Sub Lead

തെലങ്കാന ഏറ്റുമുട്ടല്‍ കൊല: മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നത് ഹൈക്കോടതി തടഞ്ഞു

അതിനിടെ, പ്രതികളെ വെടിവച്ചു കൊലപ്പെടുത്തിയതിനെ സൈബരാബാദ് പോലിസ് മേധാവിയും ഏറ്റുമുട്ടല്‍ വിദഗ്ധനുമായ വി സി സജ്ജനാര്‍ ന്യായീകരിച്ച് വീണ്ടും രംഗത്തെത്തി. നിയമം അതിന്റെ കടമ നിര്‍വഹിച്ചെന്നായിരുന്നു അദ്ദേഹത്തിന്റെ ന്യായീകരണം.

തെലങ്കാന ഏറ്റുമുട്ടല്‍ കൊല: മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നത് ഹൈക്കോടതി തടഞ്ഞു
X

ഹൈദരാബാദ്: വെറ്ററിനറി ഡോക്ടറെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തി മൃതദേഹം കത്തിച്ച കേസിലെ നാലു പ്രതികളെ തെലങ്കാനയില്‍ പോലിസ് വെടിവെച്ചു കൊന്ന സംഭവത്തില്‍ പ്രതികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നത് തെലങ്കാന ഹൈക്കോടതി തടഞ്ഞു. മൃതദേഹങ്ങള്‍ ഡിസംബര്‍ 9, രാത്രി എട്ടു വരെ സംസ്‌കരിക്കരുതെന്നു സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. പോസ്റ്റുമോര്‍ട്ടം വീഡിയോയില്‍ പകര്‍ത്തണമെന്നും ശനിയാഴ്ച വൈകീട്ട് റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ 10.നു കേസില്‍ കോടതി വാദംകേള്‍ക്കും.

ഇക്കഴിഞ്ഞ നവംബര്‍ 28നാണ് 27 വയസ്സുകാരിയായ വെറ്ററിനറി ഡോക്ടറുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ ഷാഡ്‌നഗര്‍ ദേശീയപാതയില്‍ പാലത്തിനടുത്ത് കണ്ടെത്തിയത്. സംഭവത്തില്‍ പിന്നീട് അറസ്റ്റിലായ ജൊല്ലു ശിവ, ജൊല്ലു നവീന്‍, ചിന്താകുന്ത ചന്നകേശവുലു, മുഹമ്മദ് ആരിഫ് എന്നിവരാണ് വെള്ളിയാഴ്ച രാവിലെ കൊല്ലപ്പെട്ടത്. വനിതാ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് വച്ചുതന്നെയാണ് പ്രതികളെ പോലിസ് വെടിവച്ചു കൊലപ്പെടുത്തിയത്. തെളിവെടുക്കുന്നതിനെത്തിച്ചപ്പോള്‍ പ്രതികള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെന്നും പോലിസിന്റെ തോക്ക് തട്ടിപ്പറിക്കാന്‍ ശ്രമിച്ചതിനാണ് ഇവരെ വെടിവച്ചതെന്നുമാണ് പോലിസ് വാദം. അതിനിടെ, പ്രതികളെ വെടിവച്ചു കൊലപ്പെടുത്തിയതിനെ സൈബരാബാദ് പോലിസ് മേധാവിയും ഏറ്റുമുട്ടല്‍ വിദഗ്ധനുമായ വി സി സജ്ജനാര്‍ ന്യായീകരിച്ച് വീണ്ടും രംഗത്തെത്തി. നിയമം അതിന്റെ കടമ നിര്‍വഹിച്ചെന്നായിരുന്നു അദ്ദേഹത്തിന്റെ ന്യായീകരണം.

'പ്രതികള്‍ ഞങ്ങളെ കല്ലും മൂര്‍ച്ചയുള്ള വസ്തുക്കളും ഉപയോഗിച്ച് ആക്രമിക്കുകയും ആയുധങ്ങള്‍ തട്ടിയെടുക്കുകയും ചെയ്തതിന് ശേഷമാണ് ഞങ്ങള്‍ വെടിയുതിര്‍ക്കേണ്ടി വന്നത്. പോലിസ് സംയമനം പാലിക്കുകയും പ്രതികളോട് കീഴടങ്ങാന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുകയും ചെയ്തിരുന്നു. 10 അംഗ ടീമിലെ രണ്ട് പോലിസുകാര്‍ക്ക് തലയ്ക്ക് പരിക്കേറ്റിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതികളുടെ മൃതദേഹങ്ങള്‍ ഷാഡ്‌നഗര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.




Next Story

RELATED STORIES

Share it