ഉടമയായ ഡോ. മദ്‌റി കക്കോതിക്കും എതിരെയാണ് കേസ്. ഇതില്‍ ഡോ. മെഡൂസക്കെതിരെ രാജ്യദ്രോഹക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

ഷമിത യാദവ് മനുസമൃതിയെ അപമാനിച്ചെന്നും ഇന്ത്യാ വിരുദ്ധ പ്രചാരണം നടത്തിയെന്നും ആരോപിച്ച് അഡ്വ. അമിത സച്ച്‌ദേവ് എന്ന യുവതിയാണ് പോലിസില്‍ പരാതി നല്‍കിയത്. ഷമിതയുടെ വീഡിയോ രാജ്യത്തിന്റെ പരമാധികാരത്തിനും ദേശീയ സുരക്ഷയ്ക്കും ഭീഷണിയാണെന്ന് പരാതി ആരോപിക്കുന്നു.

പഹല്‍ഗാം ആക്രമണത്തെ കുറിച്ച് ഏപ്രില്‍ 23 മുതല്‍ 26 വരെ നാലു വീഡിയോകളാണ് ഷമിത പ്രസിദ്ധീകരിച്ചത്. ആക്രമണത്തെ അപലപിക്കുന്നതിനൊപ്പം ആഭ്യന്തരമന്ത്രാലയത്തിനും പ്രതിരോധമന്ത്രാലയത്തിനും പറ്റിയ വീഴ്ചകളെയും അവര്‍ ചോദ്യം ചെയ്തിരുന്നു.

സംഘപരിവാര വിദ്യാര്‍ഥി സംഘടനയായ എബിവിപിയുടെ നേതാവ് ജതിന്‍ ശുക്ല എന്നയാള്‍ നല്‍കിയ പരാതിയിലാണ് ഡോ. മദ്‌റി കക്കോതിക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തത്. രാജ്യത്തിന്റെ ഐക്യത്തെയും അഖണ്ഡതയെയും മദ്‌റി കക്കോതി ലക്ഷ്യമിട്ടെന്ന് പരാതിക്കാരന്‍ ആരോപിക്കുന്നു. പഹല്‍ഗാം ആക്രമണത്തിലെ സുരക്ഷാ വീഴ്ചകളെ അപലപിച്ചതിനൊപ്പം മുസ്‌ലിംകള്‍ക്കെതിരെ നടക്കുന്ന ആള്‍ക്കൂട്ട ആക്രമണം, മുസ്‌ലിംകളെ ജോലിയില്‍ നിന്നും പിരിച്ചുവിടല്‍, മുസ്‌ലിംകള്‍ക്ക് വീട് വാടകയ്ക്ക് നല്‍കാതിരിക്കല്‍, മുസ്‌ലിംകളുടെ വീടുകള്‍ പൊളിക്കല്‍ എന്നിവയെയും മദ്‌റി കക്കോതി വിമര്‍ശിച്ചിരുന്നു. സംഭവത്തില്‍ മദ്‌റിയോട് സര്‍വകലാശാല വിശദീകരണം തേടിയിട്ടുണ്ട്. അഞ്ചുദിവസത്തിനുളളില്‍ വിശദീകരണം നല്‍കണമെന്നാണ് ആവശ്യം.

എന്നാല്‍, വീഡിയോകളുടെ ഉള്ളടക്കത്തില്‍ ഉറച്ചുനില്‍ക്കുന്നതായി ഡോ. മദ്‌റി കക്കോതി പറഞ്ഞു. താന്‍ പറഞ്ഞതെല്ലാം നൂറു ശതമാനം ശരിയാണെന്നും കുറ്റകൃത്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നത് ഭീകരത സൃഷ്ടിക്കുന്നതാണെന്ന ചിലരുടെ തോന്നലുകളില്‍ തനിക്ക് ഒന്നും ചെയ്യാനില്ലെന്നും അവര്‍ പറഞ്ഞു. പഹല്‍ഗാം ആക്രമണത്തെ കുറിച്ച് പോസ്റ്റിട്ട് ഭോജ്പൂരി നാടന്‍പാട്ട് ഗായികയായ നേഹ സിങ് രാത്തോഡിനെതിരെ കഴിഞ്ഞ ദിവസം യുപി പോലിസ് രാജ്യദ്രോഹത്തിന് കേസെടുത്തിരുന്നു.

Next Story

RELATED STORIES

Share it