Sub Lead

സ്വകാര്യബസ് സമരം തുടങ്ങി; അധിക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

കെഎസ്ആര്‍ടിസി ബസ്സുകള്‍ കുറവുള്ള മലബാര്‍ ജില്ലകളില്‍ പണി മുടക്ക് ജനജീവിതത്തെ ബാധിച്ചേക്കും.

സ്വകാര്യബസ് സമരം തുടങ്ങി; അധിക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി
X

തിരുവനന്തപുരം: നിരക്ക് വര്‍ധന ആവശ്യപ്പെട്ടുള്ള സ്വകാര്യ ബസ്സുകളുടെ അനിശ്ചിതകാല പണിമുടക്ക് സംസ്ഥാനത്ത് തുടങ്ങി. പണിമുടക്കിനെ നേരിടാന്‍ കൂടുതല്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍ സര്‍വീസ് നടത്താനാണ് സര്‍ക്കാര്‍ തീരുമാനം. കെഎസ്ആര്‍ടിസി ബസ്സുകള്‍ കുറവുള്ള മലബാര്‍ ജില്ലകളില്‍ പണി മുടക്ക് ജനജീവിതത്തെ ബാധിച്ചേക്കും.

ഒന്നു മുതല്‍ 9 വരെ ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ തുടങ്ങിയതിനാല്‍ സമരം വിദ്യാര്‍ഥികളെയും ബാധിക്കും. ഈ മാസം 30ന് എല്‍ഡിഎഫ് യോഗത്തിന് ശേഷം മാത്രമേ നിരക്ക് വര്‍ധനയില്‍ തീരുമാനമുണ്ടാകൂ എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്

മിനിമം ചാര്‍ജ് 12രൂപയാക്കണം, കിലോമീറ്റര്‍ നിരക്ക് ഒരുരൂപ പത്ത് പൈസ ഉയര്‍ത്തണം, വിദ്യാര്‍ഥികളുടെ നിരക്ക് ആറ് രൂപയാക്കണം തുടങ്ങിയവയാണ് ബസ്സുടമകളുടെ പ്രധാന ആവശ്യങ്ങള്‍.

കൊവിഡ് കാലത്തെ വാഹന നികുതി ഒഴിവാക്കണമെന്ന വിദഗ്ധ സമിതി ശുപാര്‍ശയുണ്ടായിട്ടും നടപ്പാകാത്തതിലും സ്വകാര്യ ബസ്സുടമകള്‍ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. നവംബര്‍ മാസം തന്നെ മിനിമം ചാര്‍ജ് 10 രൂപായാക്കാന്‍ ഗതാഗത വകുപ്പ് ആലോചിച്ചെങ്കിലും പ്രഖ്യാപനം ഉണ്ടായില്ല. രാമചന്ദ്രന്‍ നായര്‍ ശുപാര്‍ശ പരിഗണിച്ചുള്ള മാറ്റം ഉണ്ടാകുമെന്ന സൂചന നല്‍കുമ്പോഴും എപ്പോള്‍ മുതല്‍ എന്നതില്‍ തീരുമാനം വൈകുകയാണ്.

വിലക്കയറ്റത്തിനിടയില്‍ ബസ് ചാര്‍ജ് വര്‍ധന സാധാരണക്കാര്‍ക്ക് ഇരട്ട പ്രഹരമാകുമെന്ന വിലയിരുത്തലാണ് സര്‍ക്കാരിനെ കുഴപ്പിച്ചത്. എന്നാല്‍ കണ്‍സെഷന്‍ നിരക്ക് വര്‍ധിപ്പിക്കുമെന്ന സൂചന നല്‍കി വീണ്ടും ചര്‍ച്ചകള്‍ സജീവമാക്കിയതും ഗതാഗത മന്ത്രിയാണ്. ചാര്‍ജ് വര്‍ധനയില്‍ എല്‍ഡിഎഫിന്റെ അനുമതിയും വൈകുകയാണ്. വരും ദിവസങ്ങളില്‍ ഓട്ടോ ടാക്‌സി പണി മുടക്കും തുടങ്ങിയേക്കും

സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കുന്ന സമരവുമായി മുന്നോട്ട് പോകരുതെന്ന് ഗതാഗതമന്ത്രി ആന്റണി രാജു ആവശ്യപ്പെട്ടിരുന്നു.ബസ്, ഓട്ടോ ടാക്‌സി പണിമുടക്കുമായി മുന്നോട്ട് പോയാല്‍ കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസ് നടത്തും.

ചാര്‍ജ് വര്‍ധന സര്‍ക്കാര്‍ അംഗീകരിച്ചതാണ്. അത് എപ്പോള്‍ എങ്ങനെ വേണം എന്നതില്‍ ചര്‍ച്ച നടക്കുകയാണ്. ഈ സമയത്ത് സമരം കൊണ്ട് സര്‍ക്കാരിനെ സമ്മര്‍ദപ്പെടുത്താമെന്ന് കരുതേണ്ടെന്നും ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.

Next Story

RELATED STORIES

Share it