Sub Lead

രാജസ്ഥാന്‍: യുവാവിന്റെ മരണം വര്‍ഗീയ വല്‍ക്കരിച്ച് സംഘപരിവാരം, ജാഗ്രത കടുപ്പിച്ച് പോലിസ്

സംഭവത്തില്‍ വ്യാജ വാര്‍ത്തകളും വിദ്വേഷ സന്ദേശങ്ങളും പ്രചരിക്കാതിരിക്കാന്‍ വ്യാഴാഴ്ച വരെ പ്രദേശത്ത് ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ താല്‍ക്കാലികമായി വിച്ഛേദിച്ചിട്ടുണ്ട്.

രാജസ്ഥാന്‍: യുവാവിന്റെ മരണം വര്‍ഗീയ വല്‍ക്കരിച്ച് സംഘപരിവാരം, ജാഗ്രത കടുപ്പിച്ച് പോലിസ്
X

ജയ്പൂര്‍: രാജസ്ഥാനിലെ ഭില്‍വാര പട്ടണത്തില്‍ ഇരു വിഭാഗത്തില്‍പെട്ട വ്യക്തികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ ഹിന്ദു യുവാവ് കൊല്ലപ്പെട്ട സംഭവം വര്‍ഗീയ വല്‍ക്കരിച്ച് സംഘര്‍ഷത്തിന് സംഘപരിവാര ശ്രമം. മുസ്‌ലിം യുവാവിനാല്‍ ഹിന്ദു യുവാവ് കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. സംഭവത്തില്‍ വ്യാജ വാര്‍ത്തകളും വിദ്വേഷ സന്ദേശങ്ങളും പ്രചരിക്കാതിരിക്കാന്‍ വ്യാഴാഴ്ച വരെ പ്രദേശത്ത് ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ താല്‍ക്കാലികമായി വിച്ഛേദിച്ചിട്ടുണ്ട്.

വിശ്വഹിന്ദു പരിഷത്തും ഹിന്ദു ജാഗരണ്‍ മഞ്ചും പോലുള്ള വലത് സംഘടനകള്‍ ബുധനാഴ്ച ഇവിടെ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കനത്ത സുരക്ഷയാണ് പോലിസ് ഇവിടെ സ്വീകരിച്ചിരിക്കുന്നത്. ചൊവ്വാഴ്ച വൈകീട്ടായിരുന്നു കൊട്ടവാലി പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ ഈ കൊലപാതകം നടന്നത്. കൊലപാതകത്തിന്റെ കാരണം വ്യക്തി വൈരാഗ്യമാണെന്നാണ് പോലിസ് പറയുന്നത്.

ഭില്‍വാര പട്ടണത്തിലെ ശാസ്ത്രി നഗര്‍ ഏരിയയിലെ ബ്രാഹ്മണി സ്വീറ്റ്‌സിന് സമീപം ചിലര്‍ പണത്തെ ചൊല്ലി രൂക്ഷമായ തര്‍ക്കത്തിലേര്‍പ്പെട്ടതായി ചില വൃത്തങ്ങള്‍ പറയുന്നു. സംഘര്‍ഷത്തിനിടെ ചില യുവാക്കള്‍ 22 കാരനായ ആദര്‍ശ് തപാഡിയയെ കത്തികൊണ്ട് ആക്രമിക്കുകയും ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഉടന്‍ തന്നെ തപാഡിയയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരണപ്പെട്ട ആദര്‍ശ് തപാഡിയയുടെ പിതാവ് ഓംപ്രകാശ് തപാഡിയ ഭില്‍വാരയിലെ ഒരു പ്രമുഖനാണ്. മരണത്തെതുടര്‍ന്ന് ഭില്‍വാര സിറ്റി എംഎല്‍എ വിത്തല്‍ ശങ്കര്‍ അവസ്തി, ബിജെപി ജില്ലാ പ്രസിഡന്റ് ലഡു ലാല്‍ തെലി, സിറ്റി കൗണ്‍സില്‍ ചെയര്‍മാന്‍ രാകേഷ് പഥക് എന്നിവരുള്‍പ്പെടെ നിരവധി സംഘടനാ നേതാക്കള്‍ ആശുപത്രിയില്‍ എത്തി. അതേ സമയം സംഭവത്തില്‍ പ്രതിഷേധിച്ച് അക്രമികളെ അറസ്റ്റ് ചെയ്യുന്നതുവരെ കുടുംബത്തില്‍ നിന്ന് ആരും മൃതദേഹം ഏറ്റെടുക്കില്ല എന്ന് ആദര്‍ശ് തപാഡിയയുടെ അമ്മാവന്‍ മഹേഷ് ഖോട്ടാനി പറഞ്ഞു. വിവിധ സംഘടനകള്‍ കൊലപാതകത്തെ അപലപിക്കുകയും ജില്ലാ ഭരണകൂടത്തെ കുറ്റപ്പെടുത്തുകയും ചെയ്തു.

അതേസമയം, കേസില്‍ മൂന്ന് പേരെ ഇതുവരെ അറസ്റ്റ് ചെയ്തതായി പോലിസ് പറഞ്ഞു. കൂടുതല്‍ ആളുകള്‍ക്ക് കൊലപാതകവുമായി ബന്ധമുണ്ടോ എന്ന് അന്വേഷിച്ചു വരികയാണെന്നും പോലിസ് കൂട്ടിച്ചേര്‍ത്തു. അതേ സമയം മരിച്ചവരുടെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഒരു ബിജെപി നേതാവ് ആവശ്യപ്പെട്ടു. നഗരത്തിലെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ന ഗരത്തിന്റെ പലയിടങ്ങളില്‍ പോലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ച് കനത്ത് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

Next Story

RELATED STORIES

Share it