Sub Lead

ഗുജറാത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ലെന്ന് രാഹുല്‍; തന്നെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചത് ബിജെപി സ്ഥാനാര്‍ഥിയെന്ന് കാന്തിഭായിയുടെ വെളിപ്പെടുത്തല്‍

ഗുജറാത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ലെന്ന് രാഹുല്‍; തന്നെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചത് ബിജെപി സ്ഥാനാര്‍ഥിയെന്ന് കാന്തിഭായിയുടെ വെളിപ്പെടുത്തല്‍
X

ന്യൂഡല്‍ഹി: ഗുജറാത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ലെന്ന പരാതിയുമായി രാഹുല്‍ഗാന്ധി എംപി രംഗത്ത്. ദണ്ഡ മണ്ഡലത്തിലെ കോണ്‍ഗ്രസ് സിറ്റിങ് എംഎല്‍എയും ആദിവാസി വിഭാഗം സ്ഥാനാര്‍ഥിയുമായ കാന്തിഭായി ഖരാഡിയെയാണ് കാണാതായത്. ബിജെപി ഗുണ്ടകള്‍ കാന്തിഭായിയെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. എന്നാല്‍, ഭയക്കില്ലെന്നും ഉറച്ചുനിന്ന് പൊരുതുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. അര്‍ധ സൈനിക വിഭാഗങ്ങളെ ഗുജറാത്തില്‍ നിയമിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നതാണ്.

എന്നാല്‍, കമ്മീഷന്‍ അതിന് തയ്യാറായില്ല. കമ്മീഷന്‍ ഉറക്കം തുടരുകയായിരുന്നു. 'ബിജെപിയോടാണ്, ഞങ്ങള്‍ ഭയക്കുന്നില്ല, ഞങ്ങള്‍ ഭയക്കുകയില്ല. ഉറച്ചുനിന്ന് പൊരുതും'- രാഹുലിന്റെ ട്വീറ്റ് അവസാനിക്കുന്നത് ഇങ്ങനെയാണ്. ഗുജറാത്തില്‍ ഇന്ന് അവസാന ഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കുന്നതിനിടെയാണ് സ്ഥാനാര്‍ഥിയെ കാണാനില്ലെന്ന പരാതി ഉയര്‍ന്നത്. അതേസമയം, തന്നെ ബിജെപി നേതാക്കള്‍ തട്ടിക്കൊണ്ടുപോയെന്ന രാഹുലിന്റെ ട്വീറ്റ് സ്ഥിരീകരിച്ച് സ്ഥാനാര്‍ഥി കാന്തിഭായി ഖരാഡ് രംഗത്തുവന്നു. മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയായ ലാധു പാര്‍ഗിയും സംഘവുമാണ് തന്നെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചതെന്ന് ഖരാഡ് വെളിപ്പെടുത്തി.

ബിജെപി ആക്രമണത്തില്‍ നിന്ന് ഓടിരക്ഷപ്പെട്ടതാണ്. വോട്ടര്‍മാരെ കാണാനായി ഞങ്ങളുടെ വാഹനങ്ങള്‍ ബമോദരയിലൂടെ പോവുമ്പോള്‍ ബിജെപി സ്ഥാനാര്‍ഥിയും സംഘവും വന്ന് വഴിതടയുകയായിരുന്നു. തുടര്‍ന്ന് തങ്ങള്‍ അവിടെ നിന്ന് മടങ്ങാന്‍ ശ്രമിച്ചപ്പോള്‍ കൂടുതല്‍ പേരെത്തുകയും വാളുകളുമായി ആക്രമിക്കുകയുമായിരുന്നു. ജീവന്‍ കൈയില്‍ പിടിച്ച് 15 കിലോമീറ്ററാണ് തങ്ങള്‍ വാഹനവുമായി പോയത്. രണ്ടുമണിക്കൂറോളം കാട്ടില്‍ തുടരുകയായിരുന്നു. താന്‍ ജനങ്ങളെ കാണാന്‍ പോവുകയായിരുന്നു.

ബിജെപി സ്ഥാനാര്‍ഥി ലാധു പാര്‍ഗിയും എല്‍ കെ ബറാദും സഹോദരന്‍ വദന്‍ ജിയും ചേര്‍ന്നാണ് തന്നെ വളഞ്ഞിട്ട് ആക്രമിച്ചത്. അവരുടെ കൈയില്‍ ആയുധങ്ങളുണ്ടായിരുന്നു. അവര്‍ വാള്‍ കൊണ്ട് തന്നെ ആക്രമിച്ചു. സംഭവിച്ച കാര്യങ്ങള്‍ നിര്‍ഭാഗ്യകരമാണ്. ഉടന്‍തന്നെ താന്‍ മണ്ഡലത്തിലേക്ക് പോവും'- ഖരാഡ് പറഞ്ഞു. ആഴ്ചകള്‍ നീണ്ട ശക്തമായ പ്രചാരണത്തിനൊടുവിലാണ് ഗുജറാത്തില്‍ ഇന്ന് അവസാന ഘട്ട വേട്ടെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസ് ബിജെപി പാര്‍ട്ടികള്‍ക്ക് പുറമെ ആം ആദ്മിയും ശക്തമായി മല്‍സരരംഗത്തുണ്ടെന്നാണ് ഈ തിരഞ്ഞെടുപ്പിന്റെ പ്രത്യേകത.

Next Story

RELATED STORIES

Share it