Big stories

കീഴടങ്ങുക, അല്ലെങ്കില്‍ സൈന്യത്തിന് വിധി തീരുമാനിക്കേണ്ടിവരും; യുക്രെയ്‌ന് റഷ്യയുടെ അന്ത്യശാസനം

കീഴടങ്ങുക, അല്ലെങ്കില്‍ സൈന്യത്തിന് വിധി തീരുമാനിക്കേണ്ടിവരും; യുക്രെയ്‌ന് റഷ്യയുടെ അന്ത്യശാസനം
X

മോസ്‌കോ: ഒരുവര്‍ഷത്തിലധികമായി തുടരുന്ന യുദ്ധത്തിനിടെ കീഴടങ്ങാന്‍ യുക്രെയ്‌ന് അന്ത്യശാസനം നല്‍കി റഷ്യ. റഷ്യയുടെ ആവശ്യങ്ങള്‍ അംഗീകരിക്കുകയും നിലവില്‍ റഷ്യന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള യുക്രെയ്ന്‍ പ്രദേശങ്ങള്‍ അടിയറവ് വയ്ക്കുകയും ചെയ്യണം. അല്ലെങ്കില്‍ റഷ്യന്‍ സൈന്യം യുക്രെയ്‌ന്റെ വിധി തീരുമാനിക്കുമെന്ന് വിദേശകാര്യ മന്ത്രി സെര്‍ജി ലവ്‌റോവ് പറഞ്ഞു. ഒരുവര്‍ഷത്തിലധികമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കുന്നതിന് സമാധാന ഉച്ചകോടി സംഘടിപ്പിക്കണമെന്ന് യുക്രെയ്ന്‍ ആവശ്യപ്പെട്ടിരുന്നു. രണ്ട് മാസത്തിനുള്ളില്‍ സമാധാന ഉച്ചകോടി ചേരണമെന്നാണ് യുക്രെയ്ന്‍ വിദേശകാര്യ മന്ത്രി ആവശ്യപ്പെട്ടത്.

യുക്രെയ്‌നില്‍ വൈദ്യുതി പ്രതിസന്ധി അതിരൂക്ഷമാണെന്നും 90 ലക്ഷം പേര്‍ ഇതിന്റെ പ്രയാസം അനുഭവിക്കുകയാണെന്നും പ്രസിഡന്റ് വഌദിമിര്‍ സെലന്‍സ്‌കിയും പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെയും സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന്റെയും മധ്യസ്ഥതയില്‍ സമാധാന ഉച്ചകോടി നടത്തണമെന്നാണ് വിദേശ കാര്യ മന്ത്രി ദിമിത്രോ കുലേബ ആവശ്യപ്പെട്ടത്. എല്ലാ കക്ഷികളും ആവശ്യപ്പെട്ടാല്‍ മാത്രമേ മധ്യസ്ഥതയ്ക്ക് തയ്യാറാകൂവെന്ന് യുഎന്‍ വക്താവ് ഫ്‌ലോറന്‍സിയ സോട്ടോ നിനോ മാര്‍ട്ടിനെസ് പറഞ്ഞു. സമാധാന ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മോസ്‌കോയുടെ താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങുകയാണ് കീവിന്റെ നന്‍മയ്ക്കു നല്ലതെന്ന് വ്യക്തമാക്കി റഷ്യന്‍ വിദേശകാര്യ മന്ത്രി ലാവ്‌റോവ് രംഗത്തുവന്നത്.

റഷ്യന്‍ വാര്‍ത്ത ഏജന്‍സിയായ ടിഎഎസ്എസ് ആണ് ലാവ്‌റോവിന്റെ പ്രതികരണം റിപോര്‍ട്ട് ചെയ്തത്. യുക്രെയ്ന്‍ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ നാസികളെ ഇല്ലാതാക്കുക എന്നതുള്‍പ്പെടെ റഷ്യയുടെ സുരക്ഷയ്ക്ക് ഉയരുന്ന ഭീഷണികള്‍ ഇല്ലാതാക്കണം. കാര്യം ലളിതമാണ്. നിങ്ങളുടെ നന്‍മയ്ക്കായി അവ നിറവേറ്റുക. അല്ലാത്തപക്ഷം, പ്രശ്‌നം റഷ്യന്‍ സൈന്യം തീരുമാനിക്കും ലവ്‌റോവ് പറഞ്ഞു.

സംഘര്‍ഷം എത്രനാള്‍ നീണ്ടുനില്‍ക്കുമെന്ന ചോദ്യത്തിന് യുക്രെയ്ന്‍ ഭരണകൂടത്തിന്റെ കോര്‍ട്ടിലാണ് പന്ത് എന്നും വാഷിങ്ടണ്‍ ആണ് പിന്നില്‍നിന്ന് പ്രവര്‍ത്തിക്കുന്നതെന്നും ലവ്‌റോവ് പറഞ്ഞു. യുദ്ധത്തിന്റെ മുഖ്യ ഗുണഭോക്താവ് അമേരിക്കയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഞായറാഴ്ചയാണ് റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്‍ വീണ്ടും മോസ്‌കോ ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് വ്യക്തമാക്കിയത്. ചര്‍ച്ചകല്‍ നടക്കാത്തതിന് യുക്രെയ്‌നെയും അമേരിക്കയെയുമാണ് പുടിന്‍ കുറ്റപ്പെടുത്തിയത്. എന്നാല്‍, റഷ്യയുടെ പ്രതികരണം ആത്മാര്‍ഥതയില്ലാത്തതാണെന്ന് പറഞ്ഞ് അമേരിക്ക തള്ളിക്കളയുകയാണ് ചെയ്തത്.

Next Story

RELATED STORIES

Share it