Sub Lead

അദാനിയുടെ ഓഹരി തട്ടിപ്പ്: ഒസിസിആര്‍പി വെളിപ്പെടുത്തലില്‍ ജെപിസി അന്വേഷണം ഉടന്‍ പ്രഖ്യാപിക്കണമെന്ന് രാഹുല്‍

അദാനിയുടെ ഓഹരി തട്ടിപ്പ്: ഒസിസിആര്‍പി വെളിപ്പെടുത്തലില്‍ ജെപിസി അന്വേഷണം ഉടന്‍ പ്രഖ്യാപിക്കണമെന്ന് രാഹുല്‍
X

മുംബൈ: ഓഹരി തട്ടിപ്പ് സംബന്ധിച്ച് അദാനി ഗ്രൂപ്പിനെതിരായ ഒസിസിആര്‍പി വെളിപ്പെടുത്തലില്‍ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി എംപി. സംഭവത്തില്‍ സംയുക്ത പാര്‍ലിമെന്റ് കമ്മിറ്റി(ജോയിന്റ് പാര്‍ലിമെന്റ് കമ്മറ്റി) അന്വേഷണം ഉടന്‍ പ്രഖ്യാപിക്കണമെന്നും പ്രധാനമന്ത്രി അന്വേഷണത്തിന് തയ്യയാറാവുന്നില്ലെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. അദാനി ഗ്രൂപ്പിനെതിരായ കണ്ടെത്തല്‍ ഇന്ത്യയുടെ പ്രതിച്ഛായ തന്നെ നശിപ്പിച്ചു. ഒരു ബില്ല്യണിലധികം പണം ഇന്ത്യയില്‍ നിന്ന പുറത്തുപോവുകയും പിന്നീട് അത് ഇന്ത്യയിലേക്ക് തന്നെ വരികയും വ്യാജ പേരുകളില്‍ അദാനി കമ്പനികളില്‍ നിക്ഷേപിക്കുകയും ചെയ്തിട്ടുണ്ട്. നിക്ഷേപകരില്‍ ചൈനീസ് പൗരനുള്‍പ്പെടെ ഉള്‍പ്പെട്ടിട്ടും രാജ്യതാല്‍പര്യം എന്നാണ് പറയുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അദാനിക്കെതിരായ ഒസിസിആര്‍പി കണ്ടെത്തലുകള്‍ സംബന്ധിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ ഉയര്‍ത്തിക്കാട്ടിയാണ് രാഹുല്‍ ഗാന്ധിയുടം വിമര്‍ശനം. ഈ പണം ആരുടേതാണ്, എന്ത് കൊണ്ട് കേന്ദ്രസര്‍ക്കാര്‍ അന്വേഷണം നടത്തുന്നില്ല. അദാനി ഗ്രൂപ്പിന് നല്‍കുന്ന ഈ പ്രത്യേക പരിഗണന ജി20 ഉച്ചക്കോടിക്ക് വരുന്ന രാജ്യങ്ങള്‍ ചോദ്യം ചെയ്യുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

നേരത്തേ ഹിന്‍ഡ്ബര്‍ഗ് പുറത്തുവിട്ട റിപോര്‍ട്ട് ശരിവയ്ക്കുന്നതാണ് ഒസിസിആര്‍പി റിപോര്‍ട്ട്. അദാനി ഗ്രൂപ്പ് ഓഹരി വിപണിയില്‍ ഇല്ലാത്ത കമ്പനികളുടെ പേരില്‍ ദശകോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയെന്നായിരുന്നു ഹിന്‍ഡന്‍ബര്‍ഗ് റിപോര്‍ട്ട്. ഇത് പുറത്തുവന്നതോടെ അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ കൂപ്പുകുത്തുകയും നിക്ഷേപകര്‍ക്ക് വന്‍ നഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു. കേന്ദ്രസര്‍ക്കാരുമായി അടുത്ത ബന്ധമുള്ള അദാനി ഗ്രൂപ്പിനെ സംരക്ഷിക്കുന്ന മോദിയുടെ നയത്തെ രാഹുല്‍ കടുത്ത ഭാഷയിലാണ് വിമര്‍ശിച്ചിരുന്നത്. ഇതിനു പിന്നാലെ മോദി വിരുദ്ധ പരാമര്‍ശത്തില്‍ രാഹുല്‍ഗാന്ധി ശിക്ഷിക്കപ്പെടുകയും ലോക്‌സഭാംഗത്വം റദ്ദാക്കുകയും ചെയ്തത്, അദാനിയെ വിമര്‍ശിച്ചതിനാണെന്നായിരുന്നു രാഹുലിന്റെയും കോണ്‍ഗ്രസിന്റെയും ആരോപണം. ഒസിസിആര്‍പി വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാരിനും അദാനി ഗ്രൂപ്പിനുമെതിരേ ആഞ്ഞടിക്കാനാണ് കോണ്‍ഗ്രസിന്റെയും പ്രതിപക്ഷ കക്ഷികളുടെയും തീരുമാനം.

Next Story

RELATED STORIES

Share it