Sub Lead

റോയിട്ടേഴ്‌സ് സംഘത്തെ ബാലക്കോട്ടിലെ മദ്‌റസ സന്ദര്‍ശിക്കാന്‍ അനുവദിച്ചില്ല

കഴിഞ്ഞ ഒമ്പതു ദിവസത്തിനിടെ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന്റെ റിപോര്‍ട്ടര്‍മാര്‍ മൂന്ന് തവണ ഇവിടെ എത്തിയിരുന്നു. എന്നാല്‍, നാട്ടുകാര്‍ ജയ്‌ശെ മുഹമ്മദ് മദ്‌റസ എന്നും ഇന്ത്യ ഭീകര പരിശീലന കേന്ദ്രമെന്നും വിശേഷിപ്പിക്കുന്ന കേന്ദ്രത്തിലേക്കുള്ള സന്ദര്‍ശനം ഓരോ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പാക് അധികൃതര്‍ തടയുകയായിരുന്നു.

റോയിട്ടേഴ്‌സ് സംഘത്തെ ബാലക്കോട്ടിലെ മദ്‌റസ സന്ദര്‍ശിക്കാന്‍ അനുവദിച്ചില്ല
X

ഇസ്ലാമാബാദ്: ഇന്ത്യന്‍ വ്യോമസേന ഫെബ്രുവരി 26ന് നടത്തിയ ആക്രമണത്തില്‍ ലക്ഷ്യമിട്ട ബാലക്കോട്ടിലെ കുന്നിന്‍ മുകളിലുള്ള മദ്‌റസയും അനുബന്ധ കെട്ടിടങ്ങളും സന്ദര്‍ശിക്കാന്‍ റോയിട്ടേഴ്‌സ് സംഘത്തിന് അധികൃതര്‍ അനുമതി നല്‍കിയില്ല. കഴിഞ്ഞ ഒമ്പതു ദിവസത്തിനിടെ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന്റെ റിപോര്‍ട്ടര്‍മാര്‍ മൂന്ന് തവണ ഇവിടെ എത്തിയിരുന്നു. എന്നാല്‍, നാട്ടുകാര്‍ ജയ്‌ശെ മുഹമ്മദ് മദ്‌റസ എന്നും ഇന്ത്യ ഭീകര പരിശീലന കേന്ദ്രമെന്നും വിശേഷിപ്പിക്കുന്ന കേന്ദ്രത്തിലേക്കുള്ള സന്ദര്‍ശനം ഓരോ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പാക് അധികൃതര്‍ തടയുകയായിരുന്നു.

ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍ ജയ്‌ശെ മുഹമ്മദ് കമാന്‍ഡര്‍മാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ കൊല്ലപ്പെട്ടതായി വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ പറഞ്ഞിരുന്നു. എന്നാല്‍, ഇവിടെയുള്ള കെട്ടിടങ്ങള്‍ക്കോ ആളുകള്‍ക്കോ യാതൊരു നാശനഷ്ടവും സംഭവിച്ചിട്ടില്ലെന്നാണ് പാകിസ്താന്‍ അവകാശപ്പെടുന്നത്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇവിടേക്കുള്ള പ്രവേശനം ഗാര്‍ഡുകള്‍ തടഞ്ഞത്. കാലാവസ്ഥയും സംഘാടന പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടി സൈന്യത്തിന്റെ മാധ്യമ വിഭാഗം രണ്ട് തവണ ഇവിടേക്കുള്ള സന്ദര്‍ശനം മാറ്റിവച്ചിരുന്നു. സുരക്ഷാ കാരണങ്ങള്‍ മൂലം ഏതാനും ദിവസം കൂടി ഇവിടേക്ക് സന്ദര്‍ശനം സാധ്യമല്ലെന്ന് ഒരു സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു.

റോയിട്ടേഴ്‌സ് സംഘത്തിന് 100 മീറ്റര്‍ അകലെ താഴെ നിന്ന് മാത്രമാണ് മദ്‌റസ കാണാന്‍ സാധിച്ചത്. പൈന്‍ മരങ്ങളാല്‍ ചുറ്റപ്പെട്ട നിലയിലാണ് കെട്ടിടം. താഴെ നിന്ന് നോക്കിയാല്‍ എന്തെങ്കിലും നാശനഷ്ടങ്ങളോ കെട്ടിടത്തിനുള്ളില്‍ മറ്റ് പ്രവര്‍ത്തനങ്ങളോ ദൃശ്യമല്ല.

സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഉപഗ്രഹ കമ്പനിയായ പ്ലാനറ്റ് ലാബ്‌സ് പുറത്തുവിട്ട ഹൈ റെസല്യൂഷന്‍ ചിത്രങ്ങള്‍ പ്രകാരവും പ്രദേശത്തെ കെട്ടിടങ്ങളില്‍ എന്തെങ്കിലും നാശനഷ്ടങ്ങള്‍ ഉണ്ടായതായി വ്യക്തമാകുന്നില്ലെന്ന് റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്യുന്നു. 2018 ഏപ്രിലിലും ഈ മാസം നാലിനും ഉള്ള പ്രദേശത്തിന്റെ ചിത്രങ്ങളാണ് പ്ലാനറ്റ് ലാബ്‌സ് താരതമ്യം ചെയ്തത്. മദ്‌റസ നില്‍ക്കുന്ന പ്രദേശത്തെ ആറ് കെട്ടിടങ്ങളിലും കാര്യമായ മാറ്റമൊന്നും ചിത്രങ്ങളില്‍ ദൃശ്യമല്ല.

Next Story

RELATED STORIES

Share it