Sub Lead

ഫേസ്ബുക്കിലൂടെ വര്‍ഗീയ കലാപത്തിന് ആഹ്വാനം; ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

ഡല്‍ഹിയില്‍ നടക്കുന്ന സംഘപരിവാര ആക്രമണങ്ങളുടെ പശ്ചാതലത്തിലായിരുന്നു ശ്രീജിത്തിന്റെ ഫേസ്ബുക്ക് ലൈവ്. മുസ് ലിംകളേയും പൗരത്വ പ്രക്ഷോഭകരേയും തെറിവിളിക്കുന്ന പോസ്റ്റില്‍ കേന്ദ്ര ആഭ്യമന്തരമന്ത്രി അമിത് ഷായെ പ്രകീര്‍ത്തിക്കുന്നുണ്ട്.

ഫേസ്ബുക്കിലൂടെ വര്‍ഗീയ കലാപത്തിന് ആഹ്വാനം;  ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍
X

പാലക്കാട്: പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം നടത്തുന്നവര്‍ക്കെതിരേ വര്‍ഗീയ കലാപത്തിന് ആഹ്വാനം ചെയ്ത് ഫേസ്ബുക്കില്‍ വീഡിയോ ഇട്ട ആര്‍എസ്എസ് പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു. അട്ടപ്പാടി സ്വദേശി ശ്രീജിത് രവീന്ദ്രനെയാണ് ഇന്ന് രാവിലെ അഗളി പോലിസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ ഡിവൈഎഫ്‌ഐ നല്‍കിയ പരാതിയില്‍ മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചുവെന്ന കുറ്റത്തിനാണ് കേസെടുത്തിട്ടുള്ളത്.

ഡല്‍ഹിയില്‍ നടക്കുന്ന സംഘപരിവാര ആക്രമണങ്ങളുടെ പശ്ചാതലത്തിലായിരുന്നു ശ്രീജിത്തിന്റെ ഫേസ്ബുക്ക് ലൈവ്. മുസ് ലിംകളേയും പൗരത്വ പ്രക്ഷോഭകരേയും തെറിവിളിക്കുന്ന പോസ്റ്റില്‍ കേന്ദ്ര ആഭ്യമന്തരമന്ത്രി അമിത് ഷായെ പ്രകീര്‍ത്തിക്കുന്നുണ്ട്. ട്രംപ് ഇന്ത്യയില്‍ നിന്ന് മടങ്ങാന്‍ കാത്തിരിക്കുകയാണെന്നും കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടാകുമെന്നും ഇയാള്‍ പറയുന്നുണ്ട്.

വര്‍ഗീയ വിദ്വേഷം പരത്തുന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്റെ പോസ്റ്റിനെതിരേ ഇന്നലെ തന്നെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇയാള്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പോലിസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും നിരവധി പേര്‍ പോസ്റ്റ് ഷെയര്‍ ചെയ്തിരുന്നു. ബിജെപി പരിപാടി ബഹിഷ്‌കരിച്ചവര്‍ക്കെതിരേ പോലും സ്വമേധയാ കേസെടുത്ത പോലിസ് വര്‍ഗീയത പ്രചരിപ്പിക്കുന്നവരെ കണ്ടില്ലെന്ന് നടിക്കുകയാണെന്നും വിമര്‍ശനം ഉയര്‍ന്നു.

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ മതസ്പര്‍ദ്ധയും വിദ്വേഷവും വളര്‍ത്തുന്ന തരത്തിലുള്ള സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്യുന്നവര്‍ക്കെതിരെയും കര്‍ശനമായ നിയമ നടപടി സ്വീകരിക്കുമെന്ന് കേരള പോലിസ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ ഷെയര്‍ ചെയ്യുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്നും പോലിസ് അറിയിച്ചിരുന്നു.

Next Story

RELATED STORIES

Share it