Sub Lead

കാവിക്കൊടി ഭാവിയില്‍ ദേശീയ പതാകയാവും; വിവാദപ്രസ്താവനയുമായി കര്‍ണാടക ബിജെപി മന്ത്രി

കാവിക്കൊടി ഭാവിയില്‍ ദേശീയ പതാകയാവും; വിവാദപ്രസ്താവനയുമായി കര്‍ണാടക ബിജെപി മന്ത്രി
X

ബംഗളൂരു: കാവിക്കൊടി ഭാവിയില്‍ ത്രിവര്‍ണ പതാകയ്ക്ക് പകരം ദേശീയ പതാകയായി മാറിയേക്കുമെന്ന് ബിജെപി നേതാവും കര്‍ണാടക ഗ്രാമീണ വികസന പഞ്ചായത്ത് രാജ് മന്ത്രിയുമായ കെ എസ് ഈശ്വരപ്പ. ത്രിവര്‍ണ പതാകയാണ് ഇപ്പോള്‍ ദേശീയ പതാകയെന്നും അത് എല്ലാവരും ബഹുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ പതാക അഴിച്ചുമാറ്റി, ഹിജാബ് വിരുദ്ധ പ്രതിഷേധക്കാര്‍ കാവിപ്പതാക ഉയര്‍ത്തിയത് വലിയ ചര്‍ച്ചകള്‍ക്കിടയാക്കിയ സാഹചര്യത്തിലായിരുന്നു ഈശ്വരപ്പയുടെ വിവാദപ്രസ്താവന.

'അടുത്ത 100 വര്‍ഷത്തിനോ 200 വര്‍ഷത്തിനോ അല്ലെങ്കില്‍ അഞ്ചുവര്‍ഷത്തിനോ ഇടയില്‍ ദേശീയപതാകയായി കാവിപ്പതാക മാറും. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ശ്രീരാമനും ഹനുമാനുമൊക്കെ അവരുടെ രഥത്തില്‍ കാവിപ്പതാക ഉപയോഗിച്ചിരുന്നില്ലേ ?. ഭാവിയിലും ഇത് സംഭവിക്കില്ലെന്ന് ആര്‍ക്കറിയാം. അന്ന് നമ്മുടെ നാട്ടില്‍ ത്രിവര്‍ണ പതാക ഉണ്ടായിരുന്നോ? ഇപ്പോള്‍ അത് (ത്രിവര്‍ണ പതാക) നമ്മുടെ ദേശീയ പതാകയായി നിശ്ചയിച്ചിരിക്കുന്നു. അതിന് എന്ത് ബഹുമാനമാണ് നല്‍കേണ്ടത് ? ഈ രാജ്യത്ത് ഭക്ഷണം കഴിക്കുന്ന ഓരോ വ്യക്തിയും അത് നല്‍കുന്നു, അതിനെക്കുറിച്ച് ഒരു ചോദ്യവുമില്ല,' ഈശ്വരപ്പ പറഞ്ഞു.

ഇന്ന് രാജ്യത്ത് ഹിന്ദു വിചാരത്തിലും ഹിന്ദുത്വ'ത്തിലും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന് പറഞ്ഞപ്പോള്‍ ജനങ്ങള്‍ ഞങ്ങളെ നോക്കി ചിരിച്ചില്ലേ. ഇപ്പോഴല്ലേ അത് നിര്‍മിക്കുന്നത് ?. എന്നാല്‍, അത് ഇപ്പോള്‍ സാധ്യമാക്കിയില്ലെ?' ഈശ്വരപ്പ ചോദിച്ചു. എല്ലായിടത്തും കാവി പതാക ഉയര്‍ത്തും. ഇന്നോ നാളെയോ ഇന്ത്യ ഹിന്ദു രാജ്യമാവും. ചെങ്കോട്ടയില്‍ കാവി പതാക ഉയര്‍ത്താനാവുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇന്നല്ല, ഭാവിയില്‍ ഒരുദിവസം എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അന്ന് ചെങ്കോട്ടയില്‍ കാവി പതാക ഉയര്‍ത്തും. ത്രിവര്‍ണ പതാകയാണ് ഇപ്പോള്‍ ഭരണഘടനാപരമായി നമ്മുടെ ദേശീയ പതാക. അതിനെ ബഹുമാനിക്കാത്തവര്‍ ആരായാലും അവര്‍ രാജ്യദ്രോഹികളാണെന്നും ഈശ്വരപ്പ പറഞ്ഞു.

ഹിജാബ് വിവാദത്തില്‍ കുട്ടികളുടെ മനസില്‍ ബിജെപി വിദ്വേഷത്തിന്റെ വിത്ത് പാകുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സംസ്ഥാനത്തെ ഹിജാബ് വിരുദ്ധ പ്രതിഷേധത്തിനായി സൂറത്തില്‍നിന്ന് 50 ലക്ഷം കാവി ഷാളുകളാണ് എത്തിച്ചതെന്ന് ബിജെപിയെ ലക്ഷ്യമിട്ട് കെപിസിസി അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ ആരോപിച്ചു. ആരാണ് കാവി ഷാളുകള്‍ കൊണ്ടുവന്ന് വിദ്യാര്‍ഥികള്‍ക്ക് നല്‍കിയതെന്ന് അറിയാം. ദേശീയ പതാക ഉയര്‍ത്തുന്ന കൊടിമരത്തില്‍ മറ്റു പതാക ഉയര്‍ത്താറില്ല. ശിവമോഗയിലെ കോളജിന് മുന്നിലെ ദേശീയ പതാക ഉയര്‍ത്തുന്ന കൊടിമരത്തിലാണ് കാവി പതാക ഉയര്‍ത്തിയത്. ഇതാണ് എന്‍എസ്‌യുഐ അംഗങ്ങള്‍ നീക്കം ചെയ്ത് അവിടെ ത്രിവര്‍ണ പതാക ഉയര്‍ത്തിയതെന്നും ശിവകുമാര്‍ പറഞ്ഞു.

എന്നാല്‍, കാവി പതാക ഉയര്‍ത്തിയെന്ന ശിവകുമാറിന്റെ അവകാശവാദങ്ങള്‍ കള്ളമാണെന്ന് ഈശ്വരപ്പ പറഞ്ഞു. ഇത് ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കും ഇടയില്‍ ഭിന്നത സൃഷ്ടിക്കാനുള്ള ശ്രമമാണ്. ഡി കെ ശിവകുമാര്‍ നുണയനാണ്, തെളിയിക്കട്ടെ. അതെ അവിടെ കാവി പതാക ഉയര്‍ത്തി, പക്ഷേ, ദേശീയ പതാക താഴ്ത്തിയില്ല.. എവിടെയും കാവി പതാക ഉയര്‍ത്താം, പക്ഷേ, ദേശീയ പതാക താഴ്ത്തിയിട്ടല്ല, അത് നടന്നിട്ടില്ല, ഒരിക്കലും സംഭവിക്കില്ല, ദേശീയ പതാക നീക്കം ചെയ്തിട്ടില്ല, കൊടിമരം മാത്രമാണ് ഉപയോഗിച്ചത്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it