Sub Lead

ബംഗാള്‍ ബിജെപിയില്‍ കുത്തൊഴുക്ക്; 130 പഞ്ചായത്തംഗങ്ങള്‍ തൃണമൂലില്‍ ചേര്‍ന്നു

ബംഗാള്‍ ബിജെപിയില്‍ കുത്തൊഴുക്ക്; 130 പഞ്ചായത്തംഗങ്ങള്‍ തൃണമൂലില്‍ ചേര്‍ന്നു
X

കൂച്ച് ബിഹാര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്കു പിന്നാലെ പശ്ചിമ ബംഗാളില്‍ ബിജെപിയില്‍ വന്‍ കൊഴിഞ്ഞുപോക്ക്. നിരവധി പഞ്ചായത്ത് അംഗങ്ങള്‍ ബിജെപി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. തുഫംഗഞ്ച് അന്ധരന്‍ ഫുല്‍ബാരി-ഒന്ന് ഗ്രാമപഞ്ചായത്തിലെ ബിജെപി പഞ്ചായത്ത് അംഗമായ സുധീര്‍ ബര്‍മന്‍, നടബാരി നിയമസഭയിലെ ദന്‍വാഗുരി ഗ്രാമപഞ്ചായത്തിലെ ഏക ബിജെപി പഞ്ചായത്ത് അംഗമായ സുമിത്ര ബര്‍മന്‍ തുടങ്ങിയവര്‍ ബുധനാഴ്ച ടിഎംസിയില്‍ ചേര്‍ന്നു. കൂച്ച് ബിഹാര്‍ ജില്ലാ ടിഎംസി ഓഫിസില്‍ തൃണമൂല്‍ പതാക ഉയര്‍ത്തി ജില്ലാ ടിഎംസി പ്രസിഡന്റ് അഭിജിത് ഡി ഭൗമിക് ഇരുവരെയും പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. നിരവധി പ്രാദേശിക ബിജെപി പ്രവര്‍ത്തകരും അനുഭാവികളും ഇക്കഴിഞ്ഞ ദിവസങ്ങളില്‍ തൃണമൂലില്‍ ചേര്‍ന്നതായി അഭിജിത് ഡി ഭൗമിക് പറഞ്ഞു. മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വികസന സംരംഭങ്ങളില്‍ പങ്കെടുക്കാന്‍ കൂച്ച് ബിഹാറിലെ ബിജെപി പഞ്ചായത്ത് അംഗങ്ങള്‍ തൃണമൂലില്‍ ചേരാന്‍ അണിനിരക്കുകയാണെന്നും നേരത്തെ 130 പഞ്ചായത്ത് അംഗങ്ങള്‍ ബിജെപി വിട്ട് ടിഎംസിയില്‍ ചേര്‍ന്നതായും അദ്ദേഹം പറഞ്ഞു. ബാക്കിയുള്ളവര്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണ്. അവരും ഉടന്‍തന്നെ ചേരുമെന്നും അദ്ദേഹം പറഞ്ഞു. 2026ല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഇത് കനത്ത തിരിച്ചടിയാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

അതേസമയം, ഭരണപരമായ പിന്തുണ നല്‍കി ഭീഷണിപ്പെടുത്തിയാണ് ടിഎംസി അംഗങ്ങളെ ചേരാന്‍ നിര്‍ബന്ധിക്കുന്നതെന്ന് ബിജെപിയുടെ കൂച്ച് ബിഹാര്‍ ജില്ലാ പ്രസിഡന്റ് സുകുമാര്‍ റോയ് ആരോപിച്ചു. കൂച്ച് ബിഹാര്‍ ജില്ലയില്‍ ആകെ 128 ഗ്രാമപഞ്ചായത്തുകളാണുള്ളത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് 104 ഗ്രാമപ്പഞ്ചായത്തുകളും ബിജെപി 24 ഗ്രാമപഞ്ചായത്തുകളിലുമാണ് ഭരണം പിടിച്ചത്. എന്നാല്‍, ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പഞ്ചായത്ത് അംഗങ്ങള്‍ കൂട്ടത്തോടെ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് ചേക്കേറുകയാണെന്ന് മില്ലേനിയം പോസ്റ്റ് റിപോര്‍ട്ട് ചെയ്തു.

Next Story

RELATED STORIES

Share it