Sub Lead

കശ്‌മീരിൽ പ്രസ്‌ കൗൺസിലിൻറെ വസ്‌തുതാന്വേഷണം സംഘം സന്ദർശിക്കുന്നതിന്‌ അപ്രഖ്യാപിത വിലക്ക്‌

വിനോദ സഞ്ചാരികൾക്കുള്ള നിയന്ത്രണം നീക്കി, യൂറോപ്യൻ യൂനിയനിലെ പാർലമെന്റംഗങ്ങളെ സർക്കാർ തന്നെ കൊണ്ടുവന്നു. എന്നിട്ടും പ്രസ്‌ കൗൺസിൽ അംഗങ്ങൾക്ക്‌ പോകാൻ കഴിഞ്ഞിട്ടില്ല

കശ്‌മീരിൽ പ്രസ്‌ കൗൺസിലിൻറെ വസ്‌തുതാന്വേഷണം സംഘം സന്ദർശിക്കുന്നതിന്‌ അപ്രഖ്യാപിത വിലക്ക്‌
X

ന്യൂഡൽഹി: പൗരാവകാശങ്ങൾക്ക്‌ കർശന നിയന്ത്രണമേർപ്പടുത്തിയ കശ്‌മീരിൽ പ്രസ്‌ കൗൺസിലിന്റെ വസ്‌തുതാന്വേഷണം സംഘം സന്ദർശിക്കുന്നതിന്‌ അപ്രഖ്യാപിത വിലക്ക്‌. പ്രസ്‌ കൗൺസിൽ ചെയർമാൻ തന്നെയാണ്‌ സന്ദർശനത്തിന്‌ തടയിട്ടത്. വസ്‌തുതാന്വേഷണസംഘത്തിന്റെ യാത്ര തടയുന്ന ചെയർമാൻ ജസ്‌റ്റിസ്‌ സി കെ പ്രസാദിനെതിരെ കൗൺസിലിൽ എതിർപ്പുയർന്നു.

കശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെ തുടർന്ന്‌ മാധ്യമ പ്രവർത്തകർക്കുൾപ്പെടെ ഫോൺ – ഇന്റർനെറ്റ്‌ സംവിധാനങ്ങൾ നിഷേധിച്ചത്‌ സംബന്ധിച്ച്‌ അന്വേഷിക്കാൻ വസ്‌തുതാന്വേഷണസംഘത്തെ നിയോഗിക്കാൻ ആഗസ്‌ത്‌ 22ന്‌ കൗൺസിൽ തീരുമാനിച്ചിരുന്നു. ഇതനുസരിച്ച്‌ നാലംഗസമിതി രൂപീകരിച്ചു. പി കെ ഡാഷ്‌ ആയിരുന്നു സമിതി കൺവീനർ.

സമിതി രൂപീകരിച്ചിട്ട്‌ രണ്ടുമാസം കഴിഞ്ഞിട്ടും സംഘത്തിന്‌ താഴ്‌വര സന്ദർശിക്കാനായിട്ടില്ല. വിനോദ സഞ്ചാരികൾക്കുള്ള നിയന്ത്രണം നീക്കി, യൂറോപ്യൻ യൂനിയനിലെ പാർലമെന്റംഗങ്ങളെ സർക്കാർ തന്നെ കൊണ്ടുവന്നു. എന്നിട്ടും പ്രസ്‌ കൗൺസിൽ അംഗങ്ങൾക്ക്‌ പോകാൻ കഴിഞ്ഞിട്ടില്ലെന്ന് മുതിർന്ന മാധ്യമ പ്രവർത്തകൻ ജയ്‌ശങ്കർ ഗുപ്‌ത പറഞ്ഞു. പ്രസ്‌ കൗൺസിൽ അംഗങ്ങൾക്ക്‌ കലാപ ബാധിത പ്രദേശങ്ങളിൽ പോലും വാഹനം, താമസം, സുരക്ഷ ഉൾപ്പെടെ മുഴുവൻ സംവിധാനങ്ങളും സർക്കാർ ഒരുക്കി നൽകാറുണ്ട്‌.

നേരത്തെ ആശയവിനിമയസംവിധാനം തടഞ്ഞതിനെതിരേ കശ്‌മീർ ടൈംസിന്റെ എക്‌സിക്യൂട്ടീവ്‌ എഡിറ്റർ അനുരാധ ഭാസിൻ സുപ്രിംകോടതിയിൽ സമർപ്പിച്ച ഹരജിയിലും സർക്കാർ നടപടിയെ ന്യായീകരിക്കുന്ന നിലപാടായിരുന്നു പ്രസ്‌ കൗൺസിൽ ചെയർമാൻ കൈക്കൊണ്ടത്‌.

Next Story

RELATED STORIES

Share it