Sub Lead

സാറ അല്‍ അമീരി: യുഎഇയുടെ ചൊവ്വാ ദൗത്യത്തിനു പിന്നിലെ പെണ്‍കരുത്ത്

സാറ അല്‍ അമീരി: യുഎഇയുടെ ചൊവ്വാ ദൗത്യത്തിനു പിന്നിലെ പെണ്‍കരുത്ത്
X
അബൂദബി: യുഎഇയുടെ 50ാം വാര്‍ഷികാഘോഷ വേളയില്‍ രാജ്യത്തെ വാനോളമുയര്‍ത്തിയ ചൊവ്വാദൗത്യത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ഒരു യുവ വനിതാ മന്ത്രി. യുഎഇയുടെ മാത്രമല്ല, അറബ് ലോകത്തിന്റെ തന്നെ അഭിമാനമായ ചൊവ്വ പര്യവേഷണ ദൗത്യമായ ഹോപ് പ്രോബ്(അല്‍ അമല്‍) ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയതിന്റെ ആഹ്ലാദം പങ്കുവയ്ക്കുമ്പോള്‍ ആ പെണ്‍കരുത്തിനെയും ലോകം അന്വേഷിക്കുകയാണ്. മറ്റാരുമല്ല, സാറ ബിന്‍ത് യൂസുഫ് അല്‍ അമീരിയെന്ന സാറ അല്‍ അമീരിയാണ്. യുഎഇയുടെ ശാസ്ത്ര മുന്നേറ്റ വകുപ്പ് മന്ത്രിയും ബഹിരാകാശ പദ്ധതി മേധാവിയുമായ 34കാരി അറബ് ലോകത്തെ സ്ത്രീ ശാക്തീകരണത്തിന്റെ കൂടി പുതുചരിത്രം ലോകത്തോടു വിളിച്ചുപറയുന്നുണ്ട്.

1987ലാണ് സാറ അല്‍ അമീരിയുടെ ജനനം. കോളജ് അധ്യാപികയാണ് മാതാവ്. സാറ അല്‍ അമീരിക്കും ഒരു മകനുണ്ട്. വിദ്യാഭ്യാസത്തിനു പ്രാധാന്യം നല്‍കിയ കുടുംബത്തില്‍ നിന്ന് ശാസ്ത്രലോകത്തേക്കായിരുന്നു സാറ അല്‍ അമീരിയുടെ വളര്‍ച്ച. ചെറുപ്രായത്തില്‍ തന്നെ ബഹിരാകാശമാണ് തന്റെ പ്രവര്‍ത്തന മേഖലയെന്ന് മനസ്സില്‍ കുറിച്ചിരുന്നു. മാത്രമല്ല, കംപ്യൂട്ടര്‍ എന്‍ജിനീയറിങില്‍ അമേരിക്കന്‍ യൂനിവേഴ്‌സിറ്റി ഓഫ് ഷാര്‍ജയില്‍ നിന്നാണ് ബിരുദം നേടിയത്. ബിരുദാനന്തര ബിരുദത്തിന് ശേഷം കംപ്യൂട്ടര്‍ എന്‍ജിനീയറായി ഔദ്യോഗിക ജീവിതം ആരംഭിച്ച സാറ പിന്നീട് എമിറേറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂഷന്‍ ഫോര്‍ അഡ്വാന്‍ഡ്‌സ് സയന്‍സസ് ആന്റ് ടെക്‌നോളജിയില്‍ പ്രവര്‍ത്തിച്ചു. 2009ലാണ് സാറ അല്‍ അമീരി മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്ററിലെത്തിയത്. 2016ല്‍ സാറ എമിറേറ്റ്‌സ് സയന്‍സ് കൗണ്‍സില്‍ മേധാവിയായി. 2017ല്‍ അഡ്വാന്‍സ്ഡ് ടെക്‌നോളജി മന്ത്രിയായി. പിന്നീട് സ്‌പേസ് ഏജന്‍സിയുടെ ചെയര്‍വുമണ്‍ സ്ഥാനം നല്‍കി. 2020ല്‍ ലോകത്തെ സ്വാധീനിച്ച 100 വനിതകളുടെ ബിബിസി തയ്യാറാക്കിയ പട്ടികയിലും സാറ അല്‍ അമീരി ഇടംപിടിച്ചിരുന്നു.

സാറയുടെ കഴിവും അഭിനിവേശവും തിരിച്ചറിഞ്ഞാണ് യുഎഇ ഭരണകൂടം സുപ്രധാനമായ ചൊവ്വാ ദൗത്യമായ ഹോപ് പ്രോബിന്റെ ചുമതല നല്‍കിയത്. 50 ശതമാനം വിജയ സാധ്യത മാത്രമാണെന്നു വിലയിരുത്തിയ ഭരണകൂടത്തെ തന്റെ ഇച്ഛാശക്തിയും മനക്കരുത്തും കൊണ്ടാണ് വിജയപഥത്തിലെത്തിച്ചത്. ഏഴു മാസത്തെ യാത്രയ്ക്കു ശേഷം ഹോപ് പ്രോബ് ചൊവ്വാഴ്ച രാത്രി 7.42നാണ് ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിച്ചത്. ഇതോടെ ഈ ലക്ഷ്യം പൂര്‍ത്തിയാക്കുന്ന അഞ്ചാമത്തെ രാജ്യമായി യുഎഇ മാറി. അറബ് ലോകത്തെ ആദ്യ രാജ്യവും. അതിലുപരിയാണ്, ആദ്യ ശ്രമത്തില്‍ തന്നെ ചൊവ്വാ ദൗത്യം വിജയിപ്പിക്കുന്ന മൂന്നാമത്തെ രാജ്യമെന്ന ഖ്യാതിയും. ജപ്പാനിലെ താനെഗാഷിമ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് കഴിഞ്ഞ വര്‍ഷം ജൂലൈ 21ന് പ്രാദേശിക സമയം പുലര്‍ച്ചെ 1.58നാണ് ഹോപ് പ്രോബ് അറബ് ലോകത്തിന്റെയാകെ പ്രതീക്ഷകളുമായി കുതിച്ചത്.

ചൊവ്വയിലെ അന്തരീക്ഷത്തെ കുറിച്ച് പഠനം നടത്തുന്നതിനോടൊപ്പെ 2117ല്‍ ചൊവ്വയില്‍ മനുഷ്യന് വാസസ്ഥലം ഒരുക്കുക എന്നിവ കൂടി ഹോപ് പ്രോബിന്റെ ലക്ഷ്യമാണ്. മൂന്ന് അത്യാധുനിക സംവിധാനങ്ങളിലൂടെ 687 ദിവസങ്ങള്‍ കൊണ്ടാണ് വിവരശേഖരണം നടത്തുക. എമിറേറ്റ്‌സ് മാര്‍സ് സ്‌പെക്‌ട്രോ മീറ്റര്‍, ഇമേജര്‍, ഇന്‍ഫ്രാറെഡ് സ്‌പെക്‌ട്രോ മീറ്റര്‍ എന്നീ മൂന്ന് ഉപകരണങ്ങളാണ് പര്യവേക്ഷണത്തിന് ഉപയോഗിക്കുന്നത്. പദ്ധതിക്ക് 73.5 കോടി ദിര്‍ഹമാണ് ചെലവ്. 450ലേറെ ജീവനക്കാര്‍ 55 ലക്ഷം മണിക്കൂര്‍ കൊണ്ടാണ് ഹോപ് പ്രോബ് നിര്‍മിച്ചത്. ഹോപ്പിന്റെ ശാസ്ത്രസംഘത്തെ നയിക്കുന്നത് 80% വനിതാ ശാസ്ത്രജ്ഞര്‍ ഉള്‍പ്പെടുന്ന സംഘമാണ്. 34 ശതമാനമാണ് ഹോപ് പ്രോബ് പദ്ധതിയിലെ സ്ത്രീ പ്രാതിനിധ്യമെന്നതും സുപ്രധാന നേട്ടമായി വിലയിരുത്തപ്പെടുന്നു.

Sarah al-Amiri: Young lady minister behind UAE mission to Mars


Next Story

RELATED STORIES

Share it