Sub Lead

സംഘടനയ്‌ക്കെതിരായ ഹൈക്കോടതി പരാമര്‍ശം ദുരുദ്ദേശപരം: പോപുലര്‍ ഫ്രണ്ട്

സംഘടനയ്‌ക്കെതിരായ ഹൈക്കോടതി പരാമര്‍ശം ദുരുദ്ദേശപരം: പോപുലര്‍ ഫ്രണ്ട്
X
കോഴിക്കോട്: പോപുലര്‍ ഫ്രണ്ടും എസ്ഡിപിഐയും തീവ്ര സംഘടനകളും നിരോധിക്കപ്പെട്ടതുമാണെന്ന തരത്തില്‍ നടക്കുന്ന പ്രചാരണങ്ങള്‍ ദുരുദ്ദേശപരമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ പറഞ്ഞു. ഹൈക്കോടതി വിധിയിലെ ഒരു പരാമര്‍ശം ഉയര്‍ത്തിപ്പിടിച്ച്, നിയമപരമായും സുതാര്യമായും പ്രവര്‍ത്തിക്കുന്ന സംഘടനയ്‌ക്കെതിരെ പല മാധ്യമങ്ങളും ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുകയാണ്. പൊതുജനമധ്യത്തില്‍ സംഘടനയെ അവഹേളിക്കുന്ന തരത്തിലുള്ള പ്രചാരണങ്ങളെ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

പാലക്കാട് ജില്ലയില്‍ കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കേസ് അന്വേഷണം സിബിഐക്ക് വിടണമെന്ന ഭാര്യയുടെ ഹരജി തള്ളിക്കൊണ്ട് വിധിയില്‍ ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങളാണ് തെറ്റിദ്ധരിപ്പിക്കും വിധം പ്രചരിപ്പിക്കുന്നത്. എസ്ഡിപിഐയും പോപുലര്‍ ഫ്രണ്ടും തീവ്ര സ്വഭാവമുള്ള സംഘടനകളാണ് എങ്കിലും നിരോധിത സംഘടനകള്‍ അല്ലെന്നാണ് കോടതി പറഞ്ഞത്. എന്നാല്‍ ഈ പരാമര്‍ശം മറച്ചുവച്ച് പോപുലര്‍ ഫ്രണ്ട് നിരോധിത സംഘടനയാണെന്നാണ് പല മാധ്യമങ്ങളും വാര്‍ത്ത നല്‍കിയത്. വിധി കഴിഞ്ഞ അഞ്ചാം തീയതിയാണ് വന്നത്. പക്ഷെ സംഘടനക്കെതിരായ അപകീര്‍ത്തികരമായ പ്രചാരണം മാധ്യമങ്ങള്‍ ഏറ്റെടുക്കുന്നത് ഒരാഴ്ച കഴിഞ്ഞാണ്. ഇതിനുപിന്നില്‍ കൃത്യമായ അജണ്ടയുണ്ടെന്ന് വ്യക്തമാണ്.

ഹരജിയില്‍ വാദം നടന്ന ഒരുഘട്ടത്തിലും പോപുലര്‍ ഫ്രണ്ടിന്റെ ഭാഗം കോടതി കേട്ടിട്ടില്ല എന്ന വസ്തുത മനപ്പൂര്‍വം തിരസ്‌കരിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്തത്. ഹരജിക്ക് പിന്നിലുണ്ടായിരുന്ന ആര്‍എസ്എസും സര്‍ക്കാര്‍ അഭിഭാഷകനും സമര്‍പ്പിച്ച കെട്ടുകഥകളെ അടിസ്ഥാനമാക്കിയാണ് പോപുലര്‍ ഫ്രണ്ടിനെതിരായ പരാമര്‍ശം കോടതിയില്‍ നിന്നുണ്ടായത്. നീതിനിര്‍വഹണത്തോട് കാട്ടുന്ന അനീതിയാണിത്. ഏകപക്ഷീയമായ കോടതി വിധി നിലനില്‍ക്കില്ല. വിരമിക്കലിനു ശേഷം നേടാവുന്ന സ്ഥാനങ്ങള്‍ക്ക് വേണ്ടി നീതി നിര്‍വഹണ സംവിധാനത്തെ ദുരുപയോഗം ചെയുന്ന സംഭവം ജുഡീഷ്യറിയിലുള്ള ജനങ്ങളുടെ വിശ്വാസ്യതയെ ബാധിക്കും.

ആരോപണ വിധേയരെ കേള്‍ക്കാതെയുള്ള കോടതി പരാമര്‍ശം അന്യായവും നീതിയുക്തമല്ലാത്തതുമാണ്. ഈ പരാമര്‍ശം നീക്കം ചെയ്യാന്‍ ആവശ്യമായ നടപടികള്‍ നിയമ വിദഗ്ധരുമായി ആലോചിച്ച് സ്വീകരിക്കുമെന്നും എ അബ്ദുല്‍ സത്താര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it