Sub Lead

മുഖ്യമന്ത്രിയുടെ ഓഫിസിലെത്തുന്ന കാണാന്‍ കൊള്ളാവുന്ന സ്ത്രീകളോട് ശൃംഗാരം; പി ശശിക്കെതിരായ പരാതി പുറത്തുവിട്ട് പി വി അന്‍വര്‍

മുഖ്യമന്ത്രിയുടെ ഓഫിസിലെത്തുന്ന കാണാന്‍ കൊള്ളാവുന്ന സ്ത്രീകളോട് ശൃംഗാരം; പി ശശിക്കെതിരായ പരാതി പുറത്തുവിട്ട് പി വി അന്‍വര്‍
X

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരേ സിപിഎം സംസ്ഥാന സെക്രട്ടറിക്ക് നല്‍കിയ പരാതി പുറത്തുവിട്ട് പി വി അന്‍വര്‍ എംഎല്‍എ. മുഖ്യമന്ത്രിയുടെ ഓഫിസില്‍ പരാതികളുമായെത്തുന്ന കാണാന്‍ കൊള്ളാവുന്ന സ്ത്രീകളുടെ ഫോണ്‍ നമ്പറുകള്‍ വാങ്ങിവച്ച് അവരില്‍ ചിലരോട് പിന്നീട് ശൃംഗാര ഭാവത്തില്‍ സംസാരിക്കുന്നു തുടങ്ങിയ ആരോപണങ്ങളാണ് പരാതിയിലുള്ളത്. 13 പേജുള്ള പരാതിയാണ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം ചാനല്‍ ചര്‍ച്ചയ്ക്കിടെ സിപിഎം സംസ്ഥാന സമിതി അംഗം അനില്‍ കുമാര്‍ ശശിക്കെതിരെ അന്‍വര്‍ പരാതി നല്‍കിയിട്ടില്ലെന്ന് പറഞ്ഞിരുന്നു. ഇത് തനിക്ക് മാനഹാനി ഉണ്ടാക്കിയെന്നും അതിനാലാണ് കത്ത് പുറത്തുവിടേണ്ടി വന്നതെന്നുമാണ് അന്‍വറിന്റെ വിശദീകരണം. നേരത്തേ, ഉന്നയിച്ച സ്വര്‍ണക്കടത്തിലും വിവിധ തര്‍ക്കങ്ങളിലും മധ്യസ്ഥനായി നിന്ന് ലക്ഷങ്ങള്‍ പാരിതോഷികം കൈപ്പറ്റുന്നു തുടങ്ങിയ ആരോപണങ്ങളും പരാതിയിരുണ്ട്.

'മുഖ്യമന്ത്രിയുടെ ഓഫിസില്‍ പരാതികളുമായെത്തുന്ന കാണാന്‍ കൊള്ളാവുന്ന സ്ത്രീകളുടെ ഫോണ്‍ നമ്പറുകള്‍ വാങ്ങിവയ്ക്കുകയും, കേസന്വേഷണം എങ്ങനെ പോകുന്നുവെന്ന് അവരോട് പ്രത്യേകം അന്വേഷിക്കുകയും അവരില്‍ ചിലരോട് ശൃംഗാര ഭാവത്തില്‍ സംസാരിച്ചതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ ഫോണ്‍ കോളുകള്‍ എടുക്കാതെയായ പരാതിക്കാരിയുണ്ടെന്നുള്ളതും എനിക്കറിയാം. തല്‍ക്കാലം പൊളിറ്റിക്കല്‍ സെക്രട്ടറിയെ കുറിച്ച് കൂടുതലൊന്നും പറയുന്നില്ല. അദ്ദേഹം ഈ സ്ഥാനത്ത് തുടര്‍ന്നാല്‍ താങ്ങാനാവാത്ത മാനക്കേടും നാണക്കേടും അധികം വൈകാതെ തന്നെ പാര്‍ട്ടിയും മുഖ്യമന്ത്രിയും നേരിടേണ്ടി വരുമെന്നത് എനിക്കുറപ്പാണ്. ഒരു സഖാവെന്ന നിലയ്ക്ക് ഉത്തമ ബോധ്യത്തോടെയാണ് ഞാന്‍ പാര്‍ട്ടിയെ ഇക്കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നത്. ആയതിനാല്‍ മേല്‍ കാര്യത്തില്‍ പാര്‍ട്ടിയുടെ ഭാഗത്ത് നിന്നു വിശദമായ ഒരന്വേഷണം നടത്തി ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നുവെന്നു പറഞ്ഞാണ് നീണ്ട പരാതി അവസാനിപ്പിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് നല്‍കിയ പരാതി എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണനും നല്‍കിയിട്ടുണ്ട്.

വിവിധ ഘട്ടങ്ങളില്‍ തനിക്കുണ്ടായ അനുഭവങ്ങളും ഷാജന്‍ സ്‌കറിയ കേസ്, സോളാര്‍ കേസ്, സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച വിവാദം, പ്രതിപക്ഷ നേതാവിനെതിരായ ആരോപണം, കോഴിക്കോട്ടെ വ്യാപാരിയുടെ കേസ്, രാഹുല്‍ ഗാന്ധിയുടെ കേസ്, പാര്‍ക്കിലെ മോഷണക്കേസ്, സാമ്പത്തിക തര്‍ക്കത്തിലെ മധ്യസ്ഥന്‍ എന്നീ കാര്യങ്ങള്‍ അക്കമിട്ടുനിരത്തിയാണ് പി വി അന്‍വര്‍ പരാതി നല്‍കിയിരുന്നത്. ഇതിലെല്ലാം പി ശശിയുടെയും എഡിജിപി അജിത്ത്കുമാറിന്റെയും മലപ്പുറം മുന്‍ എസ് പി സുജിത്ത് ദാസിന്റെയും കാര്യങ്ങള്‍ വിശദീകരിക്കുന്നുണ്ട്. അതേസമയം, എല്ലാം പുറത്തുവരട്ടെ എന്നും മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും പറഞ്ഞത് തന്നെയാണ് പറയാനുള്ളതെന്നും പി ശശി വ്യക്തമാക്കി. എത്ര ഗുരുതരമായാലും പാര്‍ട്ടിയും മുഖ്യമന്ത്രിയും പറഞ്ഞതിനപ്പുറത്തേക്ക് ഒന്നുമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

Next Story

RELATED STORIES

Share it