Sub Lead

ലോക്‌സഭയിലെ പ്രതിഷേധം; രമ്യ ഹരിദാസിനും ടി എന്‍ പ്രതാപനും അടക്കം നാല് കോണ്‍ഗ്രസ് എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍

ലോക്‌സഭയിലെ പ്രതിഷേധം; രമ്യ ഹരിദാസിനും ടി എന്‍ പ്രതാപനും അടക്കം നാല് കോണ്‍ഗ്രസ് എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍
X

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ പ്രതിഷേധിച്ചതിന് നാല് കോണ്‍ഗ്രസ് എംപിമാരെ സ്പീക്കര്‍ സസ്‌പെന്റ് ചെയ്തു. മാണിക്കം ടാഗോര്‍, ടി എന്‍ പ്രതാപന്‍, രമ്യ ഹരിദാസ്, ജ്യോതി മണി എന്നീ നാല് പേരെയാണ് സസ്‌പെന്റ് ചെയ്തത്. ഈ വര്‍ഷകാല സമ്മേളനം അവസാനിക്കുന്നത് വരെയാണ് സസ്‌പെന്‍ഷന്‍. വിലക്കയറ്റം, ജിഎസ്ടി നിരക്ക് വര്‍ധന തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ലോക്‌സഭയില്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിച്ചതിനാണ് സസ്‌പെന്റ് ചെയ്തത്.

പാര്‍ലമെന്റില്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിക്കുന്നത് നേരത്തെ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഈ വിലക്ക് മറികടന്നതിനാണ് എംപിമാര്‍ക്കെതിരേ നടപടി സ്വീകരിച്ചത്. ജിഎസ്ടി വര്‍ധനവും വിലക്കയറ്റവും ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ലോക്‌സഭയില്‍ പ്രതിപക്ഷം ഇന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. ഇത് സ്പീക്കര്‍ തള്ളിയതോടെയാണ് പ്രതിപക്ഷ എംപിമാര്‍ പ്ലക്കാര്‍ഡുമായി സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചത്.

പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ലോക്‌സഭ ഇന്നത്തേക്ക് പിരിഞ്ഞു. പാര്‍ലമെന്റ് സമ്മേളനം ആരംഭിച്ചത് മുതല്‍ വിലക്കയറ്റത്തിനെതിരേ രാജ്യസഭയിലും ലോക്‌സഭയിലും പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. അരിക്കും പാലിനും വരെ ജിഎസ്ടി അധികമായി ഏര്‍പ്പെടുത്തി ജനങ്ങളെ ബുദ്ധിമുട്ടിലാക്കുകയാണെന്ന് ടി എന്‍ പ്രതാപന്‍ ആരോപിച്ചു. രാജ്യത്ത് രൂക്ഷമായ വിലക്കയറ്റമാണ്.

സാധാരണക്കാരുടെ ജീവിതം ദുസ്സഹമാവുകയാണ്. ഇക്കാര്യം ഏറെക്കാലമായി പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍, പാര്‍ലമെന്റില്‍ അക്കാര്യം പറയാന്‍ പാടില്ലെന്നും അതിന് സ്വാതന്ത്ര്യമില്ലെന്നുമാണ് പറയുന്നത്. ജനങ്ങള്‍ ഇതൊക്കെ പറയാനാണ് ഞങ്ങളെ തിരഞ്ഞെടുത്ത് ഇങ്ങോട്ടയച്ചത്. പാര്‍ലമെന്റിന് അകത്തും പുറത്തും ശക്തമായ പ്രതിഷേധം ഇനിയും തുടരുമെന്നും ടിഎന്‍ പ്രതാപന്‍ എംപി വ്യക്തമാക്കി.

Next Story

RELATED STORIES

Share it