Sub Lead

രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റുചെയ്ത വിമത ആന്ധ്രാ എംപിക്ക് ജാമ്യം അനുവദിച്ച് സുപ്രിംകോടതി

രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റുചെയ്ത വിമത ആന്ധ്രാ എംപിക്ക് ജാമ്യം അനുവദിച്ച് സുപ്രിംകോടതി
X

ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റുചെയ്ത ആന്ധ്രാപ്രദേശിലെ വിമത എംപി കനുമുരി രഘു രാമകൃഷ്ണ രാജുവിന് സുപ്രിംകോടതി ജാമ്യം അനുവദിച്ചു. ആന്ധ്രാപ്രദേശ് പോലിസിന്റെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപാര്‍ട്ട്‌മെന്റ് (സിഐഡി) വിഭാഗമാണ് വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തന്നെ എംപിയായ രഘു രാമകൃഷ്ണ രാജുവിനെ ഒരാഴ്ച മുമ്പ് അറസ്റ്റുചെയ്തിരുന്നത്. കസ്റ്റഡിയിലിരിക്കെ രഘു രാമകൃഷ്ണന് പരിക്കേറ്റിരുന്നതായി ആര്‍മി ഹോസ്പിറ്റലില്‍നിന്ന് സമര്‍പ്പിച്ച റിപോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇത് കണക്കിലെടുത്താണ് സുപ്രിംകോടതി ജാമ്യം അനുവദിച്ചത്.

ഈ പരിക്കുകള്‍ കണക്കിലെടുത്ത് കസ്റ്റഡിയിലിരിക്കെ ഇദ്ദേഹത്തോട് വീണ്ടും മോശമായി പെരുമാറാന്‍ സാധ്യതയുണ്ടെന്ന് പ്രഥമദൃഷ്ട്യാ കണ്ടെത്തിയ സാഹചര്യത്തിലാണ് ജാമ്യം അനുവദിക്കുന്നതെന്ന് സുപ്രിംകോടതി ജാമ്യം അനുവദിക്കവെ വ്യക്തമാക്കി. നര്‍സപുരം എംപിയാണ് രഘു രാമകൃഷ്ണ രാജു. വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതാവും ആന്ധ്രാ മുഖ്യമന്ത്രിയുമായ വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡിക്കെതിരേ സ്വീകരിച്ച നടപടികളെ തുടര്‍ന്നാണ് രഘു രാമകൃഷ്ണ രാജു അറസ്റ്റിലായതെന്നാണ് റിപോര്‍ട്ടുകള്‍.

കണക്കില്‍പെടാത്ത സ്വത്ത് സമ്പാദന കേസില്‍ ജഗന്‍ മോഹന്‍ റെഡ്ഡിക്ക് നല്‍കിയ ജാമ്യം റദ്ദാക്കാന്‍ സിബിഐയുടെ പ്രത്യേക കോടതിയോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് രാജുവിന്റെ അറസ്റ്റ്. കൂടാതെ മുഖ്യമന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജിയും റെഡ്ഡിയുടെ കടുത്ത വിമര്‍ശകനായ എംപി നല്‍കിയിട്ടുണ്ട്. ഹൈദരാബാദിലെ വസതിയില്‍നിന്നാണ് എംപിയെ അറസ്റ്റുചെയ്തിരുന്നത്.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 120 ബി ക്രിമിനല്‍ ഗൂഢാലോചന, 124 എ രാജ്യദ്രോഹം, 153 എ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുക, 505 വ്യക്തികളെയോ പ്രത്യേക വര്‍ഗത്തെയോ കുറ്റകൃത്യം ചെയ്യാന്‍ പ്രേരിപ്പിക്കുക എന്നീ വകുപ്പുകള്‍ പ്രകാരമാണ് നര്‍സപുരം എംപിക്കെതിരെ കേസെടുത്തത്. എന്നാല്‍ രഘു രാമകൃഷ്ണ രാജു ചില സമുദായങ്ങള്‍ക്കെതിരെ വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുകയാണെന്നും സര്‍ക്കാരിനെതിരേ അസംതൃപ്തി വളര്‍ത്തുകയാണെന്നും എംപിയെ അറസ്റ്റുചെയ്യവേ സിഐഡി പറഞ്ഞു. വിഷയത്തില്‍ പ്രാഥമികാന്വേഷണത്തിന് എഡിജി ഉത്തരവിട്ടതായും സിഐഡി അധികൃതര്‍ അറിയിച്ചിരുന്നു.

Next Story

RELATED STORIES

Share it