Sub Lead

കസ്റ്റഡി മര്‍ദ്ദനക്കേസില്‍ സഞ്ജീവ് ഭട്ടിനെ വെറുതെവിട്ടു

1997ല്‍ റജിസ്റ്റര്‍ ചെയ്ത കേസാണ് ഇത്

കസ്റ്റഡി മര്‍ദ്ദനക്കേസില്‍ സഞ്ജീവ് ഭട്ടിനെ വെറുതെവിട്ടു
X

പോരന്‍ബന്ദര്‍: ആയുധക്കടത്ത് കേസിലെ പ്രതിയെ കസ്റ്റഡിയില്‍ മര്‍ദ്ദിച്ചെന്ന കേസില്‍ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവിനെ വെറുതെവിട്ടു. ഭട്ടിനെതിരായ ആരോപണങ്ങള്‍ തെളിയിക്കാന്‍ പോലിസിന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുകേഷ് പാണ്ഡ്യെയുടെ ഉത്തരവ്. കേസില്‍ ഭട്ടിനൊപ്പം പ്രതി ചേര്‍ത്തിരുന്ന വജുഭായ് ചൗ മരിച്ചതിനാല്‍ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

വന്‍തോതില്‍ ആയുധങ്ങള്‍ കടത്തിയെന്ന കേസിലെ പ്രതിയായ നരന്‍ ജാദവ് എന്നയാളെ 1994ല്‍ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. സഞ്ജീവ് ഭട്ട് ഇക്കാലത്ത് പോര്‍ബന്ദര്‍ എസ്പിയായിരുന്നു. നരന്‍ ജാദവിനെ 1997ല്‍ സബര്‍മതി ജയിലിലേക്ക് മാറ്റിയെന്നും അവിടെ നിന്ന് നിയമവിരുദ്ധമായി വീട്ടില്‍ കൊണ്ടു പോയി മര്‍ദ്ദിച്ചെന്നുമാണ് കേസ്. പക്ഷെ, കേസില്‍ യാതൊരു തെളിവുകളുമില്ലെന്നാണ് ഇപ്പോള്‍ കോടതി കണ്ടെത്തിയിരിക്കുന്നത്.

ബാബരി മസ്ജിദ് പൊളിക്കാന്‍ ബിജെപി നേതാവ് എല്‍ കെ അദ്വാനി നടത്തിയ രഥയാത്രയുമായി ബന്ധപ്പെട്ട് 1990 ഒക്ടോബര്‍ പത്തിന് ഗുജറാത്തിലെ ജാം ജോദ്പൂരില്‍ വര്‍ഗീയ കലാപം നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് പിടികൂടിയ പ്രഭുദാസ് വൈഷ്ണവി എന്നയാള്‍ കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ നിലവില്‍ ഭട്ട് ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുകയാണ്. രാജസ്ഥാന്‍ സ്വദേശിയായ ഒരു അഭിഭാഷകനെ 1996ല്‍ മയക്കുമരുന്നു കേസില്‍ കുടുക്കിയെന്ന കേസില്‍ 20 വര്‍ഷത്തേക്കും ഭട്ടിനെ ശിക്ഷിച്ചിട്ടുണ്ട്.

2002ലെ ഗുജറാത്ത് വംശഹത്യയില്‍ വ്യാജരേഖകള്‍ ചമച്ചെന്ന കേസിലും സഞ്ജീവ് ഭട്ട് പ്രതിയാണ്. സാമൂഹിക പ്രവര്‍ത്തക ടീസ്ത സെതല്‍വാദ്, മുന്‍ ഡിജിപി ആര്‍ ബി ശ്രീകുമാര്‍ എന്നിവരാണ് മറ്റു പ്രതികള്‍. ഗുജറാത്ത് വംശഹത്യയില്‍ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിക്ക് പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടി സുപ്രിംകോടതിയില്‍ ഭട്ട് സത്യവാങ്മൂലം നല്‍കിയിരുന്നു. ഇതോടെയാണ് തെളിവില്ലാതെ കിടന്ന കേസുകളെല്ലാം പൊക്കിയെടുത്ത് സര്‍ക്കാര്‍ രംഗത്ത് വന്നത്. തനിക്കെതിരേ പോലും സര്‍ക്കാരും കള്ളത്തെളിവുകളുണ്ടാക്കിയെന്നാണ് സഞ്ജീവ് ഭട്ടിന്റെ വാദം.

Next Story

RELATED STORIES

Share it