Sub Lead

മഴക്കെടുതി: സംസ്ഥാനത്ത് വൈദ്യുതി വിതരണം താറുമാറായി; വൈദ്യുതി മേഖലയ്ക്ക് കനത്ത നാശനഷ്ടം

മഴക്കെടുതി: സംസ്ഥാനത്ത് വൈദ്യുതി വിതരണം താറുമാറായി; വൈദ്യുതി മേഖലയ്ക്ക് കനത്ത നാശനഷ്ടം
X

കോട്ടയം: കനത്ത മഴയെത്തുടര്‍ന്നുണ്ടായ പ്രളയത്തിലും ശക്തമായ കാറ്റിലും സംസ്ഥാനത്ത് വൈദ്യുതി വിതരണം വ്യാപകമായി തകരാറിലായി. കേരളത്തില്‍ വ്യാപകമായുണ്ടായ തീവ്രമഴയിലും കാറ്റിലും വൈദ്യുതി മേഖലയ്ക്ക് കനത്ത നാശനഷ്ടമാണുണ്ടായെന്ന് കെഎസ്ഇബി അറിയിച്ചു. മധ്യകേരളമാകെ വൈദ്യുതി വിതരണ സംവിധാനം തകരാറിലായി. പൊന്‍കുന്നം ഡിവിഷന് കീഴില്‍ വരുന്ന കാഞ്ഞിരപ്പള്ളി, പാറത്തോട്, മുണ്ടക്കയം, കൂട്ടിക്കല്‍, എരുമേലി പ്രദേശങ്ങളിലെ എല്ലാ 11 കെവി ഫീഡറുകള്‍ അടക്കം വ്യാപകമായി വൈദ്യുതി വിതരണം തകര്‍ന്നു. മുണ്ടക്കയം ടൗണിലെ കെഎസ്ഇബി സെക്ഷന്‍ ഓഫിസ് വെള്ളത്തിലാണ്.


പാലാ ഡിവിഷന്റെ കീഴിലും വലിയ നാശമാണ് ഉണ്ടായത്. ഈരാറ്റുപേട്ട, തീക്കോയി, പൂഞ്ഞാര്‍ മേഖലകളിലെ എല്ലാ 11 കെവി ഫീഡറുകളും ഓഫ് ചെയ്തു. മണിമലയില്‍ മാത്രം 60 ട്രാന്‍സ്‌ഫോമറുകള്‍ ഓഫാക്കി കെഎസ്ഇബി. ഉന്നത വോള്‍ട്ടതയിലുള്ള ലൈനുകള്‍ക്കുവരെ തടസ്സമുണ്ടായിട്ടുണ്ട്. മരങ്ങള്‍ കടപുഴകി വീണും മരക്കൊമ്പുകള്‍ ഒടിഞ്ഞുവീണും നൂറുകണക്കിന് വൈദ്യുതി പോസ്റ്റുകള്‍ ഒടിയുകയും ലൈനുകള്‍ തകരുകയും ചെയ്തു. കോട്ടയം ജില്ലയിലാണ് ഏറ്റവുമധികം നാശനഷ്ടമുണ്ടായത്. പത്തനംതിട്ട, തൃശ്ശൂര്‍, പാലക്കാട് തുടങ്ങിയ ജില്ലകളിലും വൈദ്യുതി സംവിധാനത്തിന് വലിയതോതില്‍ നാശനഷ്ടമുണ്ടായി.

പലയിടത്തും വെള്ളപ്പൊക്കത്തെ തുടര്‍ന്ന് പൊതുജനങ്ങള്‍ക്ക് സുരക്ഷാ ഭീഷണിയുള്ളതിനാല്‍ നിരവധി ഹൈ ടെന്‍ഷന്‍ ലൈനുകളും ട്രാന്‍സ്‌ഫോര്‍മറുകളും ഓഫ് ചെയ്തുവയ്‌ക്കേണ്ട സ്ഥിതിയുണ്ട്. കൊല്ലം ജില്ലയിലെ തെന്‍മല സെക്ഷന്‍ പ്രദേശത്ത് തീവ്രമഴയെത്തുടര്‍ന്ന് പുഴയുടെ തീരത്തുള്ള കെട്ട് ഇടിഞ്ഞ് 3 ഹൈടെന്‍ഷന്‍ പോസ്റ്റുകളും 4 ലോ ടെന്‍ഷന്‍ പോസ്റ്റുകളും വെള്ളത്തില്‍ ഒലിച്ചുപോയി. നിരവധി സ്ഥലങ്ങളില്‍ ലൈനില്‍ മരം വീണു .കോട്ടവാസല്‍ അച്ചന്‍കോവില്‍ 11കെ വി ഫീഡറുകള്‍ തകരാറിലാണ് ആണ്.

35 ഓളം ട്രാന്‍സ്‌ഫോമറുകള്‍ ഓഫാണ്. കുഴല്‍മന്ദം പുല്ലുപ്പാറ ഭാഗത്ത് ഹൈടെന്‍ഷന്‍ ഫീഡറില്‍ വലിയ മരം വീണ് ഡബിള്‍ പോള്‍ സ്ട്രക്ചറും 2 ഹൈടെന്‍ഷന്‍ പോസ്റ്റും തകര്‍ന്നതിനാല്‍ നാല് ട്രാന്‍സ്‌ഫോര്‍മറില്‍ വരുന്ന 300 ഓളം ഉപഭോക്താക്കള്‍ക്ക് വൈദ്യുതി മുടങ്ങുന്ന സാഹചര്യമാണ്. മണിമല സെക്ഷന്‍ പരിധിയില്‍ ഏകദേശം 8000 ഉപഭോക്താക്കള്‍ക്ക് വൈദ്യുതിയില്ല. ഒമ്പതോളം 11 കെ വിപോസ്റ്റുകളും കടപുഴകിയിട്ടുണ്ട്. പ്രകൃതി ദുരന്തം വരുത്തിയ പ്രതിബന്ധങ്ങള്‍ വകവയ്ക്കാതെ ഈ കൊവിഡ് മഹാമാരിയുടെ കാലത്തും കെഎസ്ഇബി ജീവനക്കാര്‍ പൂര്‍ണമായും കര്‍മനിരതരാണ്. സമയബന്ധിതമായ ഇടപെടലുകളിലൂടെ അപകടങ്ങള്‍ ഒഴിവാക്കാനും യുദ്ധകാലാടിസ്ഥാനത്തില്‍ വൈദ്യുതി പുനസ്ഥാപിക്കുവാനുമുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.

ചിലയിടങ്ങളില്‍ രാത്രി തന്നെ വൈദ്യുതി പുനസ്ഥാപിക്കാന്‍ കഴിഞ്ഞേക്കും. പെട്ടെന്നുണ്ടായ പ്രകൃതി ദുരന്തത്താല്‍ ആശുപത്രികളുടെ പ്രവര്‍ത്തനം തടസ്സപ്പെടാതിരിക്കാന്‍ കെഎസ്ഇബി ജീവനക്കാര്‍ പ്രത്യേകശ്രദ്ധ ചെലുത്തുന്നുണ്ട്. ആശുപത്രികളിലേക്കും കൊവിഡ് ചികില്‍സാകേന്ദ്രങ്ങളിലേക്കും ഓക്‌സിജന്‍ പ്ലാന്റുകളിലേക്കുമുള്ള വൈദ്യുതിബന്ധം അതിവേഗം പുനസ്ഥാപിക്കുകയും വൈദ്യുതി മുടങ്ങാതിരിക്കാന്‍ ജാഗ്രതപുലര്‍ത്തുകയും ചെയ്യുന്നുണ്ട്. വ്യാപകമായി നാശമുണ്ടായ പ്രദേശങ്ങളില്‍, ആരംഭിച്ച വൈദ്യുതി പുന:സ്ഥാപന പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുകയാണ്.

മരങ്ങള്‍ വെട്ടിമാറ്റിയും ലൈനുകളും പോസ്റ്റുകളും മാറ്റിസ്ഥാപിച്ചും യുദ്ധകാലാടിസ്ഥാനത്തില്‍ വൈദ്യുതി പുനഃസ്ഥാപിക്കുവാനായി ഈ കോവിഡ് മഹാമാരിയുടെ കാലത്തും കെഎസ്ഇബി ജീവനക്കാര്‍ അശ്രാന്തം പരിശ്രമിക്കുന്നുണ്ട്. വൈദ്യുതി തടസ്സമുണ്ടാകുമ്പോള്‍ ഒരു പ്രദേശമാകെ വെളിച്ചമെത്തിക്കുന്ന 11 കെവി ലൈനിലെ തകരാറുകള്‍ പരിഹരിക്കുന്നതിനാണ് കെഎസ്ഇബി മുന്‍ഗണന നല്‍കുക. തുടര്‍ന്ന് ഉപഭോക്താക്കള്‍ക്ക് വൈദ്യുതി എത്തിക്കുന്ന ലോ ടെന്‍ഷന്‍ ലൈനുകളിലെ തകരാറുകളായിരിക്കും പരിഹരിക്കുക. ശേഷം മാത്രമായിരിക്കും വ്യക്തിഗത പരാതികള്‍ പരിഹരിക്കുക.

മാന്യ ഉപഭോക്താക്കളുടെ എല്ലാ പരാതികളും സമയബന്ധിതമായി പരിഹരിക്കുവാന്‍ കെ എസ് ഇ ബി ജീവനക്കാര്‍ പരിശ്രമിക്കുന്നുണ്ട്. ഈ സവിശേഷ സാഹചര്യം മനസ്സിലാക്കി മാന്യ ഉപഭോക്താക്കള്‍ സഹകരിക്കണമെന്ന് വൈദ്യുതി ബോര്‍ഡ് അഭ്യര്‍ഥിച്ചു. കാലവര്‍ഷക്കെടുതിയുടെ ഭാഗമായി വ്യാപകമായി വൃക്ഷങ്ങള്‍ വൈദ്യുതി ലൈനുകളില്‍ വീഴാനും അതുവഴി ലൈന്‍ പൊട്ടിവീഴാനും സാധ്യതയുണ്ട്. പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം. ഇത്തരത്തില്‍ വൈദ്യുതി അപകടങ്ങളോ അപകട സാധ്യതകളോ ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍തന്നെ അതത് കെഎസ്ഇബി സെക്ഷന്‍ ഓഫിസിലോ, വൈദ്യുതി അപകടങ്ങള്‍ അറിയിക്കാനുള്ള പ്രത്യേക എമര്‍ജന്‍സി നമ്പറായ 94960 10101 ലോ അറിയിക്കേണ്ടതാണ്. വൈദ്യുതി ജീവനക്കാരെത്തി അപകടസാധ്യത ഒഴിവാക്കുന്നതുവരെ സമീപത്തേക്ക് പോവാനോ മറ്റുള്ളവരെ പോകാനനുവദിക്കാനോ പാടില്ലെന്ന് കെഎസ്ഇബി അറിയിച്ചു.

Next Story

RELATED STORIES

Share it