Sub Lead

രാജ്യസഭയില്‍ പ്രതിഷേധം;കേരള എംപിമാരടക്കം 19 പേര്‍ക്ക് സസ്‌പെന്‍ഷന്‍

ജിഎസ്ടി സ്ലാബ് മാറ്റം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ എംപിമാര്‍ പ്രധാനമായും പ്രതിഷേധിച്ചത്

രാജ്യസഭയില്‍ പ്രതിഷേധം;കേരള എംപിമാരടക്കം 19 പേര്‍ക്ക് സസ്‌പെന്‍ഷന്‍
X
ന്യൂഡല്‍ഹി:രാജ്യസഭയില്‍ പ്രതിഷേധിച്ച 19 എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍.ചെയറിന്റെ വിലക്ക് മറികടന്ന് നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതിനാലാണ് നടപടി.കേരളത്തില്‍നിന്നുള്ള മൂന്ന് എംപിമാര്‍ ഉള്‍പ്പെടേ 19 അംഗങ്ങളെയാണ് ഈയാഴ്ചത്തെ ശേഷിക്കുന്ന ദിവസങ്ങളില്‍ സസ്‌പെന്‍ഡ് ചെയ്തത്.

കേരളത്തില്‍ നിന്നുള്ള എംപിമാരായ എ എ റഹീം, വി ശിവദാസന്‍, പി സന്തോഷ് കുമാര്‍ എന്നിവരും, കനിമൊഴി സോമു,സുഷ്മിത ദേവ്, മൗസം നൂര്‍,ഡോള സെന്‍, ശാന്തനു സെന്‍, ശാന്ത ഛേത്രി,അഭിരഞ്ജന്‍ ബിസ്വാര്‍, നദീമുര്‍ ഹഖ്,ഹമാമദ് അബ്ദുല്ല, എസ് കല്യാണ സുന്ദരം, ആര്‍ ഗിരന്‍ജന്‍, എന്‍ ആര്‍ ഇളങ്കോ, എം ഷണ്‍മുഖം,ബി ലിംഗയ്യ യാദവ്, രവിഹന്ദ്ര വഡ്ഡിരാജു, ദാമോദര്‍ റാവു എന്നിവരാണ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട അംഗങ്ങള്‍.മുന്നറിയിപ്പ് നല്‍കിയിട്ടും സഭയുടെ നടുത്തളത്തിലേക്ക് ഇറങ്ങി പ്രതിഷേധിച്ചുവെന്നാണ് സസ്‌പെന്‍ഷന്റെ കാരണമായി പറയുന്നത്.

രാജ്യത്തെ വിലക്കയറ്റം, അഗ്‌നിപഥ് എന്നിവ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരളാ എംപിമാര്‍ പാര്‍ലമെന്റില്‍ അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കിയിരുന്നു. ടി എന്‍ പ്രതാപന്‍, ഹൈബി ഈഡന്‍, എ എം ആരിഫ്, എളമരം കരീം, ബിനോയ് വിശ്വം എന്നിവര്‍ വിലക്കയറ്റവും എ എ റഹിം, പി സന്തോഷ് കുമാര്‍ എന്നിവര്‍ അഗ്‌നിപഥ് വിഷയത്തിലുമാണ് നോട്ടിസ് നല്‍കിയത്.

വിലക്കയറ്റം, ജിഎസ്ടി വിഷയങ്ങളില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് 11 മണിയോടെ രാജ്യസഭയുടെ നടുത്തളത്തില്‍ പ്രതിഷേധമുണ്ടായി. ഇതോടെ സഭ നിര്‍ത്തി വെച്ചു. പിന്നീട് 12 മണിയോടെ വീണ്ടും സഭ ചേര്‍ന്നപ്പോഴും എംപിമാര്‍ പ്രതിഷേധം തുടര്‍ന്നു. ഈ സാഹചര്യത്തിലാണ് നടപടിയുണ്ടായതെന്നാണ് വിശദീകരണം. ജിഎസ്ടി സ്ലാബ് മാറ്റം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ എംപിമാര്‍ പ്രധാനമായും പ്രതിഷേധിച്ചത്.

കഴിഞ്ഞ ദിവസം സമാനമായ സാഹചര്യത്തില്‍ ലോക്‌സഭയിലെ നാലു കോണ്‍ഗ്രസ് അംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. കേരളത്തില്‍നിന്നുള്ള ടി എന്‍ പ്രതാപന്‍, രമ്യ ഹരിദാസ് അടക്കമുളളവരെയാണ് വര്‍ഷകാലസമ്മേളനം കഴിയും വരെ പുറത്താക്കിയത്. ഇതിനെതിരായ പ്രതിഷേധം നടക്കുന്നതിനിടയിലാണ് ഇന്നു വീണ്ടും നടപടി.

Next Story

RELATED STORIES

Share it