Sub Lead

ഡോ:എം ഗംഗാധരന്‍, എന്നും ഭരണകൂട ഫാഷിസത്തിനെതിരേ കലഹിച്ച ചരിത്രകാരന്‍

ഡോ:എം ഗംഗാധരന്‍, എന്നും ഭരണകൂട ഫാഷിസത്തിനെതിരേ കലഹിച്ച ചരിത്രകാരന്‍
X

ഹമീദ് പരപ്പനങ്ങാടി

പരപ്പനങ്ങാടി: 89ാം വയസില്‍ വിടവാങ്ങിയ ഡോ.എം ഗംഗാധരന്‍ എന്നും ഭരണകൂട ഭീകരഫാഷിസത്തിനെതിരേ കലഹിച്ച ചരിത്രകാരനായിരുന്നു. 1921 മലബാര്‍ സമര ചരിത്രം വര്‍ഗീയ കലാപമായി ചിത്രീകരിക്കാനുള്ള നീക്കത്തിനെതിരേ എന്നും ശക്തമായ നിലപാട് സ്വീകരിച്ച അദ്ദേഹം, സത്യസന്ധമായി പഠനം നടത്തി മാപ്പിള പോരാട്ടം ചരിത്രരേഖകളാക്കി രചിച്ച ഗ്രന്ഥകാരനായിരുന്നു. ഭരണകൂട ഭീകരതയ്‌ക്കെതിരേ 1992 ല്‍ സിഎച്ച്ആര്‍ഒ കോഴിക്കോട്ട് നടത്തിയ കശ്മീരില്‍ നടക്കുന്ന ഏറ്റുമുട്ടലുകള്‍ക്കെതിരേ നടത്തിയ കശ്മീര്‍ സെമിനാറില്‍ കെ എം റോയ്, കെ വേണു എന്നിവര്‍ക്കൊപ്പം പങ്കെടുത്ത് നിലപാട് സ്വീകരിച്ചത് അദ്ദേഹത്തിന്റെ നയത്തിന്റെ ഭാഗം തന്നെയായിരുന്നു.


കോയമ്പത്തൂര്‍ സ്‌ഫോടന കേസില്‍ അബ്ദുല്‍ നാസര്‍ മഅ്ദനിയെ കല്‍ത്തുറുങ്കില്‍ അടച്ചതിനെതിരേ പരപ്പനങ്ങാടിയില്‍ എന്‍ഡിഎഫ് നടത്തിയ ഒപ്പുശേഖരണം ഉദ്ഘാടനം ചെയ്തത് അദ്ദേഹമായിരുന്നു. മാത്രവുമല്ല, കശ്മീരില്‍ പരപ്പനങ്ങാടി സ്വദേശിയടക്കം ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മകന്റെ മൃതദേഹം കാണണ്ടാ എന്ന് പറഞ്ഞതിനെ നിശിതമായി വിമര്‍ശിച്ച് രംഗത്തുവരികയും രാജ്യസ്‌നേഹമെന്നത് മാതാവിന് മകനോടുള്ള സ്‌നേഹത്തിന്റെ അപ്പുറത്ത് വരില്ലെന്ന പ്രസ്താവന ഏറെ വിവാദമുണ്ടാക്കിയിരുന്നു.


പിയുസിഎല്‍ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന അദ്ദേഹം, സിഎച്ച്ആര്‍ഒ വധശിക്ഷാ വിരുദ്ധ സെമിനാറില്‍ പങ്കെടുത്തതും പരപ്പനങ്ങാടിയില്‍ നടന്ന യുഎപിഎ വിരുദ്ധ സെമിനാറിലും സക്കരിയക്കെതിരെയുള്ള നീതി നിഷേധത്തിനെതിരേ രംഗത്തുവന്നതും ശ്രദ്ധേയമായിരുന്നു. 1921 വര്‍ഗീയ കലാപമായി ചിത്രീകരിച്ച ആര്‍എസ്എസ്സിനെതിരേ ശക്തമായ നിലപാട് സ്വീകരിച്ച അദ്ദേഹം, മദ്‌റസകള്‍ തീവ്രവാദ കേന്ദ്രങ്ങളാണന്ന പ്രചാരണവും പൊളിച്ചടുക്കി. താന്‍ എല്ലാ മദ്‌റസകളിലും പോയിട്ടുണ്ടെന്നും ആര്‍എസ്എസ് കള്ളപ്രചരണം നടത്തരുതെന്നും പറഞ്ഞത് സംഘപരിവാര്‍ ശക്തികളെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തിയത്.

എന്‍ഡിഎഫും പോപുലര്‍ ഫ്രണ്ടുമല്ല തീവ്രവാദികള്‍, ആര്‍എസ്എസ്സും ബിജെപിയുമാണെന്നാണ് അദ്ദേഹം പറഞ്ഞത്. ആര്‍എസ്എസ് ഉള്ളിടത്ത് എന്‍ഡിഎഫ് വരുന്നത് സ്വാഭാവിക പ്രതീകങ്ങളാണെന്നായിരുന്നു ഗംഗാധരന്റെ അഭിപ്രായം. മുസ്‌ലിം ലീഗ് വര്‍ഗീയ സംഘടനയാണെന്ന വാദങ്ങളെയും അദ്ദേഹം തള്ളിക്കളഞ്ഞു. ലീഗ് മതേതരത്വ സംഘടന തന്നെയെന്നായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. അഫ്‌സ്പ, ടാഡ, പോട്ട, യുഎപിഎ തുടങ്ങിയ കരിനിയമങ്ങള്‍ക്കെതിരേ അദ്ദേഹം ശബ്ദിക്കുകയും ന്യൂനപക്ഷങ്ങളോടുള്ള സിപിഎം നയത്തെ തുറന്നുകാട്ടുകയും ചെയ്തു. മുസ്‌ലിം പ്രശ്‌നങ്ങളില്‍ സിപിഎമ്മിന് ഇരട്ടത്താപ്പാണെന്ന് അദ്ദേഹം വിളിച്ചുപറഞ്ഞു.

സത്യസന്ധമായി മലബാര്‍ സമരത്തെ പഠനവിധേയമാക്കിയ ഇദ്ദേഹത്തെ 1921 ന്റെ 75ാം വാര്‍ഷികത്തിലും 90ാം വാര്‍ഷികത്തിലും ആദരിച്ചത് ഡോ. ഗംഗാധരന്‍ സ്വീകരിച്ച നിലപാടുകള്‍ക്കുള്ള അംഗീകാരമായിരുന്നു. പരപ്പനങ്ങാടിയിലെ നെല്‍വയല്‍ നികത്തലിനെതിരെയും കോവത്ത് ടൂറിസം മേഖലയുടെ മറവില്‍ ലൈംഗികത വളര്‍ത്തുന്നതിനെതിരേയും അദ്ദേഹം ശക്തമായി പ്രതികരിച്ചു. തുടക്കം മുതല്‍ തേജസ് പത്രത്തിന്റെ യും വാരികയുടേയും വരിക്കാരനാവുക മാത്രമല്ല, നിരൂപണനാവുന്നതിലും അദ്ദേഹം ശ്രദ്ധപുലര്‍ത്തി.

മാത്രമല്ല, തേജസ് പത്രത്തിനെതിരേ ഇടതുപക്ഷ സര്‍ക്കാര്‍ സ്വീകരിച്ച അടിച്ചമര്‍ത്തലിനെതിരേ ശക്തമായി രംഗത്തുവന്നതും ഡോ:എം ഗംഗാധരന്‍ സ്വീകരിച്ചുപോന്ന കറകളഞ്ഞ വ്യക്തിത്വത്തിന്റെ പ്രതീകമായി മാത്രമേ കാണാനാവൂ. പരപ്പനങ്ങാടിയിലെ അഞ്ചപ്പുര എന്ന കൊച്ചുഗ്രാമത്തില്‍നിന്ന് തോളില്‍ തുണിസഞ്ചിയുമായി സൗമ്യനായി ചരിത്രത്തിലേക്ക് നടന്നുനീങ്ങിയ ഡോ: എം.ഗംഗാധരന്‍ എന്ന സത്യാന്വേഷി ഇന്ന് കാലത്തിന്റെ യവനികയ്ക്കുള്ളില്‍ മറഞ്ഞിരിക്കുകയാണ്. ചരിത്രം രചിക്കുകയും ചരിത്രത്തിന് മുമ്പേ നടക്കുകയും ചെയ്ത ഗംഗാധരന്‍ മാഷിന്റെ പേനയിലൂടെ ഇനി വാക്കുകള്‍ വരില്ലെങ്കിലും അദ്ദേഹം ചൂണ്ടിയ വിരലുകള്‍ ഫാഷിസ്റ്റ് ഭരണകൂടങ്ങള്‍ക്കെതിരെയുള്ള പോരാട്ടങ്ങള്‍ക്ക് എന്നും കരുത്തുപകരുക തന്നെ ചെയ്യും.

Next Story

RELATED STORIES

Share it