Sub Lead

സഫര്‍ അലിക്കെതിരെ ചുമത്തിയിരിക്കുന്നത് വധശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍

സഫര്‍ അലിക്കെതിരെ ചുമത്തിയിരിക്കുന്നത് വധശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍
X

സംഭല്‍: ഉത്തര്‍പ്രദേശിലെ സംഭല്‍ ശാഹി ജാമിഅ് മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. സഫര്‍ അലിക്കെതിരെ പോലിസ് ചുമത്തിയിരിക്കുന്നത് ജീവപര്യന്തമോ വധശിക്ഷയോ വരെ ലഭിക്കാവുന്ന കുറ്റങ്ങള്‍. കേസില്‍ ഇന്ന് അറസ്റ്റ് ചെയ്തതിന് ശേഷം മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ സഫര്‍ അലിയെ രണ്ടു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഭാരതീയ ന്യായ സംഹിതയിലെ കടുപ്പമേറിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്.


ഒരാള്‍ക്ക് വധശിക്ഷ ലഭിക്കണമെന്ന ഉദ്ദേശത്തോടെ കേസില്‍ ശിക്ഷിക്കാന്‍ വ്യാജ തെളിവ് നിര്‍മിക്കുക എന്ന ബിഎന്‍എസ് സെക്ഷന്‍ 230, ഒരാളെ ശിക്ഷിക്കണമെന്ന ഉദ്ദേശത്തോടെ വ്യാജ തെളിവ് നല്‍കുക എന്ന ബിഎന്‍എസ് സെക്ഷന്‍ 231, വധശിക്ഷയോ ജീവപര്യന്തമോ കിട്ടാവുന്ന കുറ്റത്തിന് പ്രേരിപ്പിക്കുക എന്ന ബിഎന്‍എസ് സെക്ഷന്‍ 55 എന്നിവ പ്രകാരമാണ് കേസ്.

സഫര്‍ അലിയെ വീട്ടില്‍ നിന്നും കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തിയതായി പ്രത്യേക അന്വേഷണ സംഘത്തിന്റെ മേധാവിയായ കുല്‍ദീപ് കുമാര്‍ പറഞ്ഞു. ''മസ്ജിദിന് സമീപം സംഘര്‍ഷമുണ്ടായ ശേഷം തന്റെ വസതിയില്‍ സഫര്‍ അലി ഒരു വാര്‍ത്തസമ്മേളനം നടത്തിയിരുന്നു. വെടിവയ്പ് കണ്ടു എന്ന് അന്ന് പറഞ്ഞു. അതിന്റെ അടിസ്ഥാനത്തില്‍ പോലിസ് അന്വേഷണം മുന്നോട്ടുകൊണ്ടുപോയി.''-കുല്‍ദീപ് കുമാര്‍ വിശദീകരിച്ചു.

സഫര്‍ അലി ജനക്കൂട്ടത്തെ പോലിസിനെതിരെ ആക്രമണം നടത്താന്‍ പ്രേരിപ്പിച്ചുവെന്ന് സംഭല്‍ എഎസ്പി ശിരിഷ് ചന്ദ്ര ആരോപിച്ചു. ''പോലിസുകാര്‍ ജനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്തുവെന്ന് അദ്ദേഹം പറയുന്നു. ഇത് അന്വേഷണം വഴിതെറ്റിക്കാനുള്ള ശ്രമമായിരുന്നു. ഞങ്ങള്‍ ഉടന്‍ തന്നെ കുറ്റപത്രം നല്‍കും.''- ശിരിഷ് ചന്ദ്ര പറഞ്ഞു. മുസ്‌ലിം യുവാക്കളെ പോലിസ് വെടിവച്ചു കൊന്നു എന്ന് പറയുന്ന കേസുണ്ടാക്കി പോലിസുകാരെ ശിക്ഷിപ്പിക്കാന്‍ സഫര്‍ അലി ശ്രമിച്ചുവെന്നാണ് പോലിസ് ഇപ്പോള്‍ ആരോപിക്കുന്നത്. സംഭലില്‍ സംഘര്‍ഷമുണ്ടായ നവംബറില്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറുകളിലൊന്നും സഫര്‍ അലിയുടെ പേരുണ്ടായിരുന്നില്ല. സംഭലില്‍ 2024 നവംബറില്‍ സംഭവിച്ച കാര്യങ്ങള്‍ നാളെ ജുഡീഷ്യല്‍ കമ്മീഷനെ അറിയിക്കാന്‍ ഇരിക്കുകയായിരുന്നു സഫര്‍ അലി. അതിനിടെയാണ് കേസില്‍ പ്രതിചേര്‍ത്തതും അറസ്റ്റ് ചെയ്തതും.

Next Story

RELATED STORIES

Share it