Sub Lead

അജിത്കുമാറിനെതിരെ വീണ്ടും ആരോപണവുമായി പി വി അന്‍വര്‍ ; 33 ലക്ഷം രൂപയ്ക്ക് വാങ്ങിയ ഫ്ളാറ്റ് പത്തുദിവസം കഴിഞ്ഞ് 65 ലക്ഷം രൂപയ്ക്ക് വിറ്റു

അജിത്കുമാറിനെതിരെ വീണ്ടും ആരോപണവുമായി പി വി അന്‍വര്‍  ; 33 ലക്ഷം രൂപയ്ക്ക് വാങ്ങിയ ഫ്ളാറ്റ് പത്തുദിവസം കഴിഞ്ഞ് 65 ലക്ഷം രൂപയ്ക്ക് വിറ്റു
X

തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത്കുമാറിനെതിരെ വീണ്ടും ആരോപണവുമായി പി വി അന്‍വര്‍ എംഎല്‍എ. സോളാര്‍ കേസ് അട്ടിമറിക്കാന്‍ ലഭിച്ച പണം ഉപയോഗിച്ച് കവടിയാര്‍ വില്ലേജില്‍ എം ആര്‍ അജിത്കുമാര്‍ ഫ്ളാറ്റ് വാങ്ങിയെന്ന് അന്‍വര്‍ ആരോപിച്ചു. 33.80 ലക്ഷം രൂപയ്ക്ക് വാങ്ങിയ ഫ്ലാറ്റ് പത്തുദിവസം കഴിഞ്ഞ് 65 ലക്ഷം രൂപയ്ക്ക് അജിത്കുമാര്‍ വിറ്റു. എം ആര്‍ അജിത് കുമാര്‍ സ്വന്തം പേരില്‍ വാങ്ങിയിട്ടുള്ള ഫ്ളാറ്റിന്റെ രജിസ്ട്രേഷന്‍ വിശദാംശങ്ങള്‍ പുറത്തുവിട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പി വി അന്‍വര്‍ ആരോപണം ഉന്നയിച്ചത്.

ഫ്ളാറ്റിന്റെ രജിസ്ട്രേഷന്‍ വിശദാംശങ്ങള്‍ എന്റെ പക്കലുണ്ട്. രജിസ്ട്രേഷന്‍ അതോറിറ്റിയില്‍ നിന്ന് എടുത്തതാണ് രേഖ. കവടിയാര്‍ വില്ലേജില്‍ സ്വന്തം പേരില്‍ അദ്ദേഹം ഒരു ഫ്ളാറ്റ് വാങ്ങി. 2016 ഫെബ്രുവരി 19-ാം തിയ്യതിയാണ് ഫ്ളാറ്റ് വാങ്ങിയത്. അതായത് ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ കയറുന്നതിന് ഏതാനും മാസങ്ങള്‍ക്ക് മുന്‍പ്. എങ്ങനെ ഇത് അദ്ദേഹം വാങ്ങി? എങ്ങനെ വിറ്റു എന്നതാണ് അന്വേഷിക്കേണ്ടത്. 33.80 ലക്ഷം രൂപയ്ക്കാണ് ഫളാറ്റ് വാങ്ങിയത്. പത്തുദിവസം കഴിഞ്ഞ് ഫെബ്രുവരി 29ന് ഫ്ളാറ്റ് വിറ്റു. 65 ലക്ഷം രൂപയ്ക്കാണ് വിറ്റത്. ഈ മാജിക് എന്താണ് എന്ന് വിജിലന്‍സ് അന്വേഷിക്കട്ടെ.

ഈ ഫ്ളാറ്റില്‍ ആരാണ് താമസിക്കുന്നത് എന്ന് അന്വേഷിക്കൂ? എവിടെ നിന്ന് കിട്ടി ഈ പണം എന്നും അന്വേഷിക്കണം. അന്നേ ഞാന്‍ പറയുന്നതാണ് സോളാര്‍ കേസ് അട്ടിമറിക്കാന്‍ പണം വാങ്ങിയെന്ന്. ഇത് അത്തരത്തില്‍ വാങ്ങിയ പണമാണ്. അന്ന് ഫ്ളാറ്റിന്റെ വില 55 ലക്ഷം രൂപയാണ്. കണ്‍സ്ട്രക്ഷന്‍ കമ്പനിക്ക് ഭ്രാന്താണോ? എന്തിനാണ് 33 ലക്ഷം രൂപയ്ക്ക് വിറ്റത്?. ഇത് രണ്ടാമത്തെ ഗെയിമാണ്. വാങ്ങിയ വിലയും വിറ്റ വിലയും തമ്മില്‍ 32 ലക്ഷത്തിന്റെ അന്തരമുണ്ട്. 32 ലക്ഷം രൂപയുടെ കള്ളപ്പണം വെളുപ്പിക്കുന്നതിന് രേഖ ഉണ്ടാക്കുകയാണ് ചെയ്തത്. 32 ലക്ഷം രൂപയാണ് വൈറ്റാക്കിയത്. ഇങ്ങനെ എത്രയെത്ര ഡീലുകളാണ് നടന്നത്.'- അന്‍വര്‍ ആരോപിച്ചു.



Next Story

RELATED STORIES

Share it