Sub Lead

'ലൗജിഹാദ്' കള്ളക്കേസില്‍ സസ്‌പെന്റ് ചെയ്ത മുസ് ലിം അധ്യാപകരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികളുടെ പ്രതിഷേധം(വീഡിയോ)

ലൗജിഹാദ് കള്ളക്കേസില്‍ സസ്‌പെന്റ് ചെയ്ത മുസ് ലിം അധ്യാപകരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികളുടെ പ്രതിഷേധം(വീഡിയോ)
X

കോട്ട: 'ലൗ ജിഹാദ്', 'നിര്‍ബന്ധിത മതപരിവര്‍ത്തനം' തുടങ്ങിയ കള്ളക്കേസുകള്‍ ചുമത്തി സസ്‌പെന്റ് ചെയ്ത മുസ് ലിം അധ്യാപകരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികളുടെ സമരം. രാജസ്ഥാനിലെ കോട്ട ജില്ലയിലെ ഖജൂരി ഗ്രാമത്തിലുള്ള സംഗോഡ് സീനിയര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ഉപജില്ലാ മജിസ്‌ട്രേറ്റിന്റെ ഓഫിസിലെത്തി പ്രതിഷേധിച്ചത്. തങ്ങളുടെ സ്‌കൂളിലെ മൂന്ന് മുസ് ലിം അധ്യാപകരെ അന്യായമായി സസ്‌പെന്റ് ചെയ്ത നടപടി പിന്‍വലിക്കണമെന്നും കള്ളക്കേസ് ചുമത്തിയതാണെന്നും വിദ്യാര്‍ഥികള്‍ അധികാരികളെ അറിയിച്ചു. മാത്രമല്ല, വ്യാജ ആരോപണം ഉന്നയിച്ച ഗ്രാമത്തിലെ സര്‍പാഞ്ച് ഉള്‍പ്പെടെയുള്ള 17 പേരുടെ പട്ടികയും വിദ്യാര്‍ഥികള്‍ ബന്ധപ്പെട്ടവര്‍ക്ക് കൈമാറി.

ബിജെപി ഭരിക്കുന്ന രാജസ്ഥാനിലെ കോട്ടയിലുള്ള സംഗോഡ് സീനിയര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പിടി അധ്യാപകനായ മുജാഹിദ് മിര്‍സ, ലോവര്‍ പ്രൈമറി അധ്യാപകരായ ഫിറോസ് ഖാന്‍, ഷബാന എന്നിവരെയാണ് ഫെബ്രുവരി 21ന് വിദ്യാഭ്യാസ വകുപ്പ് സസ്‌പെന്റ് ചെയ്തത്. സംസ്ഥാന വിദ്യാഭ്യാസ മന്ത്രി മദന്‍ ദിലാവറിന്റെ സന്ദര്‍ശന വേളയില്‍ കോട്ടയിലെ ഹിന്ദുത്വ സംഘടനകളുടെ കൂട്ടായ്മയായ സര്‍വ് ഹിന്ദു സമാജ് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. സ്‌കൂളില്‍ ജിഹാദി പ്രവര്‍ത്തനങ്ങളും മത പരിവര്‍ത്തനവും 'ലൗ ജിഹാദും' നടത്തുന്നു എന്ന വ്യാജ ആരോപണമാണ് നിവേദനത്തില്‍ ഉന്നയിച്ചിരുന്നത്. 2020ല്‍ ഹിന്ദു പെണ്‍കുട്ടി മുസ് ലിം യുവാവുമായി പ്രണയിച്ച് സ്വന്തം ഇഷ്ടപ്രകാരം നാടുവിട്ട് മിശ്രവിവാഹം നടത്തിയിരുന്നു. ഇതിന്റെ പേരിലാണ് അധ്യാപകര്‍ക്കെതിരേ ഹിന്ദുത്വര്‍ കള്ളപ്പരാതി നല്‍കിയത്. 2019ല്‍ ഈ സ്‌കൂളില്‍ പഠിച്ച പെണ്‍കുട്ടി 2020ല്‍ ബിരുദം നേടിയ ശേഷമാണ് യുവാവിനോടൊപ്പം പോയത്. ഇതിനു പിന്നില്‍ സ്‌കൂളിലെ മൂന്ന് മുസ് ലിം അധ്യാപകരാണെന്ന കുടുംബത്തിന്റെ ആരോപണത്തിന്റെ മറപിടിച്ചാണ് കോട്ട ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ മൂവരെയും സസ്‌പെന്റ് ചെയ്തത്.

മേലുദ്യോഗസ്ഥന്റെ ഉത്തരവ് ലഭിച്ച അന്നുതന്നെ സ്‌കൂള്‍ പ്രിന്‍സിപ്പല്‍(ഇന്‍ചാര്‍ജ്) കമലേഷ് കുമാര്‍ ബെര്‍വ മൂവരെയും സസ്‌പെന്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ അധ്യാപകര്‍ക്കെതിരായ ആരോപണങ്ങളെല്ലാം അധ്യാപകരും പ്രിന്‍സിപ്പല്‍ കമലേഷ് കുമാര്‍ ബെര്‍വയും നിഷേധിച്ചിരുന്നു. അന്വേഷണ ഭാഗമായി കോട്ട ജില്ലാ വിദ്യാഭ്യാസ വകുപ്പ് അധ്യാപകരോടും സ്‌കൂള്‍ പ്രിന്‍സിപ്പലിനോടും വിശദീകരണം തേടിയിരുന്നു. സ്‌കൂളിലെ ഹിന്ദുക്കളായ 15 അധ്യാപകരില്‍ 12 പേരും ആരോപണങ്ങള്‍ നിഷേധിച്ച് ജില്ലാ വിദ്യാഭ്യാസ വകുപ്പിന് കത്തയക്കുകയും ചെയ്തിരുന്നു. മതപരിവര്‍ത്തനം, 'ലൗ ജിഹാദ്', നമസ്‌കാരം തുടങ്ങിയ ഒരു പ്രവര്‍ത്തനവും സസ്‌പെന്‍ഡ് ചെയ്യപ്പെട്ട അധ്യാപകര്‍ ചെയ്തിട്ടില്ലെന്ന് ഓരോ അധ്യാപകനും പ്രത്യേകം എഴുതിയ കത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതൊന്നും വകവയ്ക്കാതെയാണ് മുസ് ലിം അധ്യാപകരെ സസ്‌പെന്റ് ചെയ്തത്. സ്‌കൂളില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ മാത്രമേ നടത്താറുള്ളൂവെന്നും മതപരമായ പ്രവര്‍ത്തനങ്ങളൊന്നും നടക്കുന്നില്ലെന്നും അധ്യാപകര്‍ കത്തില്‍ ഊന്നിപ്പറയുന്നുണ്ട്. മൂന്ന് അധ്യാപകരും തങ്ങളുടെ വിഷയങ്ങള്‍ വളരെ കാര്യക്ഷമമായി പഠിപ്പിക്കുന്നവരാണെന്നും ഞാന്‍ 2021ല്‍ സ്‌കൂളില്‍ ചേര്‍ന്നതുമുതല്‍ ഇവരുടെ ഭാഗത്തുനിന്ന് അസാധാരണമോ മോശമോ ആയ യാതൊരു പെരുമാറ്റവും ഉണ്ടായിട്ടില്ലെന്നും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ (ഇന്‍ചാര്‍ജ്) കമലേഷ് കുമാര്‍ ബെര്‍വ പറഞ്ഞു. ഇത് വളരെ ദൗര്‍ഭാഗ്യകരമാണ്. അധ്യാപകര്‍ക്കെതിരേ ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ചപ്പോള്‍ ഞെട്ടിപ്പോയെന്നും അദ്ദേഹം പറഞ്ഞു. അധ്യാപകരെ സസ്‌പെന്റ് ചെയ്‌തെന്ന വിവരമറിഞ്ഞ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ഒന്നടങ്കം നേരത്തേ സ്‌കൂളില്‍ പ്രതിഷേധിക്കുകയും പൊട്ടിക്കരഞ്ഞ് അധ്യാപകര്‍ക്ക് പിന്തുണയുമായെത്തുകയും ചെയ്തിരുന്നു. ഇപ്പോള്‍ പ്രതിഷേധം രേഖപ്പെടുത്താനായി വിദ്യാര്‍ഥികള്‍ ഖജൂരിലെ ഗ്രാമത്തിലെ സ്‌കൂളില്‍ നിന്ന് സംഗോഡ് ടൗണിലെ എസ്ഡിഎം ഓഫിസിലേക്ക് കിലോമീറ്ററുകള്‍ നടന്നാണ് എത്തിയത്. ഞങ്ങള്‍ക്ക് സ്‌കൂളില്‍ ഒരു പ്രശ്‌നവുമില്ലെന്നും അധ്യാപകരുടെ സസ്‌പെന്‍ഷന്‍ ഉത്തരവ് പിന്‍വലിച്ചാലേ വീണ്ടും പഠിക്കാന്‍ പോവുകയുള്ളൂവെന്നും എന്ത് വിലകൊടുത്തും ഞങ്ങളുടെ അധ്യാപകരെ തിരികെ കൊണ്ടുവരണമെന്നും വിദ്യാര്‍ഥികള്‍ രോഷത്തോടെ പറയുന്നുണ്ട്. രണ്ട് വര്‍ഷത്തിലേറെയായി ഈ അധ്യാപകരെല്ലാം തങ്ങളെ പഠിപ്പിക്കുന്നുണ്ടെന്നും യാതൊരു പരാതിയുമില്ലെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. അധ്യാപകര്‍ക്കെതിരേ വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നല്‍കിയവര്‍ ചില വിദ്യാര്‍ഥികളെ കബളിപ്പിച്ച് തെറ്റായ മൊഴി രേഖപ്പെടുത്തിയതായും വിദ്യാര്‍ഥികള്‍ ആരോപിച്ചു. വിദ്യാര്‍ഥികളുടെ പരാതി കേട്ട ഉപജില്ലാ മജിസ്‌ട്രേറ്റ് അന്വേഷിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കാമെന്ന് ഉറപ്പ് നല്‍കിയതോടെയാണ് വിദ്യാര്‍ഥികള്‍ പിരിഞ്ഞുപോയത്.

Next Story

RELATED STORIES

Share it