Sub Lead

ന്യൂ മാഹി ഉള്‍പ്പെടെ കണ്ണൂരില്‍ അഞ്ചിടത്ത് റെഡ് സോണ്‍

ന്യൂ മാഹി ഉള്‍പ്പെടെ കണ്ണൂരില്‍ അഞ്ചിടത്ത് റെഡ് സോണ്‍
X

കണ്ണൂര്‍: കൊറോണയുടെ സാമൂഹിക വ്യാപനം തടയുന്നതിന്റെ ഭാഗമായി ന്യൂ മാഹി പഞ്ചായത്തിനെ കൂടി റെഡ് സോണില്‍ ഉള്‍പ്പെടുത്തി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ഉത്തരവിറക്കി. നേരത്തേ നാലിടങ്ങള്‍ റെഡ് സോണില്‍ ഉള്‍പ്പെടുത്തിയിരുന്നു. കൂത്തുപറമ്പ് നഗരസഭ, പാട്യം, കതിരൂര്‍, കോട്ടയം മലബാര്‍ പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലാണ് ഇന്നലെ റെഡ് സോണായി പ്രഖ്യാപിച്ചിരുന്നത്. ഇവിടങ്ങളില്‍ ആരും പുറത്തിറങ്ങരുതെന്നും കലക്ടര്‍ അറിയിച്ചു. എട്ട് തദ്ദേശ സ്ഥാപനങ്ങളെ ഓറഞ്ച് സോണിലും മറ്റുള്ളവയെ ഓറഞ്ച് സോണിലുമാണ് ഉള്‍പ്പെടുത്തിയത്. ജില്ലയുടെ ചില ഭാഗങ്ങളില്‍ സമ്പര്‍ക്കം മൂലമുള്ള കൊറോണ ബാധ കൂടിവരുന്ന സാഹചര്യത്തിലാണ് നടപടി ശക്തമാക്കിയത്. വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം, വീടുകളില്‍ ക്വാറന്റൈനില്‍ കഴിയുന്നവരുടെ എണ്ണം എന്നിവ അടിസ്ഥാനമാക്കിയാണ് തദ്ദേശസ്ഥാപനങ്ങളെ മൂന്നു സോണുകളായി തരംതിരിച്ചത്.

തലശ്ശേരി, പാനൂര്‍ നഗരസഭകള്‍, ന്യൂമാഹി, മൊകേരി, പന്ന്യന്നൂര്‍, ചിറ്റാരിപ്പറമ്പ്, ചൊക്ലി, നടുവില്‍ പഞ്ചായത്തുകളാണ് ഓറഞ്ച് സോണില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ജില്ലയിലെ മറ്റ് തദ്ദേശ സ്ഥാപനങ്ങള്‍ യെല്ലോ സോണിലാണ്. അഞ്ചോ അതിലധികമോ കൊറോണ പോസിറ്റീവ് കേസുകളും 2000ല്‍ കൂടുതല്‍ ഹോം ക്വാറന്റൈന്‍ കേസുകളുമുള്ള പ്രദേശങ്ങളെയാണ് റെഡ് സോണില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. രണ്ടു മുതല്‍ അഞ്ചു വരെ പോസിറ്റീവ് കേസുകളും 500 മുതല്‍ 2000 വരെ ഹോം ക്വാറന്റൈന്‍ കേസുകളും ഉള്ള പ്രദേശങ്ങളാണ് ഓറഞ്ച് സോണില്‍.

റെഡ് സോണ്‍ പ്രഖ്യാപിക്കപ്പെട്ട സ്ഥലങ്ങളില്‍ മെഡിക്കല്‍ ഷോപ്പുകള്‍ ഒഴികെയുള്ള ഒരു വ്യാപാര സ്ഥാപനവും തുറക്കില്ല. അവശ്യ സാധനങ്ങളെല്ലാം തദ്ദേശ സ്ഥാപനതല കോള്‍ സെന്റര്‍ വഴി വീടുകളിലെത്തിക്കും. ഇതിന് തദ്ദേശ സ്ഥാപനങ്ങള്‍ നേതൃത്വം നല്‍കും. ഇവിടങ്ങളില്‍ റേഷന്‍ കടകള്‍, മറ്റ് സിവില്‍ സപ്ലൈസ് ഷോപ്പുകള്‍, ബാങ്കുകള്‍, മല്‍സ്യ-മാംസ മാര്‍ക്കറ്റുകള്‍ ഉള്‍പ്പെടെ അടച്ചിടും. ആളുകളുടെ സഞ്ചാരം കര്‍ശനമായി നിയന്ത്രിക്കും. ആളുകള്‍ വീടുകള്‍ക്ക് പുറത്തിറങ്ങുന്നതും ഒരുമിച്ചു കൂടുന്നതും കര്‍ശനമായി തടയും. ഈ പ്രദേശങ്ങളിലേക്ക് പുറമെ നിന്നുള്ളവര്‍ പ്രവേശിക്കുന്നതിനും വിലക്കുണ്ട്. മുതിര്‍ന്ന പൗരന്‍മാര്‍, ഗര്‍ഭിണികള്‍ തുടങ്ങി പ്രത്യേക ശ്രദ്ധ ആവശ്യമുള്ളവരുടെ ആരോഗ്യനില ആശാ വര്‍ക്കര്‍മാര്‍ ദിനേന വിലയിരുത്തി നടപടികള്‍ സ്വീകരിക്കും.

ഓറഞ്ച് സോണുകളില്‍ മെഡിക്കല്‍ ഷോപ്പുകള്‍, റേഷന്‍ കടകള്‍, ബാങ്കുകള്‍ എന്നിവ തുറന്നു പ്രവര്‍ത്തിക്കും. അതേസമയം, അവശ്യസാധനങ്ങള്‍ ലഭ്യമാക്കാന്‍ ഏതൊക്കെ പ്രദേശങ്ങളില്‍, എത്ര കടകള്‍, എത്രസമയം തുറന്നു പ്രവര്‍ത്തിക്കണമെന്നതിനെ കുറിച്ച് തദ്ദേശ സ്ഥാപനതലത്തിലുള്ള സേഫ്റ്റി കമ്മിറ്റി ചര്‍ച്ച ചെയ്ത് തീരുമാനിക്കും. കൂടുതല്‍ പോസിറ്റീവ് കേസുകളുള്ളതും കൂടുതല്‍ പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നതുമായ വാര്‍ഡുകളില്‍ നിയന്ത്രണം കര്‍ക്കശമാക്കുകയും മറ്റിടങ്ങളില്‍ നിയന്ത്രണത്തിന് വിധേയമായി കടകള്‍ തുറക്കുകയും ചെയ്യുന്ന രീതിയാണ് ഇവിടങ്ങളില്‍ അവലംബിക്കുക. മല്‍സ്യമാംസ മാര്‍ക്കറ്റുകള്‍ തുറക്കുന്ന കാര്യത്തിലും തദ്ദേശ സ്ഥാപനതല കമ്മിറ്റിയാണ് തീരുമാനമെടുക്കുക.

തദ്ദേശസ്ഥാപന അധ്യക്ഷന്‍, ബന്ധപ്പെട്ട പോലിസ് സ്‌റ്റേഷനിലെ എസ്എച്ച്ഒ, പിഎച്ച്‌സിയിലെ മെഡിക്കല്‍ ഓഫിസര്‍, തദ്ദേശ സ്ഥാപന സെക്രട്ടറി(കണ്‍വീനര്‍), വില്ലേജ് ഓഫിസര്‍ എന്നിവര്‍ ഉള്‍പ്പെട്ടതായിരിക്കും സേഫ്റ്റി കമ്മിറ്റി. റെഡ്, ഓറഞ്ച് സോണുകളില്‍പ്പെട്ട പ്രദേശങ്ങളിലെ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ നിബന്ധനകള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് കമ്മിറ്റികള്‍ ഉറപ്പുവരുത്തും. ഐസൊലേഷനില്‍ കഴിയുന്നവരുള്ള 20 വീടുകള്‍ക്ക് ഒരു കമ്മിറ്റി എന്ന രീതിയിലായിരിക്കും ഇവ പ്രവര്‍ത്തിക്കുക. വാര്‍ഡ് മെംബര്‍, പഞ്ചായത്ത്/വില്ലേജ് ജീവനക്കാരന്‍ (കണ്‍വീനര്‍), സിവില്‍ പോലിസ് ഓഫിസര്‍ എന്നിവരടങ്ങുന്നതാവും സമിതി. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന മുഴുവന്‍ പേരും കോവിഡ് കെയര്‍ കേരള എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത് അതില്‍ മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് കമ്മിറ്റി ഉറപ്പുവരുത്തും. ദിവസവും മൂന്നുനേരം ഇവരെ വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കും. കൊറോണ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെക്കുറിച്ചുള്ള റിപോര്‍ട്ട് മെഡിക്കല്‍ ഓഫിസര്‍ക്ക് കൈമാറും.

നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ ശിക്ഷ

ഹോം ഐസൊലേഷനില്‍ കഴിയുന്നവര്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതായി ശ്രദ്ധയില്‍പ്പെട്ടാല്‍ അവര്‍ക്കെതിരേ കേസെടുക്കുകയും അഞ്ചരക്കണ്ടിയിലെ പ്രത്യേക കോവിഡ് ആശുപത്രിയിലേക്കോ മറ്റേതെങ്കിലും കൊറോണ കെയര്‍ സെന്ററിലേക്കോ മാറ്റുകയും ചെയ്യും. സോണുകള്‍ തിരിച്ചുള്ള നിയന്ത്രണങ്ങള്‍ പാലിക്കപ്പെടുന്നുവെന്നും പഞ്ചായത്ത്-ലോക്കല്‍ സേഫ്റ്റി കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നുവെന്നും തഹസില്‍ദാര്‍മാര്‍ ഉറപ്പുവരുത്തണം. കേരള എപ്പിഡെമിക് ഡിസീസസ് കോവിഡ് 19 റെഗുലേഷന്‍സ് 2020, ദേശീയ ദുരന്തനിവാരണ നിയമം 2005 എന്നിവ പ്രകാരമാണ് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നത് രണ്ടുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. കൊറോണയുടെ സാമൂഹ്യവ്യാപനം തടയാന്‍ കൈക്കൊണ്ടിട്ടുള്ള ഈ നിയന്ത്രണങ്ങളുമായി എല്ലാവരും സഹകരിക്കണമെന്ന് കലക്ടര്‍ അഭ്യര്‍ഥിച്ചു.


Next Story

RELATED STORIES

Share it