Sub Lead

സിഖുകാര്‍ക്കെതിരായ വിദ്വേഷ പരാമര്‍ശം: പഞ്ചാബില്‍ ശിവസേന നേതാവ് നടുറോഡില്‍ വെട്ടിക്കൊല്ലാന്‍ ശ്രമം(വീഡിയോ)

സിഖുകാര്‍ക്കെതിരായ വിദ്വേഷ പരാമര്‍ശം: പഞ്ചാബില്‍ ശിവസേന നേതാവ് നടുറോഡില്‍ വെട്ടിക്കൊല്ലാന്‍ ശ്രമം(വീഡിയോ)
X

ലുധിയാന: സിഖുകാര്‍ക്കെതിരേ നിരന്തരം വിദ്വേഷ പരാമര്‍ശം നടത്തിയിരുന്ന ശിവസേനാ നേതാവ് പഞ്ചാബില്‍ നടുറോഡില്‍ വെട്ടിക്കൊല്ലാന്‍ ശ്രമം. സ്വാതന്ത്ര്യ സമരസേനാനി സുഖ്‌ദേവിനെതിരേ ഉള്‍പ്പെടെ മോശം പരാമര്‍ശം നടത്തിയ ശിവസേന നേതാവ് സന്ദീപ് ഥാപ്പറിനെയാണ് തിരക്കേറിയ റോഡില്‍ ആളുകള്‍ നോക്കിനില്‍ക്കെ വാളുകൊണ്ട് വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത്. വെള്ളിയാഴ്ച ലുധിയാനയിലാണ് സംഭവം. തിരക്കേറിയ റോഡില്‍ ഥാപ്പറും ഒരു പോലിസുകാരനും സ്‌കൂട്ടറില്‍ വരുന്നതിനിടെ, സിഖ് പരമ്പരാഗത വേഷമായ നീലവസ്ത്രം ധരിച്ച 'നിഹാംഗുകള്‍' ആണ് ആക്രമിച്ചത്. രണ്ട് സിഖുകാര്‍ സദ്‌നീപ് ഥാപ്പറിനെ തടഞ്ഞ് ചോദ്യം ചെയ്യുന്നതിനിടെ പിന്‍സീറ്റില്‍നിന്ന് പോലിസുകാരന്‍ ഇറങ്ങുന്നതായാണ് വീഡിയോയിലുള്ളത്. ഈ സമയം മറ്റൊരു സിഖുകാരന്‍ കൂടി പിന്നിലെത്തുന്നു. ഇവരുടെ കൈയില്‍ പരമ്പരാഗത ആയുധവുമുണ്ട്. ഥാപ്പര്‍ കൈകൂപ്പി മാപ്പ് പറഞ്ഞെങ്കിലും സംഘം വെറുതെവിട്ടില്ല. ആളുകള്‍ നോക്കിനില്‍ക്കെ രണ്ടുപേരും ക്രൂരമായി ആക്രമിച്ചു. തലയ്ക്കും മറ്റും വെട്ടുകയും ആക്രമിക്കുകയും ചെയ്യുമ്പോള്‍ പോലിസുകാരനെ മൂന്നാമന്‍ റോഡരികിലേക്ക് മാറ്റിനിര്‍ത്തുന്നതും വീഡിയോയിലുണ്ട്. ആക്രമത്തില്‍ മാരകമായി പരിക്കേറ്റ് നിലത്ത് വീണ ശേഷം ഥാപ്പറിന്റെ സ്‌കൂട്ടറുമായാണ് സംഘം പോയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ വന്‍തോതില്‍ പ്രചരിക്കുന്നുണ്ട്. മുഖത്തും തലയ്ക്കും മാരകമായി പരിക്കേറ്റ് ചോര പുരണ്ട ഷര്‍ട്ടുമായി റോഡിലിരുന്ന ഥാപ്പറിനെ അവിടെയെത്തിയ ചിലരാണ് ആശുപത്രിയിലെത്തിച്ചത്.



ഥാപ്പറിന്റെ നില ഗുരുതരമാണെന്നാണ് റിപോര്‍ട്ട്. ഒരു ട്രസ്റ്റിന്റെ പരിപാടിയില്‍ പങ്കെടുത്ത ശേഷം മടങ്ങുന്നതിനിടെയാണ് ശിവസേനാ നേതാവ് സന്ദീപ് ഥാപ്പര്‍ ആക്രമിക്കപ്പെട്ടതെന്നും സിഖുകാര്‍ക്കെതിരായ അദ്ദേഹത്തിന്റെ വിവാദ പ്രസ്താവനകളില്‍ ക്ഷുഭിതരായ് 'നിഹാംഗുകള്‍' ആക്രമണത്തിന് പിന്നിലെന്നും പോലിസ് പറഞ്ഞു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും പ്രതികളെ തിരിച്ചറിഞ്ഞെന്നും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും ലുധിയാന ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ജസ്‌കരന്‍ സിങ് തേജ പറഞ്ഞു. വൈകീട്ടോടെ ചിലരെ അറസ്റ്റ് ചെയ്തതായി റിപോര്‍ട്ടുണ്ടെങ്കിലും പോലിസ് സ്ഥിരീകരിച്ചിട്ടില്ല.

അതേസമയം, പഞ്ചാബില്‍ എഎപി നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ ക്രമസമാധാന നില തകര്‍ന്നെന്ന് ശിരോമണി അകാലിദള്‍ നേതാവ് ഹര്‍സിമ്രത് കൗര്‍ ആരോപിച്ചു. 'ലുധിയാനയില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഒപ്പമുണ്ടായിട്ടും ഒരാളെ വാളുകൊണ്ട് ആക്രമിക്കുന്ന അങ്ങേയറ്റം അസ്വസ്ഥമാക്കുന്നതാണ്. തിരക്കേറിയ പ്രദേശങ്ങളിലെ പട്ടാപ്പകലില്‍ പഞ്ചാബിലെ ക്രമസമാധാന നില ആകെ തകര്‍ന്നെന്നാണ് ഇത് സൂചിപ്പിക്കുന്നു. മുഖ്യമന്ത്രി ഭഗവന്ത് മാന്‍ ഉറക്കത്തില്‍ നിന്ന് ഉണര്‍ന്ന് ഉടന്‍ നടപടികള്‍ കൈക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it