Sub Lead

ഉവൈസിക്കെതിരേ കേസെടുത്ത് ഡല്‍ഹി പോലിസ്

പ്രകോപനപരമായ പരാമര്‍ശങ്ങളുടെ പേരില്‍ സമൂഹ മാധ്യമങ്ങള്‍ വിശകലനം ചെയ്ത് ഡല്‍ഹി പോലിസ് രണ്ട് എഫ്‌ഐആറുകളാണ് ഫയല്‍ ചെയ്തിരിക്കുന്നത്.

ഉവൈസിക്കെതിരേ കേസെടുത്ത് ഡല്‍ഹി പോലിസ്
X

ന്യൂഡല്‍ഹി: പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ച് ആള്‍ ഇന്ത്യാ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എഐഎംഐഎം) നേതാവ് അസദുദ്ദീന്‍ ഉവൈസിക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ഡല്‍ഹി പോലിസ്. എഫ്‌ഐആറില്‍ ഹിന്ദുത്വ നേതാവ് യതി നരസിംഹാനന്ദിന്റെ പേരും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പ്രകോപനപരമായ പരാമര്‍ശങ്ങളുടെ പേരില്‍ സമൂഹ മാധ്യമങ്ങള്‍ വിശകലനം ചെയ്ത് ഡല്‍ഹി പോലിസ് രണ്ട് എഫ്‌ഐആറുകളാണ് ഫയല്‍ ചെയ്തിരിക്കുന്നത്. പുറത്താക്കപ്പെട്ട ഡല്‍ഹി ബിജെപി മീഡിയ യൂനിറ്റ് മേധാവി നവീന്‍ കുമാര്‍ ജിന്‍ഡാല്‍, സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ബിജെപി വക്താവ് നൂപുര്‍ ശര്‍മ എന്നിവര്‍ക്കെതിരേയും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്‌പെഷ്യല്‍ സെല്ലിന്റെ ഇന്റലിജന്‍സ് ഫ്യൂഷന്‍ ആന്‍ഡ് സ്ട്രാറ്റജിക് ഓപ്പറേഷന്‍ (ഐഎഫ്എസ്ഒ) യൂണിറ്റാണ് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തത്.

പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളില്‍ നിരവധി രാജ്യങ്ങള്‍ പ്രതിഷേധമുയര്‍ത്തിയതോടെ നുപുര്‍ ശര്‍മ്മയ്ക്കും കുമാറിനുമെതിരെ ബിജെപി നടപടി സ്വീകരിക്കാന്‍ നിര്‍ബന്ധിതരായിരുന്നു.

ഹിന്ദു മഹാസഭ ഭാരവാഹി പൂജ ശകുന്‍ പാണ്ഡെയ്ക്കുമെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

തിങ്കളാഴ്ച ഒരു പ്രത്യേക സമുദായത്തിനെതിരെ നടത്തിയ വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ ഉത്തര്‍പ്രദേശിലെ അലിഗഢില്‍ നേരത്തെ എഫ്‌ഐആര്‍ ഫയല്‍ ചെയ്തിരുന്നു.

കൂടാതെ, രാജസ്ഥാനില്‍ നിന്നുള്ള മൗലാന മുഫ്തി നദീം, അബ്ദുര്‍ റഹ്മാന്‍, അനില്‍ കുമാര്‍ മീണ, ഗുല്‍സാര്‍ അന്‍സാരി, പീസ് പാര്‍ട്ടിയുടെ മുഖ്യ വക്താവ് ഷദാബ് ചൗഹാന്‍, മാധ്യമപ്രവര്‍ത്തക സബ നഖ്‌വി എന്നിവരും എഫ്‌ഐആറില്‍ ഇടംപിടിച്ചിട്ടുണ്ട്.

ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 153 (വിവിധ ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍), 295 (ഏതെങ്കിലും വര്‍ഗത്തിന്റെ മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ള ബോധപൂര്‍വമായ പ്രവൃത്തികള്‍), 505 (രാജ്യത്തിനെതിരെ കുറ്റകൃത്യം ചെയ്യാന്‍ പ്രേരിപ്പിക്കുക) എന്നീ വകുപ്പുകള്‍ പ്രകാരമാണ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് വ്യാഴാഴ്ച പോലിസ് പറഞ്ഞു.

Next Story

RELATED STORIES

Share it