Sub Lead

പോലിസിനെതിരേ ഫേസ്ബുക്കില്‍ പ്രതിഷേധം; കലാപാഹ്വാനത്തിന് യുവാവ് അറസ്റ്റില്‍

പോലിസ് നടപടിയെ വിമര്‍ശിച്ച ബാപ്പുട്ടി അക്രമത്തിന് പ്രോല്‍സാഹനം നല്‍കുന്ന യാതൊരുവിധ പരാമര്‍ശങ്ങളും നടത്തിയിരുന്നില്ല. പോലിസിന്റെ നടപടിയില്‍ പ്രതിഷേധിക്കുക എന്നായിരുന്നു പോസ്റ്റിലുണ്ടായിരുന്നത്.

പോലിസിനെതിരേ ഫേസ്ബുക്കില്‍ പ്രതിഷേധം;  കലാപാഹ്വാനത്തിന് യുവാവ് അറസ്റ്റില്‍
X

കാളികാവ്: കൊവിഡ് നിയന്ത്രണത്തിന്റെ പേരില്‍ പോലിസ് കാണിച്ച അമിതാധികാര പ്രയോഗത്തിനെതിരേ ഫേസ്ബുക്കിലൂടെ പ്രതിഷേധിച്ചയാളെ കലാപത്തിന് ആഹ്വാനം ചെയ്‌തെന്ന കേസ് ചുമത്തി അറസ്റ്റ് ചെയ്തു. പൂക്കോട്ടുംപാടം എസ് ഐയ്‌ക്കെതിരേ പ്രതിഷേധിച്ച പൂക്കോട്ടുംപാടം പാറക്കപ്പാടം സ്വദേശി മുണ്ടശ്ശേരി മുഹമ്മദ് അലി എന്ന ബാപ്പുട്ടിയെയാണ് അറസ്റ്റ് ചെയ്തത്.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അമരമ്പലം, കരുളായി പഞ്ചായത്തുകളില്‍ ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ നിലവിലുള്ളതിനാല്‍ ആരാധനാലയങ്ങളില്‍ പൊതുജനങ്ങള്‍ ഒത്തുചേരുന്നത് പോലിസ് വിലക്കിയിരുന്നു. എന്നാല്‍ അമരമ്പലം കരുളായി പഞ്ചായത്തുകളില്‍ മാത്രം പള്ളി അടച്ചിടാന്‍ പോലിസ് നിര്‍ദേശിച്ചതിനെതിരേ നാട്ടുകാര്‍ പരാതിയുമായി രംഗത്തെത്തിയിരുന്നു. റമദാനിലെ അവസാനത്തെ വെള്ളിയാഴ്ചത്തെ ജുമുഅ നഷ്ടപ്പെടാന്‍ കാരണം പോലിസ് നടപടിയാണെന്നായിരുന്നു വിമര്‍ശനം. പോലിസ് നടപടിയെ വിമര്‍ശിച്ച ബാപ്പുട്ടി അക്രമത്തിന് പ്രോല്‍സാഹനം നല്‍കുന്ന യാതൊരുവിധ പരാമര്‍ശങ്ങളും നടത്തിയിരുന്നില്ല. പോലിസിന്റെ നടപടിയില്‍ പ്രതിഷേധിക്കുക എന്നായിരുന്നു പോസ്റ്റിലുണ്ടായിരുന്നത്.

എന്നാല്‍, യുവാവിന്റെ പോസ്റ്റിനു കമ്മന്റായി പോലിസിനെ രാഷ്ട്രീയവല്‍ക്കരിച്ചും വര്‍ഗീയവല്‍ക്കരിച്ചും നിരവധി കമന്റുകള്‍ വന്നതിനാലാണ് സമൂഹത്തിലെ പൊതു സമാധാനാന്തരീക്ഷംതകര്‍ക്കുന്ന തരത്തില്‍ കലാപാഹ്വാനം നടത്തിയതിന് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് പൂക്കോട്ടുംപാടം പോലിസ് ഇന്‍സ്‌പെക്ടര്‍ കെ പി ഷൈജു തേജസ് ന്യൂസിനോട് പറഞ്ഞു. അതേസമയം പോലിസ് നടപടിക്കെതിരേ ജനാധിപത്യ രീതിയിലുള്ള പ്രതിഷേധം മാത്രമാണ് നടത്തിയതെന്നും മറ്റൊരു ലക്ഷ്യവും അതിനില്ലെന്നും യുവാവ് പറഞ്ഞു. അറസ്റ്റ് ചെയ്ത യുവാവിനെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. വിഷയത്തില്‍ വിവിധ രാഷ്ടീയ-മത സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

protest against police in Facebook; Young man arrested


Next Story

RELATED STORIES

Share it