Sub Lead

പുഷ്‌കര്‍ സിങ് ധാമി ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയാവും; നാലുമാസത്തിനിടെ സംസ്ഥാനത്തെ മൂന്നാമത്തെ മുഖ്യമന്ത്രി

ഡെറാഡൂണിലെ പാര്‍ട്ടി ആസ്ഥാനത്ത് ചേര്‍ന്ന ബിജെപി നിയമസഭാ കക്ഷി യോഗത്തിലാണ് ധാമിയുടെ പേര് പ്രഖ്യാപിച്ചത്. യോഗത്തില്‍ ഉത്തരാഖണ്ഡിലെ 57 ബിജെപി എംഎല്‍എമാര്‍ പങ്കെടുത്തു. സംസ്ഥാനത്തെ കുമയോണ്‍ മേഖലയിലെ ഖാതിമ നിയോജകമണ്ഡലത്തെയാണ് ധാമി പ്രതിനിധീകരിക്കുന്നത്.

പുഷ്‌കര്‍ സിങ് ധാമി ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയാവും; നാലുമാസത്തിനിടെ സംസ്ഥാനത്തെ മൂന്നാമത്തെ മുഖ്യമന്ത്രി
X

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിന്റെ പതിനൊന്നാമത്തെ മുഖ്യമന്ത്രിയായി പുഷ്‌കര്‍ സിങ് ധാമിയെ തിരഞ്ഞെടുത്തു. ഉത്തരാഖണ്ഡ് സംസ്ഥാന ബിജെപി നേതൃത്വമാണ് പുതിയ മുഖ്യമന്ത്രിയായി പുഷ്‌കറിനെ തിരഞ്ഞെടുത്തത്. ഡെറാഡൂണിലെ പാര്‍ട്ടി ആസ്ഥാനത്ത് ചേര്‍ന്ന ബിജെപി നിയമസഭാ കക്ഷി യോഗത്തിലാണ് ധാമിയുടെ പേര് പ്രഖ്യാപിച്ചത്. യോഗത്തില്‍ ഉത്തരാഖണ്ഡിലെ 57 ബിജെപി എംഎല്‍എമാര്‍ പങ്കെടുത്തു. സംസ്ഥാനത്തെ കുമയോണ്‍ മേഖലയിലെ ഖാതിമ നിയോജകമണ്ഡലത്തെയാണ് ധാമി പ്രതിനിധീകരിക്കുന്നത്.

രണ്ടുതവണ ഇവിടെനിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ധാമി, മുന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഭഗത് സിങ് കോഷിയാരിയുടെ പ്രത്യേക ചുമതലയുള്ള ഉദ്യോഗസ്ഥനായിരുന്നു. എംഎല്‍എമാരെ കൂടാതെ ഇന്നത്തെ യോഗത്തില്‍ ബിജെപിയുടെ കേന്ദ്ര നിരീക്ഷകന്‍ നരേന്ദ്രസങ് തോമറും ഉച്ചയോടെ ഡെറാഡൂണിലെത്തിയ സംസ്ഥാനത്തെ ചുമതലയുള്ള ദുഷ്യന്ത് കുമാര്‍ ഗൗതമും പങ്കെടുത്തു. യോഗത്തിന് മുന്നോടിയായി തോവര്‍ റാവത്ത് ഉള്‍പ്പെടെ നിരവധി സംസ്ഥാന നേതാക്കളുമായി ചര്‍ച്ച നടത്തി. തിരത്ത് സിങ് റാവത്തിന്റെ രാജിയെത്തുടര്‍ന്നാണ് ധാമി മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുന്നത്.

തിരത്ത് സിങ് റാവത്ത് പുതിയ മുഖ്യമന്ത്രിയായി അധികാരമേറ്റത് നാലുമാസം മുമ്പാണ്. ഗ്രൂപ്പു വഴക്കുകളെത്തുടര്‍ന്ന് ത്രിവേന്ദ്ര സിങ് റാവത്തിനെ മാറ്റി, മാര്‍ച്ച് 10നാണ് തിരത്ത് സിങ് റാവത്തിനെ ബിജെപി കേന്ദ്രനേതൃത്വം മുഖ്യമന്ത്രിയാക്കിയത്. നിയമസഭാംഗമല്ലാത്ത തിരത്തിനെ ആറുമാസത്തിനുള്ളില്‍ ഉപതിരഞ്ഞെടുപ്പ് നടത്തി എംഎല്‍എ ആക്കാമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍, കൊവിഡ് സാഹചര്യത്തില്‍ ഉപതിരഞ്ഞെടുപ്പ് തീരുമാനം അനിശ്ചിതമായി നീളുന്ന സാഹചര്യത്തില്‍ അദ്ദേഹം സ്ഥാനമൊഴിയാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു.

ഒരുവര്‍ഷത്തിനുള്ളില്‍ ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും. അര ഡസനോളം എംഎല്‍എമാരുടെ പേരുകള്‍ മുഖ്യമന്ത്രി പദത്തിലേക്ക് പരിഗണിച്ചിരുന്നു. ധാമിക്ക് പുറമെ സത്പാല്‍ മഹാരാജ്, ധന്‍ സിങ് റാവത്ത്, മുന്‍ മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് ഉള്‍പ്പെടെയുള്ളവരെ പാര്‍ട്ടി നേതാക്കള്‍ ശുപാര്‍ശ ചെയ്തിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് എട്ടുമാസം മാത്രം ശേഷിക്കെ നടക്കുന്ന നേതൃമാറ്റം പാര്‍ട്ടിയില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it