Sub Lead

രാജമല ദുരന്തം: തിരച്ചില്‍ അഞ്ചാം ദിവസത്തിലേക്ക്; ഇനി കണ്ടെത്താനുള്ളത് 21 പേരെ

സ്‌ഫോടക വസ്തുക്കള്‍ ചെറുസ്‌ഫോടനം നടത്തി പാറ പൊട്ടിച്ച് രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കും. പുഴയില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള തിരച്ചിലാണ് നടക്കുന്നത്.

രാജമല ദുരന്തം: തിരച്ചില്‍ അഞ്ചാം ദിവസത്തിലേക്ക്; ഇനി കണ്ടെത്താനുള്ളത് 21 പേരെ
X

ഇടുക്കി: രാജമലയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ അഞ്ചാം ദിവസവും തുടരും. ഇന്നലെ മൂന്ന് കുട്ടികള്‍ അടക്കം ആറുപേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടത്തിയതോടെ മരണസംഖ്യ 49 ആയി ഉയര്‍ന്നു. ഇനി 21 പേരെയാണ് കണ്ടെത്താനുള്ളത്. അതില്‍ തന്നെ അധികവും കുട്ടികളാണ്. വീടുകള്‍ സമീപത്തെ പുഴയിലേക്ക് ഒലിച്ചു പോയതിനാല്‍, പുഴ കേന്ദ്രീകരിച്ചുള്ള തെരച്ചില്‍ ഇന്നും തുടരും. പുഴയില്‍ നിന്ന് മാത്രം ഇതുവരെ 12 മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും ജില്ലാഭരണകൂടം അറിയിച്ചു.

വലിയ പാറക്കൂട്ടങ്ങളാണ് നിലവിലെ തിരച്ചിലിന് തടസ്സം സൃഷ്ട്ടിക്കുന്നത്. സ്‌ഫോടക വസ്തുക്കള്‍ ചെറുസ്‌ഫോടനം നടത്തി പാറ പൊട്ടിച്ച് രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കും. പുഴയില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള തിരച്ചിലാണ് നടക്കുന്നത്. മരിച്ചവരുടെ ബന്ധുക്കള്‍ തമിഴ്നാട്ടില്‍നിന്ന് കൂട്ടത്തോടെ എത്തുന്ന സാഹചര്യമാണുളളത്. മൂന്നാറിലെ തോട്ടം തൊഴിലാളികളില്‍ ഭൂരിഭാഗവും തമിഴ്നാട്ടില്‍ നിന്നെത്തിയവരാണ്. മണ്ണിനടിയില്‍പ്പെട്ടവരെ അവസാനമായി ഒരുനോക്ക് കാണാന്‍ തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ബന്ധുക്കള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. ശരീരോഷ്മാവ് പരിശോധന മാത്രം നടത്തിയാണ് തമിഴ്നാട്ടില്‍ നിന്നുള്ളവരെ ചെക്പോസ്റ്റുകളില്‍നിന്നും കടത്തി വിടുന്നത്. നൂറിലേറെ വരുന്ന പോലിസും അഗ്നിശമനസേനാ ജീവനക്കാരും അന്‍പതിലേറെ റവന്യൂ ഉദ്യോഗസ്ഥരും ദേശീയദുരന്തനിവാരണസേന സംഘവും നിലവില്‍ പെട്ടിമുടിയിലുണ്ട്. ഇവര്‍ക്ക് ഘട്ടംഘട്ടമായാവും ആന്റിജന്‍ പരിശോധന നടത്തുക. മണ്ണിനടിയില്‍നിന്ന മൃതദേഹം മണത്തറിയാന്‍ പ്രത്യേക കഴിവുള്ള പോലിസ് ഡോഗ് സ്‌ക്വാഡിന്റെ സഹായത്താലാണ് ഇത്രയുംവേഗം മൃതദേഹങ്ങള്‍ കണ്ടെത്താനായത്. അവസാനത്തെ മൃതദേഹവും കണ്ടെടുക്കുംവരെ തിരച്ചില്‍ തുടരുമെന്ന് വനംമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.


Next Story

RELATED STORIES

Share it