Big stories

ലഹരി മാഫിയാ തലവന്‍ എല്‍ ചാപ്പോയുടെ മകന്റെ അറസ്റ്റിനെതിരേ പ്രതിഷേധം; മെക്‌സിക്കോയില്‍ ഏറ്റുമുട്ടലുകളില്‍ 29 പേര്‍ കൊല്ലപ്പെട്ടു

ലഹരി മാഫിയാ തലവന്‍ എല്‍ ചാപ്പോയുടെ മകന്റെ അറസ്റ്റിനെതിരേ പ്രതിഷേധം; മെക്‌സിക്കോയില്‍ ഏറ്റുമുട്ടലുകളില്‍ 29 പേര്‍ കൊല്ലപ്പെട്ടു
X

മെക്‌സിക്കോ സിറ്റി: കുപ്രസിദ്ധ മയക്കുമരുന്ന് മാഫിയാ തലവനും കൊലപാതകം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ വാകീന്‍ ഗുസ്മാന്‍ എന്ന എല്‍ ചോപ്പോയുടെ മകന്‍ ഒവിഡിയോ ഗുസ്മാന്‍ ലോപ്പസിനെ (32) അറസ്റ്റ് ചെയ്തതിനെത്തുടര്‍ന്നുണ്ടായ ആക്രമണങ്ങളില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അടക്കം 29 പേര്‍ കൊല്ലപ്പെട്ടു. പത്ത് സുരക്ഷാ ഉദ്യോഗസ്ഥരും ലോപ്പസിന്റെ അനുയായികളായ 19 പേരുമാണ് കൊല്ലപ്പെട്ടതെന്ന് മെക്‌സിക്കന്‍ അധികൃതര്‍ അറിയിച്ചു. അമേരിക്കയില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന എല്‍ ചോപ്പോ എന്ന് വിളിക്കപ്പെടുന്ന ജൊവാക്കിം ഗുസ്മാന്റെ മകനാണ് ഒവിഡിയോ.

എല്‍ ചോപ്പോയുടെ മെക്‌സിക്കോയിലെ കുപ്രസിദ്ധ ലഹരിമരുന്ന് മാഫിയ സംഘമായ 'സിനലോവ കാര്‍ട്ടല്‍' മാഫിയാ സംഘത്തിന്റെ ഒരുവിഭാഗത്തിനു നേതൃത്വം നല്‍കുന്നത് ഇയാളാണ്. ലോകത്തിലെ ഏറ്റവും വലിയ ലഹരിക്കടത്ത് സംഘങ്ങളിലൊന്നാണിത്. പിതാവിന്റെ പാതയില്‍ ലഹരി സംഘത്തെ നയിച്ചിരുന്ന ഇയാളെ അറസ്റ്റ് ചെയ്യാന്‍ സിനലോവ സംസ്ഥാനത്ത് നടത്തിയ ഓപറേഷനിലാണ് 19 മയക്കുമരുന്ന് സംഘാംഗങ്ങളും 10 സൈനികരും കൊല്ലപ്പെട്ടത്. ക്രിമിനല്‍ സംഘത്തിലെ 21 പേരെ അറസ്റ്റ് ചെയ്തു.

അറസ്റ്റില്‍ കുപിതരായ മാഫിയാസംഘം സിനിലോ സംസ്ഥാനത്ത് പല സ്ഥലങ്ങളിലും സുരക്ഷാ ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടുകയായിരുന്നു. ഇയാളുടെ അനുകൂലികള്‍ സിനലോവയിലെ കുലിയാകാന്‍ നഗരത്തില്‍ വ്യാപക അക്രമങ്ങള്‍ നടത്തി. നിരവധി വാഹനങ്ങള്‍ അഗ്‌നിക്കിരയാക്കി. വിമാനത്താവളങ്ങളില്‍ നടന്ന ആക്രമണങ്ങളില്‍ വ്യോമസേനാ, യാത്രാവിമാനങ്ങള്‍ക്കു വെടിയേറ്റു. യാത്രാ വിമാനം പറന്നുയരാന്‍ തുടങ്ങിയപ്പോഴാണ് വെടിവയ്പുണ്ടായത്. യാത്രക്കാര്‍ വെടിയേല്‍ക്കാതിരിക്കാന്‍ സീറ്റില്‍നിന്നു നിലത്ത് കുത്തിയിരിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നു. സിനലോവയിലെ മൂന്നു വിമാനത്താവളങ്ങളിലെ നൂറിലധികം സര്‍വീസുകള്‍ റദ്ദാക്കപ്പെട്ടു.

അമേരിക്കയുടെ സഹായത്തോടെ ആറുമാസം രഹസ്യനിരീക്ഷണം നടത്തിയ ശേഷമാണ് വ്യാഴാഴ്ച സിനലോവ സംസ്ഥാനത്തെ ചുലിയാചാന്‍ നഗരത്തില്‍നിന്ന് ഒവിഡിയോയെ അറസ്റ്റ് ചെയ്തത്. ഇയാളെയോ സഹോദരങ്ങളെയോ പറ്റി വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് യുഎസ് 5 മില്യന്‍ ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇയാളെ ഉടന്‍തന്നെ തലസ്ഥാനമായ മെക്‌സിക്കോ സിറ്റിയിലെ ഒവിഡിയോയെ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റി. മെത്താംഫിറ്റമൈന്‍ എന്ന മാരക ലഹരിവസ്തു ഉല്‍പ്പാദിപ്പിക്കുന്ന 11 ലാബുകള്‍ ഒവിഡിയോയും സഹോദരന്‍ ജൊവാക്വിമും ചേര്‍ന്നു സിനലോവയില്‍ നടത്തുന്നതായി അമേരിക്കന്‍ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പറയുന്നു. മാസം 2,200 കിലോ വരെ ലഹരിമരുന്ന് ഇവിടെ ഉല്‍പ്പാദിപ്പിക്കപ്പെടുന്നുണ്ട്. എല്‍ ചാപ്പോ നിലവില്‍ അമേരിക്കയിലെ കൊളറാഡോയിലെ ഫെഡറല്‍ ജയിലില്‍ ജീവപര്യന്തം തടവിലാണ്.

Next Story

RELATED STORIES

Share it