Sub Lead

ബിജെപി വിരുദ്ധ രാഷ്ട്രീയത്തെ ജനങ്ങള്‍ ഒറ്റക്കെട്ടായി പിന്തുണച്ചു: പോപുലര്‍ ഫ്രണ്ട്

മുസ്‌ലിം തീവ്രവാദം എന്ന പതിവ് പ്രചാരകര്‍ക്കും ഈ തെരഞ്ഞെടുപ്പ് ഫലം ചില സന്ദേശങ്ങള്‍ നല്‍കുന്നുണ്ട്. ഹിന്ദുത്വ വര്‍ഗീയതയെയും അതിന് കൂട്ടു നില്‍ക്കുന്നവരെയും പരാജയപ്പെടുത്തിയ മുഴുവന്‍ വോട്ടര്‍മാരെയും പോപുലര്‍ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി അഭിനന്ദിച്ചു.

ബിജെപി വിരുദ്ധ രാഷ്ട്രീയത്തെ ജനങ്ങള്‍ ഒറ്റക്കെട്ടായി പിന്തുണച്ചു: പോപുലര്‍ ഫ്രണ്ട്
X

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വര്‍ഗീയ വാദികള്‍ക്കും ഫാഷിസത്തിന്റെ വക്താക്കള്‍ക്കുമേറ്റ കനത്ത തിരിച്ചടിയാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി വിലയിരുത്തി. ബിജെപി വിരുദ്ധ രാഷ്ട്രീയത്തെ ആളുകള്‍ ഒറ്റക്കെട്ടായി പിന്തുണച്ചു. ഈ നിലപാട് ഹിന്ദുത്വ വാദികള്‍ക്കെതിരായ പോരാട്ടത്തിന് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. വര്‍ഗീയ പ്രചാരണം കൊണ്ടും മുസ്‌ലിംകളെ ഭീകരവല്‍ക്കരിക്കുന്നത് കൊണ്ടും തിരഞ്ഞെടുപ്പില്‍ സ്വീകാര്യത കിട്ടുമെന്ന തെറ്റായ സന്ദേശത്തിനേറ്റ തിരിച്ചടി കൂടിയാണ് ഈ തിരഞ്ഞെടുപ്പ് ഫലം.

വര്‍ഗീയതയിലൂടെ സാമൂഹ്യാന്തരീക്ഷത്തെ മലിനമാക്കാന്‍ ശ്രമിക്കുന്ന ആര്‍എസ്എസിനും ബിജെപിക്കും കേരളത്തിന്റെ മണ്ണില്‍ ഇടമില്ല എന്ന സന്ദേശവും തെരഞ്ഞടുപ്പ് ഫലം നല്‍കുന്നുണ്ട്. പ്രധാനമന്ത്രിയും യുപി മുഖ്യമന്ത്രിയും ഉള്‍പ്പടെയുള്ള തീവ്ര വര്‍ഗീയവാദികളെ രംഗത്തിറക്കി കേരളത്തിന്റെ മതേതര മനസ്സിനെ വിഭജിക്കാനാണ് ബിജെപി ശ്രമിച്ചത്. രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച് മിണ്ടാതെ ലൗജിഹാദ് ഉള്‍പ്പടെയുള്ള വര്‍ഗീയ പ്രചാരണമാണ് തെരഞ്ഞെടുപ്പില്‍ ബിജെപി നടത്തിയിരുന്നത്.

പോപുലര്‍ ഫ്രണ്ടിന്റെ സാമൂഹിക നയം എന്തെന്ന് ചോദിച്ച നരേന്ദ്ര മോദിക്കുള്ള മറുപടിയാണ് നേമത്തെയും മഞ്ചേശ്വരത്തെയും തെരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്നത്. വര്‍ഗീയ ഫാഷിസത്തെയും അതിനോടൊപ്പം നിന്ന പിസി ജോര്‍ജ്ജ് ഉള്‍പ്പടെയുള്ള വര്‍ഗീയ വാദികളെയും പരാജയപ്പെടുത്തിയ കേരള ജനത ഇന്ത്യക്കു തന്നെ മാതൃകയായിരിക്കുകയാണ്. അതേ സമയം വര്‍ഗീയ ഫാഷിസത്തിന്റെ വിജയ സാധ്യതയെ അധികാര താല്‍പര്യങ്ങള്‍ മാത്രം പരിഗണിച്ച് തടയുന്നതില്‍ മുന്നണികള്‍ക്കുള്ള ആത്മാര്‍ത്ഥതക്കുറവാണ് അവസാന നിമിഷം വരെ പാലക്കാടും തൃശൂരിലും കണ്ടത്.

മുസ്‌ലിം തീവ്രവാദം എന്ന പതിവ് പ്രചാരകര്‍ക്കും ഈ തെരഞ്ഞെടുപ്പ് ഫലം ചില സന്ദേശങ്ങള്‍ നല്‍കുന്നുണ്ട്. ഹിന്ദുത്വ വര്‍ഗീയതയെയും അതിന് കൂട്ടു നില്‍ക്കുന്നവരെയും പരാജയപ്പെടുത്തിയ മുഴുവന്‍ വോട്ടര്‍മാരെയും പോപുലര്‍ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി അഭിനന്ദിച്ചു. മികച്ച വിജയത്തിലൂടെ തുടര്‍ഭരണം നേടിയ എല്‍ഡിഎഫ് സര്‍ക്കാരിനെ അഭിനന്ദിക്കുന്നു. അടുത്ത അഞ്ച് വര്‍ഷം തുല്യനീതിയില്‍ അധിഷ്ടിതമായ ഭരണം കാഴ്ചവയ്ക്കാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.

യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍, വൈസ് പ്രസിഡന്റ് സി അബ്ദുല്‍ ഹമീദ്, ട്രഷറര്‍ കെ എച്ച് നാസര്‍, സെക്രട്ടറിമാരായ എസ് നിസാര്‍, പി പി റഫീഖ്, സി എ റഊഫ് തുടങ്ങിയവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it