Sub Lead

ബലാല്‍സംഗക്കേസ്: നടന്‍ സിദ്ദീഖിനു വേണ്ടി വിമാനത്താവളങ്ങളില്‍ ലുക്ക് ഔട്ട് നോട്ടീസ്

ബലാല്‍സംഗക്കേസ്: നടന്‍ സിദ്ദീഖിനു വേണ്ടി വിമാനത്താവളങ്ങളില്‍ ലുക്ക് ഔട്ട് നോട്ടീസ്
X

കൊച്ചി: നടിയെ ബലാല്‍സംഗം ചെയ്‌തെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനു പിന്നാലെ നടന്‍ സിദ്ദിഖിനു വേണ്ടി വിമാനത്താവളങ്ങളില്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. സിദ്ദീഖ് വിദേശത്തേക്ക് കടക്കുന്നത് തടയുകയെന്ന ലക്ഷ്യത്തോടെയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെ സിദ്ദിഖിനെ അറസ്റ്റ് ചെയ്യുന്നതില്‍ തടസ്സമില്ലെന്ന് പോലിസ് അറിയിച്ചിരുന്നു. എന്നാല്‍, സിദ്ദീഖ് ഒളിവിലാണെന്നാണ് പോലിസ് പറയുന്നത്. സിദ്ദീഖിന്റെ എല്ലാ നമ്പറുകളും സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. കൊച്ചിയിലെ ഹോട്ടലുകളും സുഹൃത്തുക്കളുടെ വീടുകളും കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നുണ്ട്. മകന്‍ അഭിഭാഷകരുമായി ചര്‍ച്ച നടത്തിയതായും റിപോര്‍ട്ടുണ്ട്.

തിരുവനന്തപുരത്തെ ഹോട്ടലില്‍ യുവനടിയെ ബലാല്‍സംഗം ചെയ്‌തെന്ന കേസിലാണ് നടപടി. സിദ്ദീഖിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നാണ പ്രോസിക്യൂഷന്‍ ആവശ്യം അംഗീകരിച്ചാണ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഡി എസ് ഡയസ് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.

സിദ്ദിഖ് പലകാര്യങ്ങളും മറച്ചുവച്ചെന്നും ഇരുവരും മസ്‌ക്കറ്റ് ഹോട്ടലില്‍ എത്തിയതിന് തെളിവുണ്ടെന്നും സര്‍ക്കാരിനായി ഹാജരായ അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി നാരായണന്‍ കോടതിയില്‍ വാദിച്ചു. സിനിമയുടെ സ്‌ക്രീനിങ്ങുമായി ബന്ധപ്പെട്ടതിന്റെയും ഇരുവരും സംഭവ ദിവസം മസ്‌കറ്റ് ഹോട്ടലില്‍ എത്തിയതിന്റേയും തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.

നടിയുടെ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ സിദ്ദീഖിനെതിരേ ബലാല്‍സംഗക്കുറ്റം ചുമത്തി തിരുവനന്തപുരം മ്യൂസിയം പോലിസ് കേസെടുത്തിരുന്നു. 2016ല്‍ പീഡിപ്പിച്ചതായാണ് യുവനടി വെളിപ്പെടുത്തിയത്. തുടര്‍ന്ന് 376, 506 വകുപ്പുകള്‍ അനുസരിച്ചാണ് കേസെടുത്തത്. ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് 'അമ്മ' ജനറല്‍ സെക്രട്ടറി സ്ഥാനം സിദ്ദിഖ് രാജിവച്ചിരുന്നു.

Next Story

RELATED STORIES

Share it