Sub Lead

കള്ളപ്പണത്തിന് പിന്നാലെ കള്ളനോട്ട് കേസും: ആരോപണ വിധേയരായ ബിജെപി നേതാക്കള്‍ക്കെതിരേ കേസെടുക്കണമെന്ന് പോപുലര്‍ ഫ്രണ്ട്

കള്ളപ്പണത്തിന് പിന്നാലെ കള്ളനോട്ട് കേസും:  ആരോപണ വിധേയരായ ബിജെപി നേതാക്കള്‍ക്കെതിരേ കേസെടുക്കണമെന്ന് പോപുലര്‍ ഫ്രണ്ട്
X

കോഴിക്കോട്: കള്ളപ്പണത്തിന് പിന്നാലെ കള്ളനോട്ട് കേസിലും ബിജെപിയുടെ പങ്കാളിത്തം പുറത്തുവന്ന സാഹചര്യത്തില്‍ ആരോപണ വിധേയരായ ബിജെപി നേതാക്കളെ പ്രതിചേര്‍ത്ത് വിപുലമായ അന്വേഷണം നടത്താന്‍ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ ആര്‍ജ്ജവം കാട്ടണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ ആവശ്യപ്പെട്ടു. കള്ളപ്പണ മാഫിയയുടെ കൂടാരമായി മാറിയിരിക്കുകയാണ് ബിജെപി. ആരോപണ വിധേയരായ നേതാക്കളുടേയും പ്രവര്‍ത്തകരുടേയും വീടുകളും ഓഫീസുകളും അടിയന്തരമായി റെയ്ഡ് ചെയ്യണം. ഇവരുടെ സാമ്പത്തിക ഇടപാടുകളും പരിശോധിക്കണം.

കൊടകര കള്ളപ്പണക്കേസില്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പടെയുള്ള ബിജെപി നേതാക്കളുടെ പങ്കാളിത്തം ഉറപ്പായിട്ടും എല്ലാവരേയും സാക്ഷിപ്പട്ടികയിലാക്കി കേസന്വേഷണം അട്ടിമറിക്കാനാണ് പിണറായി സര്‍ക്കാര്‍ തയ്യാറായത്. ഇതിനു പിന്നാലെയാണ് കൊടുങ്ങല്ലൂരില്‍ നിന്നും കള്ളനോട്ടടി കേസിലും ബിജെപി പ്രവര്‍ത്തകര്‍ പിടിയിലായത്. ഇവര്‍ക്ക് നേതാക്കളുമായി ബന്ധമുണ്ടെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. പിറവം ഇലഞ്ഞി കള്ളനോട്ട് കേസില്‍ ഇവര്‍ക്ക് ബന്ധമുണ്ടോയെന്നും അന്വേഷിക്കണം.

വാഹനാപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയിലെത്തിയ സജീവ ബിജെപി പ്രവര്‍ത്തകനായ കൊടുങ്ങല്ലൂര്‍ മേത്തല സ്വദേശി വടശേരി കോളനിയില്‍ താമസിക്കുന്ന കോന്നംപറമ്പില്‍ ജിത്തുവിന്റെ പക്കല്‍ നിന്ന് 178500 രൂപയുടെ കള്ളനോട്ട് കണ്ടെത്തിയ കേസ് അനേഷണത്തിലാണ് ബിജെപിക്കാരായ സഹോദരങ്ങളായ രാകേഷും രാജീവും പിടിയിലാവുന്നത്. യുവമോര്‍ച്ചയുടെയും ബിജെപിയുടെയും ഭാരവാഹികള്‍ ആയിരുന്നു ഇവര്‍. 2017ല്‍ ഇവരുടെ വീട്ടില്‍ നിന്നും കള്ളനോട്ടുകളും നോട്ടടിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളും സഹിതം പോലിസ് കണ്ടെത്തിയെങ്കിലും അന്വേഷണം ഇവരിലേക്ക് മാത്രമായി ഒതുക്കുകയും അന്വേഷണം അവസാനിപ്പിക്കുകയും ചെയ്തു. കേരളം, കര്‍ണാടക, തമിഴ്‌നാട് കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. അതിനുശേഷം അന്തിക്കാട് കാഞ്ഞാണിയില്‍ വച്ച് 52 ലക്ഷത്തിന്റെ കള്ളനോട്ടുമായി 2019ല്‍ വീണ്ടും രാകേഷിനെ പോലിസ് പിടികൂടിയിരുന്നു. നേരത്തെ രാകേഷും കൂട്ടുപ്രതിയായ രഞ്ജിത്തും അറസ്റ്റിലായപ്പോള്‍ ബിജെപിയുടെ ഉന്നത നേതാക്കള്‍ക്കൊപ്പമുള്ള ഇവരുടെ ചിത്രങ്ങള്‍ വൈറലായിരുന്നു.

കൊടകര കേസില്‍ അന്വേഷണം അട്ടിമറിച്ചതു പോലെ കള്ളനോട്ട് കേസും അട്ടിമറിക്കാന്‍ ആഭ്യന്തരവകുപ്പ് കൂട്ടുനില്‍ക്കുകയാണ്. രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തിയ ഈ ക്രിമിനലുകളുമായി ബന്ധമുള്ള ബിജെപി നേതാക്കളെ ചോദ്യം ചെയ്യണം. കൊടകര കേസില്‍ ബിജെപി നേതാക്കള്‍ പ്രതികളാകില്ലെന്ന് ഉറപ്പാക്കിയാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കള്ളപ്പണം എത്തിച്ചത് ബിജെപി നേതാക്കള്‍ക്കാണെന്ന് കണ്ടെത്തിയിട്ടും കൊടകരയിലേത് കവര്‍ച്ചാ കേസ് മാത്രമാക്കി ഒതുക്കിതീര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. പ്രതികളാകേണ്ടവരെ സാക്ഷികളാക്കി മാറ്റിയ പിണറായി വിജയന്റെ ഇന്ദ്രജാലമാണ് കള്ളപ്പണ കേസില്‍ നടന്നത്. കള്ളപ്പണ ഇടപാട് ഉള്‍പ്പടെ ആര്‍എസ്എസ് നടത്തുന്ന രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ ഒത്താശയും ചെയ്തു കൊടുക്കുന്ന പിണറായി സര്‍ക്കാരിന്റെ നിലപാട് തിരുത്തണമെന്നും കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അബ്ദുല്‍ സത്താര്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it