Big stories

പോലിസ് ഉദ്യോഗസ്ഥന്‍ ഫൂല്‍ മുഹമ്മദിന്റെ കൊലപാതകം; രാജസ്ഥാനില്‍ മുന്‍ ഡിവൈഎസ്പി അടക്കം 30 പ്രതികള്‍ക്ക് ജീവപര്യന്തം

പോലിസ് ഉദ്യോഗസ്ഥന്‍ ഫൂല്‍ മുഹമ്മദിന്റെ കൊലപാതകം; രാജസ്ഥാനില്‍ മുന്‍ ഡിവൈഎസ്പി അടക്കം 30 പ്രതികള്‍ക്ക് ജീവപര്യന്തം
X

ജയ്പൂര്‍: രാജസ്ഥാന്‍ സവായ് മധോപൂര്‍ മാന്‍ടൗണ്‍ പോലിസ് സ്‌റ്റേഷനിലെ എസ്എച്ച്ഒ ആയിരുന്ന ഫൂല്‍ മുഹമ്മദിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. പ്രതികള്‍ക്ക് 2,000 മുതല്‍ 50,000 വരെ പിഴയും ശിക്ഷ വിധിച്ചു. സവായ് മധോപൂര്‍ ജില്ലയിലെ പ്രത്യേക സിബിഐ കോടതിയാണ് 30 പേര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. സിബിഐയാണ് കേസ് അന്വേഷിച്ചത്. 2011ല്‍ നടന്ന കേസില്‍ മുന്‍ ഡെപ്യൂട്ടി പോലിസ് സൂപ്രണ്ട് മഹേന്ദ്ര സിങ് ഉള്‍പ്പെടെ 30 പേരെ ബുധനാഴ്ച കോടതി കുറ്റക്കാരായി പ്രഖ്യാപിക്കുകയും 49 പേരെ വെറുതെ വിടുകയും ചെയ്തിരുന്നു.

2011 മാര്‍ച്ച് 17നാണ് സംഭവം നടന്നത്. ഒരു കൊലപാതക കേസില്‍ പോലിസ് നിഷ്‌ക്രിയത്വം ആരോപിച്ച് സുര്‍വാള്‍ ഗ്രാമലത്തിലെ വാട്ടര്‍ടാങ്കിന് മുകളില്‍ കയറി ഒരാള്‍ ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. സംഭവമറിഞ്ഞ് ഇന്‍സ്‌പെക്ടറായിരുന്ന ഫൂല്‍ മുഹമ്മദ് സ്ഥലത്തെത്തി. അല്‍പ്പസമയത്തിന് ശേഷം ഇയാള്‍ താഴേക്ക് ചാടി. ഇതില്‍ കോപാകുലരായ ജനക്കൂട്ടം പോലിസിന് നേരേ തിരിഞ്ഞു. പോലിസിനു നേരേ ആളുകള്‍ കല്ലെറിഞ്ഞു. വാഹനത്തില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച ഫൂല്‍ മുഹമ്മദ് കല്ലേറില്‍ ബോധരഹിതനായി. തുടര്‍ന്ന് ജനക്കൂട്ടം വാഹനത്തിന് തീയിട്ടു. തീ പടര്‍ന്ന വാഹനത്തിലുണ്ടായിരുന്ന ഫൂല്‍ മുഹമ്മദ് ജീവനോടെ വെന്തുമരിക്കുകയായിരുന്നു.

എന്നാല്‍, ഫൂല്‍ മുഹമ്മദിന്റെ കൊലപാതകത്തിന് പിന്നില്‍ അന്നത്തെ ഡെപ്യൂട്ടി എസ്പിയായിരുന്ന മഹേന്ദര്‍ സിങ് തന്‍വാര്‍ ഗൂഢാലോചന നടത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തി. ഫൂല്‍ മുഹമ്മദിനോട് ഡിവൈഎസ്പിക്ക് വ്യക്തിപരമായ പകയുണ്ടായിരുന്നതായി കണ്ടെത്തി. അങ്ങനെ അയാള്‍ പ്രദേശത്തെ മറ്റൊരു പ്രതിയുമായി ഗൂഢാലോചന നടത്തുകയും പ്രതിഷേധക്കാരെ പ്രേരിപ്പിച്ച് കുറ്റകൃത്യത്തിന് കൂട്ടുനില്‍ക്കുകയും ചെയ്തു. മാത്രമല്ല, സംഭവദിവസം സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിന് പകരം അദ്ദേഹം സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെടുകയും സ്ഥിതിഗതികള്‍ നിയന്ത്രിക്കുകയാണെന്ന് ഉന്നത ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തുവെന്നാണ് കണ്ടെത്തല്‍.

ലോക്കല്‍ പോലിസ് 2011ല്‍ സവായ് മധോപൂരിലെ മാന്‍ ടൗണ്‍ പോലീസ് സ്‌റ്റേഷനില്‍ 21 പ്രതികള്‍ക്കും അജ്ഞാതര്‍ക്കുമെതിരേ പൊതുസ്വത്ത് നശിപ്പിക്കുന്നത് തടയല്‍ നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയും കേസ് രാജസ്ഥാന്‍ സിഐഡിക്ക് കൈമാറുകയും ചെയ്തു. പ്രാഥമികാന്വേഷണത്തിന് ശേഷം 19 പ്രതികള്‍ക്കെതിരേ രാജസ്ഥാന്‍ സിഐഡി കുറ്റപത്രം സമര്‍പ്പിച്ചു. പിന്നീട് രാജസ്ഥാന്‍ സര്‍ക്കാരിന്റെ അഭ്യര്‍ഥന പ്രകാരം 2011 ല്‍ സിബിഐ കേസ് ഏറ്റെടുത്തു. അന്വേഷണത്തിന് ശേഷം രണ്ട് പ്രായപൂര്‍ത്തിയാവാത്ത പോലിസ് ഉദ്യോഗസ്ഥരടക്കം 89 പ്രതികള്‍ക്കെതിരേര സിബിഐ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു. ഇവരുടെ വിചാരണ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് സവായ് മധോപൂര്‍ മുമ്പാകെ നടന്നുവരികയാണ്.

വിചാരണ നേരിടുന്ന 79 പേരില്‍ 30 പ്രതികളെയാണ് കോടതി ശിക്ഷിച്ചത്. വിചാരണയ്ക്കിടെ അഞ്ച് പ്രതികള്‍ മരിച്ചു. മൂന്ന് പേര്‍ ഒളിവിലായിരുന്നു. മഹേന്ദ്ര സിങ് തന്‍വര്‍ എന്ന മഹേന്ദര്‍ സിങ് കല്‍ബെലിയ, അന്നത്തെ ഡെപ്യൂട്ടി എസ്പി സവായ് മധോപൂര്‍, രാധേഷ്യാം മാലി, പരമാനന്ദ് മീണ, ബല്ലോ എന്ന ബബ്‌ലു മാലി, പൃഥ്വിരാജ് മീണ, രാംചരണ്‍ മീണ, ചിരഞ്ജിലാല്‍ മീണ, ഷേര്‍സിങ് മാലി, ഹര്‍ജി മാലി, രമേഷ് മീണ, കാലു, ബജ്‌റംഗ ഖാതിക്, മുരാരി മീണ, ചതുര്‍ഭുജ് മീണ, ബന്‍വാരി മീണ, രാംകരണ്‍മീണ, ഹന് സ്രാജ് മാലി, ശങ്കര്‍ലാല്‍ മാലി, ബന്‍വാരി മീണ, ധര്‍മേന്ദ്ര മീണ, ഗുമന്‍ മീണ, യോഗേന്ദ്ര നാഥ്, ബ്രിജേഷ് മാലി, ഹനുമാന്‍ എന്ന ദഗ, രാംജലിലാല്‍, മഖന്‍ മീണ, രാംഭറോസി മീന, മോഹന്‍, മുകേഷ്, ശ്യാംലാല്‍ മാലി എന്നിവര്‍ക്കാണ് സവായ് മധോപൂര്‍ അഡീഷനല്‍ സെഷന്‍സ് ജഡ്ജി ജീവപര്യന്തം ശിക്ഷ വിധിച്ചത്.

Next Story

RELATED STORIES

Share it