Sub Lead

പ്രവാചക നിന്ദ: ആഗസ്ത് 10 വരെ നുപുര്‍ ശര്‍മയുടെ അറസ്റ്റ് തടഞ്ഞ് സുപ്രിംകോടതി

പ്രവാചക നിന്ദ: ആഗസ്ത് 10 വരെ നുപുര്‍ ശര്‍മയുടെ അറസ്റ്റ് തടഞ്ഞ് സുപ്രിംകോടതി
X

ന്യൂഡല്‍ഹി: പ്രവാചക നിന്ദ പരാമര്‍ശം നടത്തിയ ബിജെപി മുന്‍ വക്താവ് നുപുര്‍ ശര്‍മയെ ആഗസ്ത് 10 വരെ അറസ്റ്റുചെയ്യരുതെന്ന് സുപ്രിംകോടതി. നുപുര്‍ ശര്‍മയ്‌ക്കെതിരേ കേസെടുത്ത എല്ലാ സംസ്ഥാനങ്ങള്‍ക്കും സുപ്രിംകോടതി നോട്ടീസ് അയച്ചു. ഡല്‍ഹിയിലെ ഒഴികെയുള്ള കേസുകള്‍ റദ്ദാക്കണമെന്ന നുപുറിന്റെ ആവശ്യത്തിലാണ് നോട്ടീസ് അയച്ചത്. ഇക്കാര്യത്തില്‍ നിലപാട് അറിയിക്കാന്‍ കേസെടുത്ത സംസ്ഥാനങ്ങളോട് കോടതി നിര്‍ദേശിച്ചു. ആഗസ്ത് 10ന് കേസ് വീണ്ടും പരിഗണിക്കും. അതുവരെയാണ് അറസ്റ്റില്‍ നിന്ന് സംരക്ഷണം നല്‍കിയത്.

ഡല്‍ഹി, മഹാരാഷ്ട്ര, തെലങ്കാന, പശ്ചിമ ബംഗാള്‍, കര്‍ണാടക, ഉത്തര്‍പ്രദേശ്, ജമ്മു കശ്മീര്‍, അസം സംസ്ഥാനങ്ങളിലായി നുപുര്‍ ശര്‍മയ്‌ക്കെതിരേ 9 എഫ്‌ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ പലയിടത്തും അറസ്റ്റ് വാറണ്ടും ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്. അറസ്റ്റില്‍ നിന്ന് സംരക്ഷണം വേണമെന്നും വിവിധ എഫ്‌ഐആറുകള്‍ ഒറ്റ കേസായി പരിഗണിക്കണമെന്നുമാണ് നുപൂര്‍ ഹരജിയില്‍ ആവശ്യപ്പെടുന്നത്. വാദത്തിനിടെ നുപുര്‍ ശര്‍മയ്ക്ക് വിവിധ ഹൈക്കോടതികളെ സമീപിക്കാനുള്ള സാഹചര്യമില്ലെന്ന് അവരുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു.

നുപുര്‍ ശര്‍മയെ വധിക്കാന്‍ പാകിസ്താനില്‍ നിന്ന് നുഴഞ്ഞുകയറിയതായി റിപോര്‍ട്ടുകളുണ്ടെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇക്കാര്യം രേഖപ്പെടുത്തിയ കോടതി, അറസ്റ്റില്‍ നിന്ന് നല്‍കിയ താല്‍ക്കാലിത സംരക്ഷണം, ഭാവിയില്‍ രജിസ്റ്റര്‍ ചെയ്യുന്ന കേസുകള്‍ക്കും ബാധകമാണെന്ന് വ്യക്തമാക്കി. അറസ്റ്റില്‍ നിന്ന് സംരക്ഷണം തേടിയും തനിക്കെതിരേ അവധിക്കാല ബെഞ്ച് നടത്തിയ പരാമര്‍ശങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ടുമാണ് നുപുര്‍ ശര്‍മ സുപ്രിംകോടതിയെ സമീപിച്ചത്. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് പരാമര്‍ശം നടത്തിയത് തന്റെ ഭാഗം കേള്‍ക്കാതെയാണെന്നാണ് ഹരജിയിലെ വാദം.

നേരത്തെ തനിക്കെതിരേ കോടതി നടത്തിയ പരാമര്‍ശവും വിവിധ സംസ്ഥാനങ്ങള്‍ തനിക്കെതിരേ നീക്കം നടത്താന്‍ ഉപയോഗിക്കുന്നു. ഈ പരാമര്‍ശത്തിന്റെ കാര്യത്തില്‍ വ്യക്തത വേണമെന്നും നുപുര്‍ കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ ഹരജി പരിഗണിക്കവെ, രാജ്യത്തെ ഇപ്പോഴത്തെ സാഹചര്യത്തിന് കാരണം നുപുര്‍ ശര്‍മയാണെന്ന് കോടതി രൂക്ഷമായി പരാമര്‍ശിച്ചിരുന്നു. രാജ്യത്തോട് നുപുര്‍ മാപ്പുപറയണമെന്ന നിരീക്ഷണവും കോടതി നടത്തി. എന്നാല്‍, വാക്കാലുള്ള ഈ നിരീക്ഷണം ഉത്തരവില്‍ ഇല്ലായിരുന്നു. പല ഭാഗങ്ങളിലായുള്ള എഫ്‌ഐആറുകള്‍ ഒന്നിച്ച് പരിഗണിക്കണമെന്നാവശ്യപ്പെട്ട് നുപുര്‍ ശര്‍മ നല്‍കിയ ഹരജി പരിഗണിക്കവേയാണ് കോടതി രൂക്ഷവിമര്‍ശനം ഉന്നയിച്ചത്.

Next Story

RELATED STORIES

Share it