Sub Lead

അലിഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റി പാഠ്യപദ്ധതിയില്‍ 'സനാതന ധര്‍മം' ഉള്‍പ്പെടുത്തുന്നു

അലിഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റി പാഠ്യപദ്ധതിയില്‍ സനാതന ധര്‍മം ഉള്‍പ്പെടുത്തുന്നു
X

അലിഗഢ്: അലഹബാദ് യൂനിവേഴ്‌സിറ്റി ഹിന്ദു ജ്യോതിഷത്തിലും ആചാരാനുഷ്ഠാനങ്ങളിലും കോഴ്‌സുകള്‍ കൊണ്ടുവരാന്‍ തീരുമാനിച്ചതിന് പിന്നാലെ അലിഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റി (എഎംയു) അടുത്ത അധ്യയന സെഷന്‍ മുതല്‍ മറ്റ് മതങ്ങള്‍ക്കൊപ്പം 'സനാതന ധര്‍മ'വും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നു. സര്‍വകലാശാല ഇതുവരെ ഇസ്‌ലാമിക പഠനത്തില്‍ മാത്രമാണ് കോഴ്‌സുകള്‍ നടത്തിയിരുന്നത്. ഇപ്പോള്‍ താരതമ്യ മതത്തിലും ബിരുദാനന്തര ബിരുദ കോഴ്‌സ് ആരംഭിക്കാനാണ് എഎംയുവിന്റെ തീരുമാനം.

ഇസ്‌ലാമിക് സ്റ്റഡീസ് വിഭാഗത്തിന്റെ സിലബസില്‍ നിന്ന് രണ്ട് ഇസ്‌ലാമിക പണ്ഡിതരുടെ രചനകള്‍ ഒഴിവാക്കാന്‍ തീരുമാനിച്ച സര്‍വകലാശാലാ അധികൃതര്‍ അതേസമയം 'സനാതന ധര്‍മം' പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. 'താരതമ്യ പഠനങ്ങളില്‍ ഒരു കോഴ്‌സ് ആരംഭിക്കാനുള്ള നിര്‍ദേശം ഇസ്‌ലാമിക് സ്റ്റഡീസ് ഡിപ്പാര്‍ട്ട്‌മെന്റ് ചെയര്‍പേഴ്‌സന്‍ മുന്നോട്ടുവച്ചിട്ടുണ്ട്. ഇസ്‌ലാമിക പഠനത്തോടൊപ്പം സനാതന ധര്‍മത്തിന്റെയും മറ്റ് വിശ്വാസങ്ങളുടെയും മതഗ്രന്ഥങ്ങള്‍ പഠിപ്പിക്കും- എഎംയു വക്താവ് എം ഷാഫി കിദ്വായ് പറഞ്ഞു. 'ഇസ്‌ലാമിക പഠനങ്ങള്‍ പോലെ, സനാതന ധര്‍മത്തെയും മറ്റ് മതങ്ങളെയും കുറിച്ച് ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നു.

പുതിയ കോഴ്‌സില്‍ വേദങ്ങള്‍, പുരാണങ്ങള്‍, ഉപനിഷത്തുകള്‍, രാമായണം, ഗീത, സനാതന ധര്‍മവുമായി ബന്ധപ്പെട്ട മറ്റ് ഗ്രന്ഥങ്ങള്‍ എന്നിവയെക്കുറിച്ചുള്ള പാഠങ്ങള്‍ സിലബസിലുണ്ടായിരിക്കും. ബുദ്ധമതം, ജൈനമതം, സിഖ് മതം, മറ്റ് മതങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ഭാഗങ്ങളും പാഠ്യപദ്ധതിയിലുണ്ടാവും- ഇസ്‌ലാമിക് സ്റ്റഡീസ് വകുപ്പ് ചെയര്‍മാന്‍ മുഹമ്മദ് ഇസ്മായില്‍ പറഞ്ഞു. 1948 മുതല്‍ ഈ വകുപ്പ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ബിരുദ, ബിരുദാനന്തര ബിരുദം, പിഎച്ച്ഡി പ്രോഗ്രാമുകളിലായി ആയിരത്തിലധികം വിദ്യാര്‍ഥികള്‍ ചേര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇറാന്‍, തായ്‌ലന്‍ഡ്, ബംഗ്ലാദേശ്, മറ്റ് മധ്യേഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കുറഞ്ഞത് 10 വിദ്യാര്‍ഥികളെങ്കിലും ഡിപ്പാര്‍ട്ട്‌മെന്റില്‍ ഗവേഷണം നടത്തുന്നുണ്ട്. 70,000ലധികം പുസ്തകങ്ങളുള്ള ഒരു ലൈബ്രറി ഡിപ്പാര്‍ട്ട്‌മെന്റിനുണ്ട്. ചിലരുടെ പരാതിയെത്തുടര്‍ന്നാണ് ഇസ്‌ലാമിക് സ്റ്റഡീസ് വിഭാഗത്തിന്റെ സിലബസില്‍ നിന്ന് രണ്ട് ഇസ്‌ലാമിക പണ്ഡിതരുടെ രചനകള്‍ ഒഴിവാക്കാനും അലിഗഢ് യൂനിവേഴ്‌സിറ്റി തീരുമാനിച്ചിരുന്നത്. പാകിസ്താനിലെ മൗലാന അബുല്‍ അഅ്‌ലാ മൗദൂദിയുടെയും ഈജിപ്തിലെ സയ്യിദ് ഖുതുബിന്റെയും രചനകളാണ് ഒഴിവാക്കാന്‍ തീരുമാനിച്ചത്.

ഈ പുസ്തകങ്ങളുടെ ഉള്ളടക്കം ഇസ്‌ലാമിക് സ്‌റ്റേറ്റിനെ പിന്തുണയ്ക്കുന്നതിനാല്‍ ഇവ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് 20 ലധികം വിദ്യാഭ്യാസ വിചക്ഷണര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതിയതിനെ തുടര്‍ന്നാണ് തീരുമാനമെന്നാണ് അധികൃതര്‍ പറയുന്നത്. രണ്ടാഴ്ചയ്ക്കുള്ളില്‍ ചേരുന്ന യോഗത്തില്‍ ബോര്‍ഡ് ഓഫ് സ്റ്റഡീസ് തീരുമാനം ഔദ്യോഗികമായി അംഗീകരിക്കും. ഈ രചയിതാക്കളുടെ പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനെതിരേ എതിര്‍പ്പുകള്‍ ഉയര്‍ന്നിട്ടുണ്ട്. അതുകൊണ്ട് അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കാനാണ് കോഴ്‌സ് പാഠ്യപദ്ധതിയില്‍ നിന്ന് അവരെ ഒഴിവാക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചത്- പ്രഫസര്‍ ഇസ്മായില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it