Sub Lead

രാജ്യം രാഷ്ട്രീയ ജനാധിപത്യത്തില്‍നിന്ന് വര്‍ഗീയ ജനാധിപത്യത്തിലേക്ക് പോവുന്നു: സി പി മുഹമ്മദ് ബഷീര്‍

രാജ്യം രാഷ്ട്രീയ ജനാധിപത്യത്തില്‍നിന്ന് വര്‍ഗീയ ജനാധിപത്യത്തിലേക്ക് പോവുന്നു: സി പി മുഹമ്മദ് ബഷീര്‍
X

കോഴിക്കോട്: രാജ്യം രാഷ്ട്രീയ ജനാധിപത്യത്തില്‍നിന്ന് വര്‍ഗീയ ജനാധിപത്യത്തിലേക്ക് പോവുന്നതിന്റെ ദുരന്തമാണ് നാം ഇന്ന് അഭിമുഖീകരിക്കുന്നതെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍. 'റിപബ്ലിക്കിനെ രക്ഷിക്കുക' ദേശവ്യാപക കാംപയിന്റെ ഭാഗമായി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച ജനമഹാ സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ ആഭ്യന്തര ശക്തിയും സ്വഭാവവും തകര്‍ന്നുപോയിക്കൊണ്ടിരിക്കുന്നു.

രാജ്യത്ത് ഹിന്ദുത്വ രാഷ്ട്ര പ്രഖ്യാപനത്തിന്റെ അവസാന മിനുക്കുപണികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ആര്‍എസ്എസ്സിന് 100 വര്‍ഷം തികയുമ്പോള്‍ ഹിന്ദുത്വ രാഷ്ട്രം പ്രഖ്യാപിക്കാനാണ് പദ്ധതി. പള്ളികള്‍ക്ക് വേണ്ടി രാജ്യമെമ്പാടും അവകാശവാദങ്ങള്‍ കൂടിവരുന്നു. പുതിയ പള്ളികള്‍ക്ക് വേണ്ടിയുള്ള അപേക്ഷകള്‍ കോടതികള്‍ സ്വീകരിക്കുന്ന അവസ്ഥയാണ്. ആരാധനാ നിയമം ചവറ്റുകൊട്ടയില്‍ എറിയുന്നു.

ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് ക്ഷേത്രം നിര്‍മിക്കുന്നതിന് പ്രധാനമന്ത്രി തറക്കല്ലിടുന്നത് പൂജയോടെയാണ്. പ്രധാനമന്ത്രി അന്ന് പറഞ്ഞത് ഇപ്പോള്‍ സ്വാതന്ത്ര്യം ലഭിച്ചുവെന്നാണ്. താന്‍ തറക്കല്ലിടുന്നത് രാമക്ഷേത്രത്തിനല്ല, രാമരാജ്യത്തിനാണെന്നാണ് പ്രധാനമന്ത്രി പറയുന്നത്. പല രാഷ്ട്രീയപ്രസ്ഥാനങ്ങളിലും ഹിന്ദുത്വ പൊതുബോധ സംസ്‌കാരത്തിന്റെ അധിനിവേശം നടക്കുന്നു. കാര്‍ഷിക നയം രാജ്യത്തെ തകര്‍ക്കുകയാണ്. ചൈന അതിക്രമിച്ച് കയറി ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്യുമ്പോള്‍ ഭരണകൂടം നിശബ്ദരായിരിക്കുന്നു. തെറ്റായ സാമ്പത്തിക നയം, ഏറ്റവും കൂടുതല്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്തത്, രൂപയുടെ മൂല്യം തകര്‍ച്ച നേരിട്ടത് ഈ കാലഘട്ടത്തിലാണ്. ലൗ ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ് എന്നിങ്ങനെ വെറുപ്പിന്റെ പ്രചാരണം അതിന്റെ മൂര്‍ധന്യതയിലെത്തിയിരിക്കുന്നു.

രാജ്യം അപകടത്തിലാവുന്ന ഈ സാഹചര്യത്തില്‍ പോലും ഒന്നും ശബ്ദിക്കാതെ കോണ്‍ഗ്രസ് ജോഡോ യാത്ര നടത്തിക്കൊണ്ടിരിക്കുകയാണെന്ന് സി പി മുഹമ്മദ് ബഷീര്‍ പരിഹസിച്ചു. രാജ്യത്തെ മുസ്‌ലിംകള്‍ ഇപ്പോള്‍ എത്തിനില്‍ക്കുന്ന അവസ്ഥയെക്കുറിച്ച് 30 വര്‍ഷം മുമ്പ് എന്‍ഡിഎഫ് വിളിച്ചുപറഞ്ഞതാണ്. അന്ന് പരിഹസിച്ചവര്‍ ഇന്ന് നെറുകയില്‍ കൈവച്ചിരിക്കുന്നു. മുസ്‌ലിംകളെ സംബന്ധിച്ച് രാജ്യത്തെ തകര്‍ച്ച മുസ്‌ലിംകളെ മാത്രം ബാധിക്കുന്നതല്ല, രാജ്യത്തെ എല്ലാ പൗരന്‍മാരെയും ഒരുപോലെ ബാധിക്കുന്നതാണ്.

രണ്ടാം സ്വാതന്ത്ര്യസമരത്തിന് വേണ്ടി രംഗത്തിറങ്ങേണ്ട കാലം അതിക്രമിച്ചിരിക്കുകയാണെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഇന്ത്യന്‍ മുസ്‌ലിംകള്‍ വംശഹത്യയുടെ വക്കിലെത്തിനില്‍ക്കുന്നു. വംശഹത്യയുടെ എട്ടാമത്തെ ഘട്ടത്തിലാണ് മുസ്‌ലിംകള്‍ ജീവിക്കുന്നതെന്നാണ് വിദഗ്ധപഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിലാണ് സേവ് റിപബ്ലിക് ആശയവുമായി പോപുലര്‍ ഫ്രണ്ട് രംഗത്തുവന്നിരിക്കുന്നത്. മുസ്‌ലിംകള്‍ അപകടകാരികളാണെന്ന നുണ ഇന്ന് വ്യവസ്ഥാപിതമാക്കപ്പെട്ടിരിക്കുന്നു.

സത്യാനന്തര കാലഘട്ടത്തില്‍ സത്യത്തിനോ വസ്തുതകള്‍ക്കോ യാതൊരു സ്ഥാനവുമില്ല. വികാരങ്ങള്‍ക്കും വിദ്വേഷങ്ങള്‍ക്കുമാണ് പ്രധാന്യം ലഭിക്കുന്നത്. വിധേയത്വവും അടിമത്ത ബോധവും മാറ്റിയെടുത്ത് സമുദായത്തിന് ആത്മവിശ്വാസം തിരിച്ചുകൊടുക്കാതെ നമുക്ക് അതിജീവനം സാധ്യമല്ല. രാജ്യത്തിന്റെ ജനാധിപത്യവും മതേതരത്വവും ഭരണഘടനാ മൂല്യവും സംരക്ഷിക്കാന്‍ മുസ് ലിം സമുദായം പോരാടേണ്ടതുണ്ട്. ജാതി, മത, രാഷ്ട്രീയ വ്യത്യാസമില്ലാതെ ഹിന്ദുത്വത്തിനെതിരേ ഒരുമിച്ച് പോരാട്ടത്തിന് നാം തയ്യാറാവേണ്ടതുണ്ടെന്ന് സി പി മുഹമ്മദ് ബഷീര്‍ ആഹ്വാനം ചെയ്തു.

Next Story

RELATED STORIES

Share it