Sub Lead

കൊടവ ജനതയെ അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റ്: ഹിന്ദു യുവാവിന്റെ അറസ്റ്റിലേക്ക് നയിച്ചത് എങ്ങനെ?

സാമുദായിക സംഘര്‍ഷത്തിലേക്ക് എത്തിയേക്കാവുന്ന വിധത്തില്‍ അരങ്ങേറിയ സംഭവ വികാസങ്ങളെ കുറിച്ച് സിദ്ധാപൂരിലെ മാധ്യമപ്രവര്‍ത്തകന്‍ മുസ്തഫ സിദ്ധാപൂര്‍ എഴുതുന്നു.

കൊടവ ജനതയെ അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റ്: ഹിന്ദു യുവാവിന്റെ അറസ്റ്റിലേക്ക് നയിച്ചത് എങ്ങനെ?
X

മുസ്തഫ സിദ്ധാപൂര്‍

ഇന്‍സ്റ്റഗ്രാമില്‍ കൊടവ ജനതയെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ കമ്മന്റ് ചെയ്ത കേസില്‍ മുസ് ലിം പേര് പ്രചരിപ്പിക്കുകയും ഒടുവില്‍ ഹിന്ദു യുവാവിനെ പിടികൂടുകയും ചെയ്തത് വലിയ വാര്‍ത്തയായിട്ടുണ്ടല്ലോ. സമ്മര്‍ദ്ദത്തിനു വഴങ്ങാതെ ശരിയായ പ്രതിയെ പിടികൂടിയ പോലിസ് പിന്നില്‍ ഗൂഢാലോചന നടത്തിയവരെ കുറിച്ച് പോലിസ് ഇപ്പോഴും മൗനം പാലിക്കുകയാണ്. സാമുദായിക സംഘര്‍ഷത്തിലേക്ക് എത്തിയേക്കാവുന്ന വിധത്തില്‍ അരങ്ങേറിയ സംഭവ വികാസങ്ങളെ കുറിച്ച് സിദ്ധാപൂരിലെ മാധ്യമപ്രവര്‍ത്തകന്‍ മുസ്തഫ സിദ്ധാപൂര്‍ എഴുതുന്നു.

രസ്പരം സഹവര്‍ത്തിത്വത്തില്‍ കഴിയുന്ന കുടക് ജില്ലയിലെ കൊടവര്‍ക്കും മുസ് ലിംകള്‍ക്കും ഇടയില്‍ ആരാണ് വിള്ളല്‍ ഉണ്ടാക്കാന്‍ ശ്രമിച്ചത്...?. കേസില്‍ മുഹമ്മദ് അഷ്ഫാഖിന്റെ പേര് എങ്ങനെ വന്നു?. എന്താണ് ഇതിന് പിന്നിലെ രാഷ്ട്രീയം?. സാമൂഹിക മാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ കൊടവ ജനതയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പരാമര്‍ശം നടത്തിയെന്നാരോപിച്ച് മുസ് ലിം സമുദായത്തില്‍പ്പെട്ട വിദ്യാര്‍ത്ഥിയുടെ പേരില്‍ വ്യാപക പരാതി ഉയര്‍ന്നു. ഇതേത്തുടര്‍ന്ന് കുടക് പോലീസ് സൂപ്രണ്ട് എംഎ അയ്യപ്പയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തില്‍ കൊടവ സമുദായത്തിലെ കരിനേരവണ്ട പി. ദിവിന്‍ ദേവയ്യ എന്ന യുവാവിനെയാണ് അറസ്റ്റ് ചെയ്തത്.

എന്താണ് സംഭവം?

ജൂണ്‍ 30ന് കൊഡവഹോളിക്‌സ് എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ ടിപ്പുവിനെക്കുറിച്ച് ആക്ഷേപകരമായ ഒരു പോസ്റ്റ് ഇട്ടു. ഈ പോസ്റ്റിന് നിരവധി കമന്റുകളാണ് ലഭിച്ചത്. ljvbkoggklvy എന്ന അക്കൗണ്ടില്‍ നിന്ന് ഇതിനെതിരേ ഇംഗ്ലീഷില്‍ ധാരാളം കമന്റുകള്‍ ഉണ്ടായി. ഈ പരാമര്‍ശങ്ങള്‍ കൊടവരെയും കാവേരി ദൈവത്തെയും അപമാനിക്കുന്നതാണെന്ന് കാണിച്ച് ജൂലൈ ഏഴിന് മടിക്കേരിയിലെ ഒരു സംഘടന പോലിസില്‍ പരാതി നല്‍കി. മണിക്കൂറുകള്‍ക്കകം വിരാജ്‌പേട്ട താലൂക്കിലെ സിദ്ധാപൂര്‍ സ്വദേശി മുഹമ്മദ് അഷ്ഫാഖ് എന്ന രണ്ടാം പിയുസി വിദ്യാര്‍ത്ഥിയുടെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ljvbkoggklvy എന്ന അക്കൗണ്ടില്‍ നിന്നുള്ള അപകീര്‍ത്തികരമായ കമന്റുകളുടെ സ്‌ക്രീന്‍ ഷോട്ട്‌സും വിദ്യാര്‍ത്ഥിയുടെ ഫോട്ടോയ്‌ക്കൊപ്പം പോലിസില്‍ പരാതിപ്പെടുന്ന ഫോട്ടോകളും വീഡിയോകളും ഫേസ്ബുക്കും വാട്ട്‌സ്ആപ്പും ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിച്ചു. സിദ്ധാപൂരിലെ മുഹമ്മദ് അഷ്ഫാഖാണ് അപമാനിച്ച വ്യക്തിയായി അവതരിപ്പിക്കപ്പെട്ടത്. ഇതാണ് ഭൂരിഭാഗം ജനങ്ങളും വിശ്വസിച്ചത്. സംഭവവുമായി എന്റെ മകന് യാതൊരു ബന്ധവുമില്ലെന്നും എന്റെ മകന്റെ ഫോട്ടോ എല്ലായിടത്തും പ്രചരിച്ചെന്നും പറഞ്ഞ് വിദ്യാര്‍ത്ഥിയുടെ പിതാവ് രാത്രി വിളിച്ചു.

ഹിന്ദുത്വ സംഘടനകള്‍ പോലിസില്‍ പരാതി നല്‍കുന്നു

ഹിന്ദുത്വ സംഘടനകള്‍ പോലിസില്‍ പരാതി നല്‍കുന്നു


പിതാവും മകനും എന്നെ വന്ന് കണ്ടു. 20 മിനിറ്റോളം ഞാന്‍ വിദ്യാര്‍ത്ഥിയുമായി സംസാരിച്ചു. വിദ്യാര്‍ത്ഥിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഐഡി _ .mhd._.ashfu _എന്നാണ്. വിദ്യാര്‍ത്ഥിയുടെ ഫോട്ടോ വൈറലായതോടെ aksharadechamma02 എന്ന അക്കൗണ്ടില്‍ നിന്ന് വോയ്‌സ് മെസേജുകളും മറ്റും വരാന്‍ തുടങ്ങി. പുരുഷശബ്ദത്തില്‍ അയച്ച സന്ദേശത്തില്‍ നിങ്ങള്‍ എവിടെയാണ്?. എന്തുകൊണ്ടാണ് നിങ്ങള്‍ ഒരു മോശം സന്ദേശം അയച്ചത്? തുടങ്ങിയ ചോദ്യങ്ങള്‍ ചോദിച്ചു. ഞാന്‍ ഒന്നും ചെയ്തിട്ടില്ല. എനിക്കൊന്നും അറിയില്ല എന്നായിരുന്നു വിദ്യാര്‍ത്ഥിയുടെ മറുപടി. നിങ്ങള്‍ ഒന്നും ചെയ്തിട്ടില്ലെങ്കില്‍ നിങ്ങള്‍ വിഷമിക്കേണ്ടതില്ല. അക്രമികളെ പോലിസ് പിടികൂടും. നിങ്ങള്‍ നിങ്ങളുടെ അക്കൗണ്ട് പ്രൈവറ്റാക്കുക. നിങ്ങളുടെ ഫോട്ടോകള്‍ ഡിലീറ്റ് ചെയ്യണമെന്നും അയാള്‍ പറഞ്ഞു. ഇത് വിശ്വസിച്ച വിദ്യാര്‍ത്ഥി അക്കൗണ്ട് പ്രൈവറ്റാക്കി. കൂടാതെ ആറ് ഫോട്ടോകളും ഡിലീറ്റ് ചെയ്തു. പിന്നീട് വിദ്യാര്‍ത്ഥിയുടെ മൊബൈല്‍ ഫോണിലേക്കും നിരവധി അജ്ഞാത കോളുകള്‍ വന്നിരുന്നു. കോളുകളൊന്നും എടുത്തില്ല. എന്റെ മകന് കൊടവരെക്കുറിച്ചോ കാവേരി ദൈവത്തെക്കുറിച്ചോ ഒന്നും അറിയില്ല. അവന്‍ ഒരു അഭിപ്രായവും പറഞ്ഞിട്ടില്ലെന്നും പിതാവ് കരഞ്ഞ് പറഞ്ഞു.

ഇതേത്തുടര്‍ന്ന് ഫേസ്ബുക്ക്/വാട്ട്‌സ്ആപ്പ് പരിശോധിച്ചപ്പോള്‍ ഞാനും ഞെട്ടി. മണിക്കൂറുകള്‍ക്കുള്ളില്‍, നിരപരാധിയായ വിദ്യാര്‍ത്ഥിയെ തീവ്രവാദി എന്ന് മുദ്രകുത്തി സോഷ്യല്‍ മീഡിയയിലെ നായകന്മാരുടെ നിരവധി പോസ്റ്റുകളാണ് പ്രചരിച്ചത്. സിദ്ധാപൂരില്‍ നിന്നുള്ള ജേണലിസ്റ്റായ വസന്ത്, മുഹമ്മദ് അഷ്ഫാഖ് എന്ന പേര് ഉപയോഗിച്ച് കൊടവ മുസ് ലിംകള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുന്ന രീതിയില്‍ ഒരു ലേഖനം തന്നെ എഴുതി. കൂടാതെ ചിലരുടെ ഫേസ്ബുക്ക് കമന്റുകളും ഭയാനകമായിരുന്നു. 'ഒന്നോ രണ്ടോ പേര്‍ തല്ലിക്കൊന്നാല്‍ അത് കൊലപാതകം. നൂറുകണക്കിനാളുകള്‍ ചേര്‍ന്നു കൊന്നാല്‍ പോലിസിന് ഒന്നും ചെയ്യാന്‍ പറ്റൂല എന്ന് പറഞ്ഞ് കൊലപാതകത്തിന് പ്രേരിപ്പിച്ചു. ഭാവിയില്‍ അവന്‍ ഐഎസില്‍ ചേരും തുടങ്ങിയവയായിരുന്നു കമ്മന്റുകള്‍. ഞാന്‍ ഉടന്‍ തന്നെ എന്റെ പരിചയക്കാരായ ചില അഭിഭാഷകരെയും പോലിസിനെയും ഇക്കാര്യം അറിയിക്കുകയും നിയമോപദേശം തേടുകയും ചെയ്തു. ഉടന്‍ തന്നെ പോലീസില്‍ പരാതിപ്പെടാന്‍ അവര്‍ ഉപദേശിച്ചു.

ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം

ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം


ജൂലൈ എട്ടിന് മകനും പിതാവും മടിക്കേരിയിലെത്തി നടന്ന പ്രശ്‌നങ്ങളെക്കുറിച്ചും സംഭവവുമായി ബന്ധമില്ലാത്ത മകന്റെ ഫോട്ടോ വൈറലാകുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് പരാതി നല്‍കി. പരാതി ലഭിച്ച പോലിസ് വിദ്യാര്‍ഥിയുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത് നാളെ വരാന്‍ പറഞ്ഞു. അതിനിടെ, ജില്ലയിലെ മിക്കവാറും എല്ലാ പോലിസ് സ്‌റ്റേഷനുകളിലും പരാതികള്‍ ഉയര്‍ന്നു. കൂടാതെ മുഹമ്മദ് അഷ്ഫാഖ് എല്ലായിടത്തും പ്രതിയായി ചിത്രീകരിക്കപ്പെട്ടു. ബിജെപി മാത്രമല്ല, കോണ്‍ഗ്രസിലെ ചില നേതാക്കളും അദ്ദേഹത്തെ പ്രതിയായി ചിത്രീകരിക്കാന്‍ മത്സരിച്ചു. സോഷ്യല്‍ മീഡിയയെക്കുറിച്ച് ഒന്നുമറിയാത്ത വിദ്യാര്‍ത്ഥിയുടെ കുടുംബം ആകെ ആശങ്കയിലായി.

ജൂലൈ ഒമ്പതിന് രാവിലെ വിദ്യാര്‍ഥിയുടെ പിതാവിന്റെ സുഹൃത്തിനൊപ്പം മൂവരും മടിക്കേരിയിലേക്ക് പോയിരുന്നു. അവിടെ രാവിലെ മുതല്‍ വിദ്യാര്‍ത്ഥിയെ പോലീസ് ചോദ്യം ചെയ്തു. തങ്ങള്‍ക്ക് നീതി ലഭിക്കണമെന്ന് പരാതിപ്പെട്ടവരെ തന്നെ പോലിസ് ചോദ്യം ചെയ്തു തുടങ്ങി. പേരും ഫോട്ടോയും വൈറലായതോടെ മകന്റെ നിരപരാധിത്വം സമൂഹത്തിന് മുന്നില്‍ തെളിയിക്കണമെന്ന് പിതാവിന് തോന്നിയതിനാല്‍ സത്യം പുറത്തുവരാന്‍ അദ്ദേഹം അന്വേഷണവുമായി സഹകരിച്ചു. സംഘപരിവാര്‍ സംഘടനകള്‍ ജില്ലയിലുടനീളം പത്രപ്രസ്താവനകള്‍ പുറപ്പെടുവിക്കുകയും പ്രതിയെ 24 മണിക്കൂറിനകം അറസ്റ്റ് ചെയ്തില്ലെങ്കില്‍ കുടകില്‍ ബന്ദ് നടത്തുമെന്ന് പോലിസില്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തു. ഇതിനിടെ പോലിസ് അന്വേഷണം തുടരുന്നുണ്ടായിരുന്നു. മറുവശത്ത് മൊഴികളെന്ന പേരില്‍ പലതും പുറത്ത് വന്നുകൊണ്ടിരുന്നു. പോലിസിന് മേലുള്ള സമ്മര്‍ദ്ദം വളരെ കൂടുതലായതിനാല്‍ ഒരു നിരപരാധിയെ വിട്ടയക്കാന്‍ കഴിയുമോ എന്ന് എന്റെ ചില സുഹൃത്തുക്കള്‍ സംശയിച്ചു. കൂടാതെ വിദ്യാര്‍ത്ഥിയുടെ പിതാവിന് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിരുന്നില്ല. എം.എല്‍.എ.യും എം.പിയും ഉള്‍പ്പെടെയുള്ള സംഘപരിവാറിന്റെ സമ്മര്‍ദ്ദം പോലിസിനുമേല്‍ വര്‍ധിച്ചതോടെ ടെന്‍ഷന്‍ നിലനിന്നു.

നാളെ ഈദ് ആണ്. ആഘോഷത്തിനുള്ള ഒരുക്കങ്ങളൊന്നും വിദ്യാര്‍ഥിയുടെ വീട്ടുകാര്‍ നടത്തിയിരുന്നില്ല. മകന്‍ വീട്ടില്‍ വന്നു കഴിഞ്ഞാല്‍ മതിയായിരുന്നുവെന്നായിരുന്നു അവരുടെയെല്ലാം പ്രാര്‍ഥന. വിവരമൊന്നും ലഭിക്കാതായതോടെ മടിക്കേരി എസ്ഡിപിഐ നേതാക്കളെ ഇക്കാര്യം അറിയിക്കുകയും പോലിസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാന്‍ ആവശ്യപ്പെടുകയും ചെയ്തു. പ്രാദേശിക നേതാക്കള്‍ ഉടന്‍ തന്നെ പോലിസുമായി ബന്ധപ്പെട്ടു. 'വിദ്യാര്‍ത്ഥിയെ ചോദ്യം ചെയ്തുവരികയാണ്. തെറ്റ് ചെയ്താല്‍ മാത്രമേ നിയമനടപടി സ്വീകരിക്കൂ. തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ ഒരു നിരപരാധിക്കെതിരെയും ഒരു കാരണവശാലും നടപടിയെടുക്കില്ലെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ നേതാക്കള്‍ക്ക് ഉറപ്പുനല്‍കി. ഒടുവില്‍ എല്ലാവിധ ചോദ്യം ചെയ്യലുകള്‍ക്കും ശേഷം താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് പറഞ്ഞ് വിദ്യാര്‍ത്ഥിയെ രാത്രി തന്നെ പിതാവിനൊപ്പം വിട്ടു.

യഥാര്‍ത്ഥ പ്രതിയെ പിടികൂടിയത് സംബന്ധിച്ച പത്രവാര്‍ത്ത

യഥാര്‍ത്ഥ പ്രതിയെ പിടികൂടിയത് സംബന്ധിച്ച പത്രവാര്‍ത്ത



മുഹമ്മദ് അഷ്ഫാഖ് നിരപരാധിയാണെന്ന് അടുത്ത ദിവസം ജില്ലയുടെ ചില ഭാഗങ്ങളില്‍ വാര്‍ത്ത പരന്നു. വിദ്യാര്‍ത്ഥിയെ 'തീവ്രവാദി' എന്ന് മുദ്രകുത്തിയ ജേണലിസ്റ്റ്, മുഹമ്മദ് അഷ്ഫാഖിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത് അപമാനിച്ചു' എന്ന് മറ്റൊരു വ്യാജ വാര്‍ത്ത വാട്ട്‌സ്ആപ്പ് വഴി പ്രചരിപ്പിച്ചു. ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു. വിദ്യാര്‍ത്ഥിയെ പോലീസ് ചോദ്യം ചെയ്തപ്പോള്‍ നിരപരാധിയാണെന്ന് മനസ്സിലാക്കി പറഞ്ഞയച്ചെങ്കിലും അപവാദം നിര്‍ത്തിയില്ല. 'കാവേരി ദൈവത്തെ അപമാനിച്ച അന്യമതത്തില്‍പ്പെട്ട ഒരാളെ അറസ്റ്റ് ചെയ്യണം, ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച തീവ്രവാദ സംഘടനകളെ കുടകില്‍ നിന്ന് നാടുകടത്തണം' എന്നാവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്തും സംഘപരിവാര്‍ സംഘടനകളും ജില്ലയില്‍ പ്രതിഷേധ പരിപാടികള്‍ക്ക് ആഹ്വാനം ചെയ്തു. പ്രതാപ് സിംഗ് എംപി മുഹമ്മദ് അഷ്ഫാഖിനെതിരെ നടപടിയെടുക്കാന്‍ എസ്പിക്ക് രേഖാമൂലം പരാതി നല്‍കി. ചിലര്‍ വിദ്യാര്‍ത്ഥി എസ്ഡിപി ഐയുടെ ജില്ലാ സെക്രട്ടറി എന്നുവരെ ഫേസ്ബുക്കില്‍ എഴുതി.

എന്നാല്‍ കുടക് പോലിസ് സൂപ്രണ്ട് എം.എ. അയ്യപ്പയുടെ അന്വേഷണം ശരിയായ ദിശയിലായിരുന്നു. യാതൊരു സമ്മര്‍ദത്തിനും വഴങ്ങാതെ കുടക് പോലീസ് പ്രതികളെ പിടികൂടി ജില്ലയില്‍ വന്‍ സംഘര്‍ഷം ഒഴിവാക്കി. യഥാര്‍ഥ പ്രതി പിടികൂടിയപ്പോള്‍ സംഘപരിവാറിന് മൗനമായി. തീവ്രവാദ സംഘടനയുടെ പേരില്ല, ഉന്നതതല അന്വേഷണം ആവശ്യമില്ല. അതുകൂടാതെ പൊതുസമൂഹത്തിലുണ്ടായിരുന്ന ചിലരുടെ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ക്ക് ഇപ്പോള്‍ മിണ്ടാട്ടമില്ല. കുടക് പോലിസിന് പ്രത്യേക അഭിനന്ദനങ്ങള്‍. പക്ഷേ, ചില ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കേണ്ടതുണ്ട്.


ljvbkoggklvy എന്ന അക്കൗണ്ടാണ് കൊടവരെയും കാവേരിയെയും ഇകഴ്ത്തിക്കൊണ്ടുള്ള കമന്റ് ചെയ്തത്. അതില്‍ ഏതെങ്കിലും മതത്തിന്റെയോ വ്യക്തിയുടെയോ പേരില്ല. ആദ്യം പരാതി നല്‍കുമ്പോള്‍ മുഹമ്മദ് അഷ്ഫാഖിന്റെ പേര് ഉണ്ടായിരുന്നില്ലെന്നാണ് വിവരം. അപ്പോള്‍ മുഹമ്മദ് അഷ്ഫാഖ് എന്ന പേര് എവിടെ നിന്ന് വന്നു?. പരാതിക്കാരന്‍ മുഹമ്മദ് അഷ്ഫാഖിന്റെ പേരില്‍ എന്തടിസ്ഥാനത്തിലാണ് പരാതി നല്‍കിയത്?. നിരപരാധിയായ വിദ്യാര്‍ത്ഥിയുടെ ഫോട്ടോ വൈറലാക്കിയത് ആരാണ്?. പെട്ടെന്ന് ഒരു മുസ് ലിം പേര് ഉയര്‍ന്നു വന്നതിനു കാരണം എന്താണ്?. codavaholics അക്കൗണ്ടിന്റെ അഡ്മിനും ljvbkoggklvy എന്ന പേരില്‍ കമന്റിടുകയും അറസ്റ്റിലാകുകയും ചെയ്ത വ്യക്തിയും തമ്മില്‍ എന്താണ് ബന്ധം?. ljvbkoggklvy എന്ന അക്കൗണ്ട് അന്വേഷിക്കുന്നതിനിടെ മുഹമ്മദ് അഷ്ഫാഖിന്റെ പേര് പറഞ്ഞ് പോലീസ് അന്വേഷണത്തില്‍ നിന്ന് വഴി തെറ്റിച്ചത് ആരാണ്?. നിരപരാധിയായ വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്താന്‍ പ്രേരിപ്പിച്ചവര്‍ക്കെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ല?. എന്തിനാണ് അറസ്റ്റിലായ വ്യക്തി ഇങ്ങനെ കമ്മന്റ് ചെയ്തത്. കൊടവരും മുസ്‌ലിംകളും തമ്മില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ ഏത് ദുഷ്ടശക്തിയാണ് ഇരുട്ടില്‍ പതിയിരിക്കുന്നത്?. വിദ്യാര്‍ഥിയുടെ പിതാവ് പരാതി നല്‍കിയിട്ട് 11 ദിവസം കഴിഞ്ഞിട്ടും എന്തുകൊണ്ട് കേസെടുക്കുന്നില്ല?.

അവസാനമായി ഈ കേസിനെ കുറിച്ച് ഒരു വാക്ക്, കൊടവ-മുസ് ലിം സംഘര്‍ഷം ഉണ്ടാക്കാന്‍ ഗൂഢാലോചന നടത്തിയവരെ കണ്ടെത്തി നിയമത്തിന്റെ കുരുക്ക് വീണില്ലെങ്കില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ട്.

Next Story

RELATED STORIES

Share it