Sub Lead

രാമക്ഷേത്രം മതേതരത്വത്തെ ശക്തിപ്പെടുത്തുമെന്ന പരാമര്‍ശം: ലീഗിനെയും സാദിഖലി തങ്ങളെയും പുകഴ്ത്തി 'ജന്‍മഭൂമി'

രാമക്ഷേത്രം മതേതരത്വത്തെ ശക്തിപ്പെടുത്തുമെന്ന പരാമര്‍ശം:  ലീഗിനെയും സാദിഖലി തങ്ങളെയും പുകഴ്ത്തി ജന്‍മഭൂമി
X

കോഴിക്കോട്: ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് നിര്‍മിച്ച രാമക്ഷേത്രം മതേതരത്വത്തെ ദൃഢപ്പെടുത്തുമെന്ന പരാമര്‍ശത്തിനെതിരേ മുസ് ലിംകള്‍ക്കിടയില്‍ വന്‍ അമര്‍ഷമുയരുന്നതിനിടെ മുസ് ലിം ലീഗിനെയും പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെയും പുകഴ്ത്തി ബിജെപി മുഖപത്രമായ 'ജന്‍മഭൂമി'. ഭാരതത്തിന്റെ മുഴുവന്‍ അഭിമാനമായി അയോധ്യയില്‍ ഉയര്‍ന്നുവന്നിരിക്കുന്ന രാമക്ഷേത്രത്തെ പിന്തുണച്ചുകൊണ്ടുള്ള മുസ് ലിംലീഗിന്റെ നിലപാട് ഒരേസമയം സ്വാഗതാര്‍ഹവും കൗതുകകരവുമാണെന്ന് ജന്‍മഭൂമി മുഖപ്രസംഗത്തിലൂടെ വ്യക്തമാക്കി. അയോധ്യയില്‍ രാമക്ഷേത്രം യാഥാര്‍ത്ഥ്യമായതോടെ ആശ്ചര്യകരമായ മാറ്റങ്ങളാണ് രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നു പറഞ്ഞ് തുടങ്ങുന്ന മുഖപ്രസംഗത്തില്‍ രാമക്ഷേത്ര നിര്‍മാണത്തിനെതിരേ പ്രതിഷേധിക്കേണ്ടതില്ലെന്ന് മുസ് ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് വ്യക്തമാക്കിയിരിക്കുന്നതെന്നും അടിവരയിട്ട് പറയുന്നുണ്ട്. രാമക്ഷേത്രം ഭൂരിപക്ഷ സമുദായത്തിന്റെ ആവശ്യമാണെന്നും ബഹുസ്വര സമൂഹത്തില്‍ അത് അംഗീകരിക്കപ്പെടേണ്ടതാണെന്നും ലീഗിലെ അവസാനവാക്കായി കരുതപ്പെടുന്ന അതിന്റെ പരമോന്നത നേതാവുതന്നെ വ്യക്തമാക്കിയതിലെ സന്തോഷമാണ് എഡിറ്റോറിയല്‍ പങ്കുവയ്ക്കുന്നത്. രാമക്ഷേത്രത്തെ അനുകൂലിക്കുന്നതായി വ്യക്തിപരമായ സംഭാഷണത്തില്‍ ലീഗിന്റെ ചില നേതാക്കള്‍ മുന്‍കാലത്ത് അഭിപ്രായപ്പെട്ടിട്ടുണ്ടെങ്കിലും ആ നിലപാട് പരസ്യമായി പറയാന്‍ അവരാരും തയ്യാറായിരുന്നില്ല. അയോധ്യാ പ്രക്ഷോഭത്തെയും രാമക്ഷേത്രത്തെയും രാഷ്ട്രീയമായ കാരണങ്ങളാലും വര്‍ഗീയ പ്രീണനത്തിന്റെ ഫലമായും എതിര്‍ത്തുപോന്നവര്‍ക്കൊപ്പം നില്‍ക്കുകയാണ് ലീഗ് നേതൃത്വം ചെയ്തിട്ടുള്ളത്. അയോധ്യയില്‍ വൈദേശികാടിമത്വത്തിന്റെ കളങ്കം പേറി നിലനിന്നിരുന്ന തര്‍ക്കമന്ദിരം മസ്ജിദായി ചിത്രീകരിച്ച് അത് മതേതരത്വത്തിന്റെ പ്രതീകമാണെന്ന് പറഞ്ഞുനടന്നവര്‍ക്കൊപ്പം ഒരു പാര്‍ട്ടിയെന്ന നിലയില്‍ ലീഗുമുണ്ടായിരുന്നു. ഈയൊരു പശ്ചാത്തലത്തിലാണ് ലീഗിന്റെ പുതിയ നിലപാടിനെ ഭാവാത്മകമായി കാണേണ്ടതെന്നും ജന്‍മഭൂമി പറയുന്നു.

രാമക്ഷേത്രത്തോടുള്ള മുസ് ലിം ലീഗിന്റെ നിലപാടുമാറ്റം വൈകിയുദിച്ച വിവേകമായി കാണുന്നവരുണ്ടാവാം. എന്നാല്‍ നല്ല കാര്യങ്ങള്‍ എപ്പോള്‍ ചെയ്താലും വൈകിയെന്ന് പറയാനാവില്ല. സാദിഖലി തങ്ങളുടെ നിലപാട് ഗുണപരമായ ചില മാറ്റങ്ങള്‍ക്ക് വഴിയൊരുക്കാനുള്ള സാധ്യതയുണ്ടെന്നും എഡിറ്റോറിയലിലൂടെ വ്യക്തമാക്കുന്നുണ്ട്. അയോധ്യയിലെ ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ നടത്തിയതിനെതിരേ പലരും രൂക്ഷവിമര്‍ശനം ഉന്നയിക്കുന്നതിനിടെയാണ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വിവാദപ്രസ്താവന. രാജ്യത്തെ മുസ് ലിം സംഘടനകളും കേരളത്തിലെ ഉള്‍പ്പെടെയുള്ള മതനേതാക്കളും ഹിന്ദുത്വരുടെ കടന്നാക്രമണത്തിനെതിരേ രംഗത്തെത്തിയപ്പോഴാണ് സാദിഖലി തങ്ങളുടെ പ്രസ്താവന. ഇതിനെതിരേ ലീഗണികള്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്. മാത്രമല്ല, ബാബരിക്കു ബദലായി നിര്‍മിക്കാന്‍ സുപ്രിംകോടതി നിര്‍ദേശിച്ച മസ്ജിദിനെ ബാബരി മസ്ജിദ് എന്നാണ് സാദിഖലി തങ്ങള്‍ വിശേഷിപ്പിച്ചത്. ബദല്‍ പള്ളിയെ ബഹുഭൂരിഭാഗം മുസ് ലിംകളും തള്ളിക്കളഞ്ഞിരിക്കെയാണ് ഇത്തരമൊരു പരാമര്‍ശമെന്നതും വിമര്‍ശനത്തിനിടയാക്കിയിരുന്നു. മുസ് ലിം ലീഗ് നിലപാടിനെ ബിജെപി നേതാക്കളും മഹിളാ മോര്‍ച്ചയും നേരത്തേ സ്വാഗതം ചെയ്തിരുന്നു.

Next Story

RELATED STORIES

Share it