Sub Lead

സര്‍ദാര്‍ പട്ടേല്‍ വിദ്യാലയത്തിലേക്ക് അമിത് ഷാക്ക് ക്ഷണം; എതിര്‍പ്പുമായി പൂര്‍വവിദ്യാര്‍ഥികള്‍

പരിപാടിയിലേക്ക് കേന്ദ്ര ആഭ്യന്തര മന്ത്രിയെ ക്ഷണിക്കാനുള്ള തീരുമാനത്തെ ചോദ്യം ചെയ്ത് സ്‌കൂളിന് തുറന്ന കത്തെഴുതിയിരിക്കുകയാണ് പൂര്‍വ വിദ്യാര്‍ഥികള്‍. സര്‍ദാര്‍ പട്ടേല്‍ ജയന്തിയില്‍ മുഖ്യാതിഥിയായി ആഭ്യന്തരമന്ത്രി അമിത് ഷായെയാണ് അധികൃതര്‍ ക്ഷണിച്ചത്.

സര്‍ദാര്‍ പട്ടേല്‍ വിദ്യാലയത്തിലേക്ക് അമിത് ഷാക്ക് ക്ഷണം; എതിര്‍പ്പുമായി പൂര്‍വവിദ്യാര്‍ഥികള്‍
X

ന്യൂഡല്‍ഹി: സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മദിനത്തോടനുബന്ധിച്ച് നടക്കുന്ന പരിപാടിയിലേക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ക്ഷണിച്ചതിനെതിരേ ശക്തമായ പ്രതിഷേധവും എതിര്‍പ്പുമുയര്‍ത്തി ന്യൂഡല്‍ഹിയിലെ സര്‍ദാര്‍ പട്ടേല്‍ വിദ്യാലയത്തിലെ ഒരു കൂട്ടം പൂര്‍വ വിദ്യാര്‍ഥികള്‍ രംഗത്ത്.

പരിപാടിയിലേക്ക് കേന്ദ്ര ആഭ്യന്തര മന്ത്രിയെ ക്ഷണിക്കാനുള്ള തീരുമാനത്തെ ചോദ്യം ചെയ്ത് സ്‌കൂളിന് തുറന്ന കത്തെഴുതിയിരിക്കുകയാണ് പൂര്‍വ വിദ്യാര്‍ഥികള്‍. സര്‍ദാര്‍ പട്ടേല്‍ ജയന്തിയില്‍ മുഖ്യാതിഥിയായി ആഭ്യന്തരമന്ത്രി അമിത് ഷായെയാണ് അധികൃതര്‍ ക്ഷണിച്ചത്.

സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അനുരാധ ജോഷിക്കും സ്‌കൂള്‍ നടത്തിപ്പുകാരായ ഗുജറാത്ത് എജ്യുക്കേഷന്‍ സൊസൈറ്റിക്കും അയച്ച കത്തില്‍ 237 പൂര്‍വ വിദ്യാര്‍ഥികളാണ് ഒപ്പുവച്ചത്.

'നിലവിലെ ധ്രുവീകരണത്തിന്റെ അന്തരീക്ഷത്തില്‍, അത്തരം രാഷ്ട്രീയപാര്‍ട്ടിയിലെ ഒരു വ്യക്തിയെ ക്ഷണിക്കുന്നത് സ്‌കൂളിനെ വിമര്‍ശനത്തിന് ഇരയാക്കുകയും അതിന്റെ ധാര്‍മികതയെ തകര്‍ക്കുകയും ചെയ്യും. സ്‌കൂള്‍ ഭരണഘടനയെയും ബഹുസ്വരതയെയും പ്രതിനിധീകരിക്കുന്നുണ്ട്. രാജ്യത്തുടനീളം വ്യാപിക്കുന്ന വിദ്വേഷത്തിന്റെയും അക്രമത്തിന്റെയും ഈ നിലവിലെ അന്തരീക്ഷം ഭരണഘടനാ മൂല്യങ്ങളുടെ നഗ്‌നമായ അവഗണനയ്ക്ക് കാരണമായിട്ടുണ്ട്. ചോദ്യം ചെയ്യല്‍, വിയോജിപ്പ്, വാദങ്ങള്‍, സംവാദങ്ങള്‍ എന്നിവയുടെ ജനാധിപത്യ ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഒരു വിദ്യാലയമാണിത്. സ്‌കൂള്‍ ഞങ്ങള്‍ക്ക് പകര്‍ന്നുതന്ന ജനാധിപത്യത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധതയും ഊഷ്മളതയും നിറഞ്ഞ ഈ സ്ഥലത്ത് നിന്നാണ് ഞങ്ങള്‍ നിങ്ങള്‍ക്ക് എഴുതുന്നത്'- കത്തില്‍ വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി.കത്ത് പുറത്തുവന്ന ശേഷം കൂടുതല്‍ പൂര്‍വ വിദ്യാര്‍ത്ഥികള്‍ കത്തിനെ സ്വാഗതം ചെയ്ത് മുന്നോട്ട് വന്നിട്ടുണ്ട്.അമിത് ഷാ അംഗമായ ബിജെപിയുടെ സൈദ്ധാന്തിക മുഖമായ രാഷ്ട്രീയ സ്വയം സേവക് സംഘിനെ (ആര്‍എസ്എസ്) സര്‍ദാര്‍ പട്ടേല്‍ തന്നെ നിരോധിച്ചിരുന്നതും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Next Story

RELATED STORIES

Share it