Sub Lead

കേരളത്തില്‍ കേന്ദ്രപദ്ധതിയില്‍ നിന്ന് ഹിന്ദുക്കളെ ഒഴിവാക്കിയെന്ന സംഘപരിവാര്‍ വര്‍ഗീയ പ്രചാരണം പൊളിഞ്ഞു

ഒഴിവുള്ള സംവരണ സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ച് കണ്ടുള്ള പത്രകുറിപ്പ് ഉയര്‍ത്തിക്കാട്ടിയാണ് സംഘപരിവാര്‍ കേന്ദ്രങ്ങള്‍ ഹിന്ദുക്കളെ ഒഴിവാക്കി എന്ന തരത്തില്‍ വര്‍ഗീയ പ്രചാരണം നടത്തിയത്.

കേരളത്തില്‍ കേന്ദ്രപദ്ധതിയില്‍ നിന്ന് ഹിന്ദുക്കളെ  ഒഴിവാക്കിയെന്ന സംഘപരിവാര്‍ വര്‍ഗീയ പ്രചാരണം പൊളിഞ്ഞു
X

മലപ്പുറം: കേന്ദ്ര സര്‍ക്കാരിന്റെ ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്‍ യോജന(ഡിഡിയുജികെവൈ) എന്ന പദ്ധതി കേരളത്തില്‍ മുസ് ലിം, ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് മാത്രമാക്കിയെന്ന സംഘപരിവാര്‍ പ്രചാരണം പൊളിഞ്ഞു. ഒഴിവുള്ള സംവരണ സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ച് കണ്ടുള്ള പത്രകുറിപ്പ് ഉയര്‍ത്തിക്കാട്ടിയാണ് സംഘപരിവാര്‍ കേന്ദ്രങ്ങള്‍ ഹിന്ദുക്കളെ ഒഴിവാക്കി എന്ന തരത്തില്‍ വര്‍ഗീയ പ്രചാരണം നടത്തിയത്. ജനം ടിവി കോര്‍ഡിനേറ്റിങ് എഡിറ്റര്‍ അനില്‍ നമ്പ്യാര്‍ ഉള്‍പ്പടെ നിരവധി സംഘപരിവാര്‍ അനുകൂല പ്രൊഫൈലുകളാണ് വര്‍ഗീയ പ്രചാരണം ഏറ്റുപിടിച്ചത്.


'മതേതര കേരളത്തില്‍ മുസ് ലിമും ക്രിസ്ത്യാനിയും സര്‍വീസ് ചെയ്താല്‍ മാത്രമെ സ്മാര്‍ട്ട് ഫോണ്‍ പ്രവര്‍ത്തിക്കുകയുള്ളൂവെന്നുണ്ടോ?. കുടുംബശ്രീയുടെ പദ്ധതിയാണ് സൗജന്യ തൊഴില്‍ പരിശീലനവും ജോലിയുമെന്നാണ് പരസ്യം. അതായത് സര്‍ക്കാരിന്റെ ഏര്‍പാടത്രെ!. മതേതരത്വം നീണാള്‍ വാഴട്ടെ. (DDU GKY കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണ്. അതിന്റെ പിതൃത്വവും അടിച്ചുമാറ്റി! എന്നിട്ട് ഹിന്ദുക്കളെ ചവിട്ടിപ്പുറത്താക്കുകയും ചെയ്തു!!!). മതേതര അട്ടിമറി'. ഇതായിരുന്നു അനില്‍ നമ്പ്യാരുടെ ഫേസ്ബുക്ക് പോസ്റ്റ്. സംവരണ സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ച് കൊണ്ടുള്ള പത്ര പരസ്യത്തിന്റെ കട്ടിങ്ങും ഇതോടൊപ്പം ചേര്‍ത്ത് കൊണ്ടായിരുന്നു നമ്പ്യാരുടെ വര്‍ഗീയ പ്രചാരണം.

'കേന്ദ്ര പദ്ധതിയായ ഡിഡിയുജികെവൈ കേരളത്തിലെത്തിയപ്പോള്‍ ഹിന്ദുക്കള്‍ പുറത്ത്, ഇതില്‍ അപേക്ഷിക്കാവുന്നത് 18 മുതല്‍ 21 വയസ് വരെ പ്രായമുള്ള ക്രിസ്ത്യന്‍, മുസ് ലിം കുട്ടികള്‍ക്ക് മാത്രമാണ്. ഹിന്ദു പെണ്‍കുട്ടികളെ പ്രധാനമന്ത്രിയുടെ ഈ പദ്ധതിയില്‍നിന്ന് കേരളം ഒഴിവാക്കി'. എന്നായിരുന്നു മറ്റുചില സംഘപരിവാര്‍ പ്രൊഫൈലുകളില്‍ നിന്നുള്ള പ്രചാരണം. ചില സംഘപരിവാര്‍ അനുകൂല ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകളും വര്‍ഗീയ പ്രചാരണം ഏറ്റെടുത്തു.

സംവരണ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ട് മലയാള മനോരമയില്‍ 19ന് പ്രസിദ്ധീകരിച്ച അറിയിപ്പാണ് സംഘപരിവാര്‍ വര്‍ഗീയ ലക്ഷ്യത്തോടെ ഉപയോഗിച്ചത്.


സാമൂഹികമായി പിന്നോക്കം നില്‍ക്കുന്ന ജനവിഭാഗങ്ങള്‍ക്ക നിശ്ചിത അനുപാതം സംവരണം നല്‍കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം പാലിച്ചാണ് ഈ കോഴ്‌സുകള്‍ നടത്തുന്നതെന്ന് വ്യക്തമായതോടെ വര്‍ഗീയ പ്രചാരണം നടത്തിയവര്‍ മുങ്ങി.

ഡിഡിയുജികെവൈ പദ്ധതിയില്‍ മൂന്ന്, ആറ്, ഒമ്പത്, പന്ത്രണ്ട് മാസ കാലയളവില്‍ വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ നടത്തുന്നുണ്ട്. ഇവയൊന്നും പ്രത്യേക മതവിഭാഗത്തിന് മാത്രമായല്ല. പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് 50ഉം, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് 15ഉം ശതമാനമാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിക്കുന്ന സംവരണം. ശാരീരിക അവശതകള്‍ അനുഭവിക്കുന്നവര്‍ക്ക് മൂന്ന് ശതമാനം സംവരണം സംസ്ഥാന സര്‍ക്കാരുകള്‍ ഉറപ്പ് വരുത്തണം. കോഴ്‌സിന് ചേരുന്നവരില്‍ മൂന്നിലൊന്ന് സ്ത്രീകള്‍ ആയിരിക്കണമെന്നും കേന്ദ്ര നിര്‍ദേശമുണ്ട്. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശ പ്രകാരമുള്ള സംവരണ ഒഴിവുകള്‍ നികത്താന്‍ നല്‍കിയ പത്രപരസ്യമാണ് സംഘപരിവാര്‍ വര്‍ഗീയ വിദ്വേഷം വളര്‍ത്താന്‍ ദുരുപയോഗിച്ചത്. ഇതിനെ പൊളിച്ചടുക്കി സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റുകള്‍ വന്നതോടെ വര്‍ഗീയ പ്രചാരണം നടത്തിയവര്‍ പലരും പോസ്റ്റുകള്‍ പിന്‍വലിച്ചു.

Next Story

RELATED STORIES

Share it