Sub Lead

സാക്കിയ ജഫ്രി അന്തരിച്ചു

സാക്കിയ ജഫ്രി അന്തരിച്ചു
X

അഹമദാബാദ്: ഗുജറാത്ത് വംശഹത്യയില്‍ ഹിന്ദുത്വര്‍ കൊലപ്പെടുത്തിയ കോണ്‍ഗ്രസ് മുന്‍ എംപി ഇഹ്‌സാന്‍ ജഫ്രിയുടെ ഭാര്യയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ സാക്കിയ ജഫ്രി അന്തരിച്ചു. പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകയായ ടീസ്റ്റ സെതല്‍വാദാണ് ഇക്കാര്യം അറിയിച്ചത്. ഗുജറാത്ത് വംശഹത്യയില്‍ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്കും മുതിര്‍ന്ന ബിജെപി നേതാക്കള്‍ക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് 2006 മുതല്‍ സാക്കിയ പോരാട്ടരംഗത്തുണ്ടായിരുന്നു. ഗുല്‍ബെര്‍ഗ് സൊസൈറ്റിയില്‍ നടന്ന കൂട്ടക്കൊലയടക്കം ഒമ്പതു കേസുകള്‍ പുനരന്വേഷിക്കണമെന്ന് 2008ല്‍ സുപ്രിംകോടതി നിര്‍ദേശിച്ചു. തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. എന്നാല്‍, മോദി അടക്കമുള്ളവര്‍ക്ക് പ്രത്യേക അന്വേഷണ സംഘം ക്ലീന്‍ ചിറ്റ് നല്‍കി. ഇതിനെതിരെ സാക്കിയ ജഫ്രി നല്‍കിയ ഹരജി കോടതി തള്ളിയിരുന്നു.

2002ല്‍ വംശഹത്യ പൊട്ടിപ്പുറപ്പെട്ട് അഹ്മദാബാദിലുടനീളം അക്രമം രൂക്ഷമായതോടെ, കോണ്‍ഗ്രസ് നേതാവ് ഇഹ്‌സാന്‍ ജഫ്രി താമസിച്ചിരുന്ന ഗുല്‍ബര്‍ഗ് സൊസൈറ്റി, സമീപപ്രദേശങ്ങളിലുള്ള മുസ്‌ലിംകളുടെ അഭയകേന്ദ്രമായി മാറുകയായിരുന്നു. ഇഹ്‌സാന്റെ രാഷ്ട്രീയനിലയും പദവിയും സ്വാധീനവും കാരണം തങ്ങള്‍ക്ക് സംരക്ഷണം ലഭിക്കും എന്നാണ് അവര്‍ ചിന്തിച്ചത്. എന്നാല്‍, സൊസൈറ്റി വളപ്പിലെത്തിയ ഹിന്ദുത്വര്‍ നിരാലംബരെ കൊന്നുതള്ളി. പലരുടെയും മൃതദേഹങ്ങള്‍പോലും കണ്ടെത്തിയില്ല.ഇവിടെ മാത്രം 69 പേരെയാണ് ഹിന്ദുത്വര്‍ കൊലപ്പെടുത്തിയത്. പലരെയും ജീവനോടെ കത്തിക്കുകയായിരുന്നു.

ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലയില്‍ 2016 ജൂണ്‍ 18ന് 24 ഹിന്ദുത്വരെ വിചാരണക്കോടതി ശിക്ഷിച്ചു. പതിനൊന്നു പേരെ ജീവപര്യന്തം തടവിനും ഒരാളെ പത്തുവര്‍ഷം തടവിനും 12 പേരെ ഏഴു വര്‍ഷം തടവിനുമാണ് ശിക്ഷിച്ചത്.

ഗുല്‍ബര്‍ഗ് കൂട്ടക്കൊല -ടൈംലൈന്‍

2002 ഫെബ്രുവരി : ഹിന്ദുത്വസംഘം ഗുല്‍ബര്‍ഗ് സൊസൈറ്റി ആക്രമിച്ച് 69 പേരെ കൊലപ്പെടുത്തി

2003 നവംബര്‍: ദേശീയ മനുഷ്യാവകാശ കമ്മീഷനും സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റിസ് ആന്റ് പീസ് എന്ന എന്‍ജിഒയും നല്‍കിയ ഹരജിയില്‍ കേസിലെ വിചാരണ സുപ്രിംകോടതി സ്‌റ്റേ ചെയ്തു

2007 നവംബര്‍: ഗുജറാത്ത് വംശഹത്യയില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിക്കും മറ്റു 62 ഉന്നത ബിജെപി നേതാക്കള്‍ക്കും മന്ത്രിമാര്‍ക്കുമെതിരെ കേസെടുക്കണമെന്ന സാക്കിയ ജഫ്രിയുടെ ഹരജി ഗുജറാത്ത് ഹൈക്കോടതി തള്ളി.

2008 മാര്‍ച്ച്: വംശഹത്യയിലെ കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാന്‍ സുപ്രിംകോടതി നിര്‍ദേശിച്ചു. സര്‍ദാര്‍പുര, ഗുല്‍ബര്‍ഗ് സൊസൈറ്റി, ഒഡെ, നരോദ ഗാവോണ്‍, നരോദ പാട്യ, ദീപ്‌ല ദര്‍വാസ എന്നിവിടങ്ങളിലെ കൂട്ടക്കൊലകളും ബ്രിട്ടീഷ് പൗരന്‍മാര്‍ കൊല്ലപ്പെട്ട സംഭവവും അന്വേഷിക്കാനായിരുന്നു നിര്‍ദേശം.

2009 ആഗസ്റ്റ്: ഗുല്‍ബര്‍ഗ് കേസില്‍ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു

2010 ആഗസ്റ്റ്: ഗുജറാത്ത് വംശഹത്യയില്‍ നരേന്ദ്രമോദിയുടെയും മറ്റു 62 പേരുടെയും പങ്ക് കണ്ടെത്താന്‍ തുടരന്വേഷണം നടത്താന്‍ പ്രത്യേക അന്വേഷണ സംഘത്തിന് സുപ്രിംകോടതി നിര്‍ദേശം നല്‍കി.

2010 മാര്‍ച്ച്: കേസിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറും സഹായിയും രാജിവെച്ചതിനാല്‍ വിചാരണ നിര്‍ത്തിവച്ചു. വിചാരണക്കോടതി ജഡ്ജിയും പ്രത്യേക അന്വേഷണ സംഘവും സഹകരിക്കുന്നില്ലെന്നാണ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പറഞ്ഞത്.

2010 മേയ്: ഗുല്‍ബര്‍ഗ് കേസില്‍ വിധി പറയുന്നത് സുപ്രിംകോടതി സ്‌റ്റേ ചെയ്തു.

2010 ഒക്ടോബര്‍: ഗുല്‍ബര്‍ഗ് കേസ് ഒഴിച്ചുള്ളവയില്‍ വിധി പറയുന്നതിലെ സ്റ്റേ സുപ്രിംകോടതി നീക്കി.

2011 മാര്‍ച്ച്: വംശഹത്യയില്‍ മോദിക്ക് പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടി ഡിഐജി സഞ്ജീവ് ഭട്ട് പ്രത്യേക അന്വേഷണ സംഘത്തെ സമീപിച്ചു.

2012 ഫെബ്രുവരി: മോദിക്കും സംഘത്തിനുമെതിരെ തെളിവില്ലെന്ന് പറഞ്ഞ് പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ റിപോര്‍ട്ട് നല്‍കി.

2012 മാര്‍ച്ച്: പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപോര്‍ട്ട് പരസ്യമാക്കണമെന്ന സാക്കിയ ജഫ്രിയുടെ ആവശ്യം അഹമദാബാദ് മെട്രോപോളിറ്റന്‍ കോടതി തള്ളി.

2013 ഡിസംബര്‍: പ്രത്യേക അന്വേഷണ സംഘത്തിന്റെ കേസ് അവസാനിപ്പിക്കല്‍ റിപോര്‍ട്ടിനെ ചോദ്യം ചെയ്ത് സാക്കിയ ജഫ്രി നല്‍കിയ ഹരജി അഹമദാബാദ് മെട്രോപോളിറ്റന്‍ കോടതി തള്ളി.

2014 നവംബര്‍: ഗുല്‍ബര്‍ഗ് കേസിലെ വിചാരണ മൂന്നുമാസത്തിനുള്ളില്‍ തീര്‍ക്കണമെന്ന സുപ്രിംകോടതി നിര്‍ദേശപ്രകാരം വിചാരണ പുനരാരംഭിച്ചു.

2015 സെപ്റ്റംബര്‍: ഇടയില്‍ സമയം നീട്ടി ലഭിച്ചതിനാല്‍ വിചാരണ പൂര്‍ത്തിയായി.

2016 ഫെബ്രുവരി: വിധി പറയാനുള്ള സ്‌റ്റേ സുപ്രിംകോടതി നീക്കി.

2016 ജൂണ്‍ 2: 24 പേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി. 36 പേരെ വെറുതെവിട്ടു

2016 ജൂണ്‍ 18: പതിനൊന്നു പേരെ ജീവപര്യന്തം തടവിനും ഒരാളെ പത്തുവര്‍ഷം തടവിനും 12 പേരെ ഏഴു വര്‍ഷം തടവിനും ശിക്ഷിച്ചു.

Next Story

RELATED STORIES

Share it