Sub Lead

സിബിഐയില്‍ വീണ്ടും സ്ഥാനചലനം: രാകേഷ് അസ്താനയെ നീക്കി

വിമാനത്താവളങ്ങളുടേയും വിമാനസുരക്ഷയുടെയും ചുമതലയുള്ള വ്യോമയാനാ സുരക്ഷാ വിഭാഗത്തിലേക്കാണ് അസ്താനയെ മാറ്റിയത്. അസ്താനക്ക് പുറമെ സിബിഐ ഉന്നത ഉദ്യോഗസ്ഥരായ എ കെ ശര്‍മ, എം കെ സിന്‍ഹ, ജയന്ത് നായിക്‌നാവരെ എന്നിവരെയും മാറ്റി.

സിബിഐയില്‍ വീണ്ടും സ്ഥാനചലനം:  രാകേഷ് അസ്താനയെ നീക്കി
X
ന്യൂഡല്‍ഹി: വിവാദ ഉദ്യോഗസ്ഥനും മുന്‍ സ്‌പെഷ്യല്‍ ഡയറക്ടറുമായ രാകേഷ് അസ്താനയെ പദവയില്‍ നിന്നു നീക്കി. സിബിഐ ഡയറക്ടറായിരുന്ന അലോക് വര്‍മയെ നീക്കി ദിവസങ്ങള്‍ക്കകമാണ് സിബിഐയില്‍ രണ്ടാമനായിരുന്ന രാകേഷ് അസ്താനയെ കേന്ദ്രസര്‍ക്കാര്‍ പദവിയില്‍നിന്നു നീക്കിയത്. വിമാനത്താവളങ്ങളുടേയും വിമാനസുരക്ഷയുടെയും ചുമതലയുള്ള വ്യോമയാനാ സുരക്ഷാ വിഭാഗത്തിലേക്കാണ് അസ്താനയെ മാറ്റിയത്.

അസ്താനക്ക് പുറമെ സിബിഐ ഉന്നത ഉദ്യോഗസ്ഥരായ എ കെ ശര്‍മ, എം കെ സിന്‍ഹ, ജയന്ത് നായിക്‌നാവരെ എന്നിവരെയും മാറ്റി. രാവിലെ ചേര്‍ന്ന കാബിനറ്റ് സെലക്ഷന്‍ സമിതിയുടേതാണ് തീരുമാനം. എ കെ ശര്‍മയെ സിആര്‍പിഎഫ് അഡീ. ഡയറക്ടര്‍ ജനറലായും എം കെ സിന്‍ഹയെ പോലിസ് റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് ബ്യൂറോയിലേക്കുമാണ് മാറ്റിയത്. പുതിയ സിബിഐ മേധാവിയെ നിയമിക്കുന്നതിനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി 24ന് ചേരാനിരിക്കെയാണ് ഇവരുടെ സ്ഥാനചലനം.

നേരത്തേ, അലോക് വര്‍മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കിയ സംഭവത്തില്‍ സര്‍ക്കാര്‍ പ്രതികൂട്ടില്‍നില്‍ക്കുകയാണ്.പ്രധാനമന്ത്രി അധ്യക്ഷനായ ഉന്നതാധികാര സമിതി യോഗത്തിലാണ് അലോക് വര്‍മ്മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നീക്കാന്‍ തീരുമാനമെടുത്തത്.ജസ്റ്റിസ് എ കെ സിക്രിയും പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും യോഗത്തില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ അലോക് വര്‍മ്മയെ പുറത്താക്കാനുള്ള തീരുമാനത്തെ മല്ലികാര്‍ജുന്‍ ഖാര്‍ഗെ എതിര്‍ത്തു.

ഇത് മറികടന്നാണ് അലോക് വര്‍മ്മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയത്. തുടര്‍ന്ന് അലോക് വര്‍മ്മയെ ഫയര്‍ സര്‍വീസ് ഡയറക്ടര്‍ ജനറലായി നിയമിച്ചെങ്കിലും അദ്ദേഹം സ്ഥാനം ഏറ്റെടുക്കാതെ സര്‍വ്വീസില്‍നിന്ന് രാജിവെക്കുകയായിരുന്നു. സുപ്രിംകോടതി പുനര്‍നിയമിച്ചതിന്റെ തൊട്ടടുത്ത ദിവസം തന്നെ അലോക് വര്‍മയെ നീക്കിയതിനെ കോണ്‍ഗ്രസ് ചോദ്യം ചെയ്തിരുന്നു. അതിനിടെ, താല്‍ക്കാലിക ഡയറക്ടറായി എം നാഗേശ്വര്‍ റാവുവിനെ നിയമിച്ച ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു സംഘടന സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it