Sub Lead

ഗ്രാമത്തില്‍ നിന്ന് ഒഴിഞ്ഞ് പോകണമെന്ന ഭീഷണി; മുസ് ലിം കുടുംബത്തിന് നേരെ ആര്‍എസ്എസ് ആക്രമണം (വീഡിയോ)

ഗ്രാമത്തില്‍ നിന്ന് ഒഴിഞ്ഞ് പോകണമെന്ന ഭീഷണി;  മുസ് ലിം കുടുംബത്തിന് നേരെ ആര്‍എസ്എസ് ആക്രമണം (വീഡിയോ)
X

ന്യൂഡല്‍ഹി: ഗ്രാമത്തില്‍ നിന്ന് ഒഴിഞ്ഞ് പോകണമെന്ന് ആവശ്യപ്പെട്ട് മുസ് ലിം കുടുംബത്തിന് നേരെ ഹിന്ദുത്വരുടെ ആക്രമണം. മധ്യപ്രദേശിലെ ഇന്‍ഡോര്‍ ജില്ലയിലെ പിവ്‌ഡേ കാംപെല്‍ ഗ്രാമത്തില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. ഗ്രാമത്തിലെ താമസക്കാരായ ഏക മുസ് ലിം കുടുംബത്തെ ഹിന്ദു ആള്‍ക്കൂട്ടം ക്രൂരമായി ആക്രമിക്കുകയായിരുന്നു.

ഒക്ടോബര്‍ ഒമ്പതിന് മുന്‍പ് ഗ്രാമം വിട്ട് പോകണമെന്ന് ആര്‍എസ്എസ് സംഘം കുടുംബത്തിന് അന്ത്യശാസനം നല്‍കിയിരുന്നതായി ഗ്രഹനാഥ ഫൗസിയ പറഞ്ഞു. ഒക്ടോബര്‍ 9 നകം ഗ്രാമം വിട്ടില്ലെങ്കില്‍ അതിന്റെ അനന്തരഫലങ്ങള്‍ നേരിടേണ്ടിവരുമെന്ന് ആര്‍എസ്എസ് സംഘം ഞങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നു, 'ഫൗസിയയെ ഉദ്ധരിച്ച് മക്തൂബ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. 'ഞങ്ങള്‍ ഗ്രാമം വിട്ടുപോകാന്‍ തയ്യാറായില്ല. ഇതേ തുടര്‍ന്ന് 100-150 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഞങ്ങളെ ആക്രമിച്ചു. അവര്‍ ഞങ്ങളെ നിഷ്‌കരുണം മര്‍ദനത്തിന് ഇരയാക്കി'. ഫൗസിയ പറഞ്ഞു.

ഗ്രാമത്തില്‍ നിന്ന് ഒഴിഞ്ഞു പോകാന്‍ ആവശ്യപ്പെട്ട് കഴിഞ്ഞ മൂന്ന് മാസമായി തീവ്ര ഹിന്ദുത്വ സംഘങ്ങള്‍ കുടുംബത്തെ ഭീഷണിപ്പെടുത്തുന്നുണ്ട്. കുടുംബത്തിലെ നാല് പുരുഷന്മാര്‍ക്കും രണ്ട് സ്ത്രീകള്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. തങ്ങളുടെ വീട് കൊള്ളയടിക്കപ്പെട്ടതായും ആക്രമണത്തിന് ഇരയായവര്‍ പറഞ്ഞു. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മുസ് ലിം കുടുംബത്തെ ഹിന്ദുത്വര്‍ ആക്രമിക്കുന്നത് വീഡിയോയില്‍ വ്യക്തമായി കാണാം.

ആക്രമണ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച ഫൗസിയയുടെ ഫോണും ആള്‍ക്കൂട്ടം തകര്‍ത്തു. മുസ് ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയാണ് ഹിന്ദുത്വര്‍ വൃദ്ധരും സ്ത്രീകളും അടങ്ങുന്ന കുടുംബത്തെ ക്രൂരമായി അക്രമിച്ചത്. സംസ്ഥാനത്ത് മുസ് ലിം വിരുദ്ധ കുറ്റകൃത്യങ്ങളുടെ ഇരയാണ് ഈ കുടുംബമെന്ന് അഡ്വക്കേറ്റ് എഹ്‌തേഷാം ഹാഷ്മി മക്തൂബിനോട് പറഞ്ഞു. അടുത്തിടെ, ഹിന്ദുക്കള്‍ താമസിക്കുന്ന സ്ഥലത്ത് കച്ചവടം നടത്തിയെന്ന് ആരോപിച്ച് മുസ് ലിം വള കച്ചവടക്കാരനെ ഹിന്ദുത്വ സംഘം മര്‍ദിച്ചിരുന്നു. മുസ് ലിം കുടുംബത്തിലെ പുരുഷന്മാര്‍ക്കെതിരെ കൗണ്ടര്‍ കേസ് ഫയല്‍ ചെയ്ത് പ്രതികളെ രക്ഷിക്കാന്‍ പോലിസ് ശ്രമിക്കുന്നുവെന്ന് കുടുംബവും അഭിഭാഷകനും ആരോപിച്ചു.

Next Story

RELATED STORIES

Share it