Sub Lead

ഗസ വംശഹത്യയെ പ്രചരണങ്ങള്‍ കൊണ്ട് മറച്ചുപിടിക്കുന്നു: യുഎസ് സംവിധായകന്‍ മൈക്കിള്‍ മൂര്‍

ഫലസ്തീനി സിനിമയായ 'ഗ്രൗണ്ട് സീറോ' എല്ലാവരും കാണണം

ഗസ വംശഹത്യയെ പ്രചരണങ്ങള്‍ കൊണ്ട് മറച്ചുപിടിക്കുന്നു: യുഎസ് സംവിധായകന്‍ മൈക്കിള്‍ മൂര്‍
X

ന്യൂയോര്‍ക്ക്: ഗസയില്‍ ഇസ്രായേല്‍ നടത്തുന്ന വംശഹത്യ ലോകജനത അറിയാതിരിക്കാന്‍ വലിയ മാര്‍ക്കറ്റിങ് ശ്രമങ്ങള്‍ നടക്കുന്നതായി യുഎസിലെ സിനിമാ സംവിധായകനും നിര്‍മാതാവുമായ മൈക്കിള്‍ മൂര്‍. ഫലസ്തീനിയന്‍ സിനിമാനിര്‍മാതാക്കളായ അവ്‌സ് അല്‍ ബന്ന, അഹമദ് അല്‍ ദന്‍ഫ്, ബേസില്‍ അല്‍ മഖ്വൂസി, മുസ്തഫ അല്‍ നബീഹ് എന്നിവര്‍ നിര്‍മിച്ച ''ഗ്രൗണ്ട് സീറോ'' എന്ന സിനിമയുടെ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചാണ് മൈക്കിള്‍ മൂര്‍ ഇക്കാര്യം പറഞ്ഞത്.

ഒരു ചലച്ചിത്രകാരനും എഴുത്തുകാരനും കലാകാരനും സ്വന്തം ഉന്മൂലനത്തിന്റെ കഥ പറയേണ്ടി വന്നിട്ടില്ലെന്നും മൈക്കിള്‍ മൂര്‍ പറഞ്ഞു. ഗസയില്‍ ഇസ്രായേല്‍ നടത്തുന്ന അതിക്രമങ്ങള്‍ക്കുള്ള ചെലവ് അമേരിക്കന്‍ ജനതയാണ് വഹിക്കുന്നത്. ഓരോ ദിവസവും നമ്മുടെ പേരില്‍ ഗസയില്‍ വംശഹത്യ നടക്കുകയാണ്.

'' അധിനിവിഷ്ട ഫലസ്തീനിയന്‍ പ്രദേശങ്ങളിലെ അമ്പത് ലക്ഷം ജനങ്ങളെ പൈശാചികവല്‍ക്കരിക്കാന്‍ ലക്ഷ്യമിട്ടുള്ള ശക്തമായ പ്രചരണം നടക്കുകയാണ്. ഗസയിലെ മിക്കവാറും എല്ലാ ആശുപത്രികളും ബോംബിട്ട് തകര്‍ത്തു. പ്രദേശത്തെ വീടുകളില്‍ പകുതിയും തകര്‍ത്തു. ജനങ്ങളെ പട്ടിണിക്കിടുകയാണ് ഇസ്രായേല്‍ ചെയ്യുന്നത്.''-മൈക്കിള്‍ മൂര്‍ വിശദീകരിച്ചു.

2001 സെപ്റ്റംബര്‍ പതിനൊന്നിന് യുഎസിലെ വേള്‍ഡ് ട്രേഡ് സെന്ററിന് നേരെയുണ്ടായ ആക്രമണത്തെ ബുഷ് ഭരണകൂടം സ്വന്തം നേട്ടത്തിന് ഉപയോഗിച്ചത് എങ്ങനെയെന്നു വ്യക്തമാക്കുന്ന മൈക്കിള്‍ മൂറിന്റെ 'ഫാരന്‍ഹീറ്റ് 9/11' എന്ന സിനിമ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

യുഎസിലെ തോക്ക് അക്രമത്തെ കുറിച്ചുള്ള 'ബൗളിങ് ഫോര്‍ കൊളംബൈന്‍', മുതലാളിത്തം അമേരിക്കന്‍ ജനതയെ ബാധിക്കുന്നതിനെ കുറിച്ചുള്ള 'കാപിറ്റലിസം എ ലവ് സ്റ്റോറി', അമേരിക്കന്‍ ആരോഗ്യ കമ്പനികള്‍ മറ്റു രാജ്യങ്ങളോട് ചെയ്യുന്ന ക്രൂരതകളെ കുറിച്ചുള്ള 'സിക്കോ', അമേരിക്കയുടെ അധിനിവേശ സ്വഭാവത്തെ കുറിച്ചുള്ള 'വേര്‍ ടു ഇന്‍വേഡ് നെക്‌സ്റ്റ്' എന്നിവയാണ് മറ്റു പ്രധാന സിനിമകള്‍. ഇവയെല്ലാം യൂട്യൂബില്‍ സൗജന്യമായി കാണാം.

ലോകജനതയ്ക്കു മുന്നില്‍ സ്വന്തം പ്രതിഛായ വര്‍ധിപ്പിക്കാനുള്ള പ്രചരണങ്ങള്‍ നടത്താന്‍ 1,286 കോടി രൂപയാണ് ബജറ്റില്‍ ഇസ്രായേല്‍ വകയിരുത്തിയിരിക്കുന്നത്. ഗസയില്‍ യുദ്ധം നടക്കുകയാണെന്ന് വരുത്തിതീര്‍ക്കാനാണ് ഈ തുക പ്രധാനമായും ഉപയോഗിക്കുക. ഫലസ്തീന്‍ പ്രതിരോധ പ്രസ്ഥാനങ്ങള്‍ സെമിറ്റിക് വിരുദ്ധരാണെന്നും നാസികളാണെന്നും വരുത്തിതീര്‍ക്കാനും ഈ തുകയുടെ ഒരുഭാഗം ഉപയോഗിക്കും. യൂറോപ്യന്‍ രാജ്യങ്ങളിലെ ഇസ്‌ലാമോഫോബിയയെ ശക്തിപ്പെടുത്താനും ഇസ്രായേല്‍ തീരുമാനിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it