Sub Lead

'ജയ്ശ്രീറാം' വിളിക്കാന്‍ ആവശ്യപ്പെട്ട് മുസ് ലിം ഡ്രൈവറെ തല്ലിക്കൊന്നു; കവര്‍ച്ചയ്ക്കിടെയുള്ള കൊലയെന്ന് യുപി പോലിസ്

അപ്പോള്‍ പിതാവിനോട് പേര് ചോദിച്ചു. ഇത്രയുമായപ്പോഴേക്കും എന്തോ കുഴപ്പമുണ്ടെന്ന് മനസ്സിലാക്കിയ സാബിര്‍ കോള്‍ റെക്കോര്‍ഡ് ചെയ്യാന്‍ തുടങ്ങി. ഈ സമയം 'ജയ് ശ്രീറാം വിളിക്കൂ, ജയ് ശ്രീറാം വിളിക്കൂ' എന്ന് ഒരാള്‍ പറയുന്നത് കേട്ടതായി സാബിര്‍ പറഞ്ഞു. ഇതിനുശേഷം ഒന്നും സംസാരിക്കുന്നത് കേട്ടില്ല. എന്നാല്‍ 11 മിനിറ്റിനുശേഷം, 'അവന്റെ ശ്വാസം നിലച്ചെ'ന്ന് ഒരാള്‍ പറയുന്നത് കേട്ടതായും സാബിര്‍ 'വയറി'നോട് പറഞ്ഞു.

ജയ്ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട് മുസ് ലിം ഡ്രൈവറെ തല്ലിക്കൊന്നു; കവര്‍ച്ചയ്ക്കിടെയുള്ള കൊലയെന്ന് യുപി പോലിസ്
X

നോയിഡ: ഉത്തര്‍പ്രദേശില്‍ 'ജയ് ശ്രീറാം' വിളിക്കണമെന്ന് ആവശ്യപ്പെട്ട് മുസ് ലിമായ കാര്‍ ഡ്രൈവറെ കെട്ടിയിട്ട് തല്ലിക്കൊന്ന് റോഡരികില്‍ തള്ളി. നോയിഡയ്ക്കു സമീപം ത്രിലോക്പുരി സ്വദേശിയായ അഫ്താബ് ആലമിന്റെ മൃതദേഹമാണ് റോഡരികില്‍ കണ്ടെത്തിയത്. എന്നാല്‍, കവര്‍ച്ചയ്ക്കിടെ നടന്ന കൊലപാതകമാണെന്നു വരുത്തിത്തീര്‍ക്കാന്‍ മോഷണം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് യുപി പോലിസ് കേസെടുത്തത്. ഭാര്യയും മൂന്ന് ആണ്‍മക്കളും രോഗികളായ മാതാപിതാക്കളും രണ്ട് സഹോദരങ്ങളുമുള്ള കുടുംബത്തിന്റെ ഏക ആശ്രയമാണ് ഹിന്ദുത്വരുടെ ക്രൂരതയില്‍ അനാഥമായത്. പിതാവിന്റേത് കൊലപാതകമാണെന്നും മരണപ്പെടുന്നതിന്റെ അവസാന നിമിഷങ്ങളില്‍ അര്‍ധരാത്രി ഫോണ്‍ വിളിച്ചപ്പോള്‍ ജയ് ശ്രീറാം വിളിക്കാന്‍ ചിലര്‍ ആവശ്യപ്പെടുന്നത് കേട്ടതായും 20 കാരനായ മുഹമ്മദ് സാബിര്‍ പറഞ്ഞതായി 'ദി വയര്‍' റിപോര്‍ട്ട് ചെയ്തു.

ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് അഫ്താബ് ആലത്തിന്റെ മൃതദേഹം സ്വന്തം കാറിനരികില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്. മരണപ്പെടുന്നതിനു കുറച്ച് മണിക്കൂറുകള്‍ക്ക് മുമ്പ് പിതാവിന്റെ ഫോണ്‍ വന്നപ്പോള്‍ എന്തോ കുഴപ്പമുണ്ടെന്ന് മനസ്സിലായിരുന്നുവെന്നും ഫോണ്‍ എടുത്തശേഷം ഒരു വാക്കുപോലും അദ്ദേഹം പറഞ്ഞില്ലെന്നും മകന്‍ സാബിര്‍ പറഞ്ഞു. ഫോണിന്റെ മറ്റേ അറ്റത്ത് 'മദ്യപിച്ച' ചിലര്‍ മദ്യപിക്കുന്നോയെന്ന് പിതാവിനോട് ചോദിക്കുന്നത് സാബിര്‍ കേട്ടു. ഇല്ലെന്നു പിതാവ് മറുപടി നല്‍കുന്നതും സാബിര്‍ കേട്ടിരുന്നു. അപ്പോള്‍ പിതാവിനോട് പേര് ചോദിച്ചു. ഇത്രയുമായപ്പോഴേക്കും എന്തോ കുഴപ്പമുണ്ടെന്ന് മനസ്സിലാക്കിയ സാബിര്‍ കോള്‍ റെക്കോര്‍ഡ് ചെയ്യാന്‍ തുടങ്ങി. ഈ സമയം 'ജയ് ശ്രീറാം വിളിക്കൂ, ജയ് ശ്രീറാം വിളിക്കൂ' എന്ന് ഒരാള്‍ പറയുന്നത് കേട്ടതായി സാബിര്‍ പറഞ്ഞു. ഇതിനുശേഷം ഒന്നും സംസാരിക്കുന്നത് കേട്ടില്ല. എന്നാല്‍ 11 മിനിറ്റിനുശേഷം, 'അവന്റെ ശ്വാസം നിലച്ചെ'ന്ന് ഒരാള്‍ പറയുന്നത് കേട്ടതായും സാബിര്‍ 'വയറി'നോട് പറഞ്ഞു.

''ഡ്രൈവറായി ജോലി ചെയ്യുന്ന പിതാവ് അഫ്താബ് ആലം ഞായറാഴ്ച വൈകീട്ട് മൂന്നോടെ തന്റെ പഴയ ഇടപാടുകാരിലൊരാളെ ബുലന്ദ്ഷഹറില്‍ കൊണ്ടുവിടാന്‍ പോയതായിരുന്നു. രാത്രി ഏഴോടെ അദ്ദേഹം തിരിച്ച് വീട്ടിലേക്ക് പുറപ്പെട്ടു. പോവുന്ന വഴിയില്‍ അദ്ദേഹം എന്നെ വിളിച്ച് തന്റെ ഫാസ്റ്റ് ടാഗ് റീചാര്‍ജ് ചെയ്യാന്‍ പറഞ്ഞു. രാത്രി 7:30 ഓടെ ഞാന്‍ ചെയ്തു. കുറച്ച് സമയത്തിന് ശേഷം എനിക്ക് വീണ്ടും ഒരു കോള്‍ ലഭിച്ചു. ഒരു ടോള്‍ ബൂത്തിനടുത്താണെന്നാണ് തോന്നുന്നത്. താന്‍ കണ്ടുമുട്ടിയ ചില ആളുകള്‍ നല്ല ആളുകളല്ലെന്ന് അദ്ദേഹത്തിന് മനസ്സിലായിരിക്കാം. അതിനാല്‍ അദ്ദേഹം എന്നെ വിളിച്ച് മൊബൈല്‍ ഫോണ്‍ പോക്കറ്റിലിട്ടു''-സാബിര്‍ പറഞ്ഞു.

ഇതിനുശേഷം പിതാവിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആകുന്നതുവരെ അടുത്ത 40 മിനിറ്റ് സാബിര്‍ കോള്‍ റെക്കോര്‍ഡ് ചെയ്തു. ഉടന്‍ സമീപത്തെ മയൂര്‍ വിഹാര്‍ പോലിസ് സ്റ്റേഷനില്‍ പോയി സഹായം അഭ്യര്‍ഥിച്ചു. ഇക്കാര്യം അറിയിച്ചപ്പോള്‍ സബ് ഇന്‍സ്‌പെക്ടര്‍ സഞ്ജയ് സര്‍ സഹായിച്ചു. അദ്ദേഹം ഉടന്‍ തന്നെ എന്റെ പിതാവിന്റെ മൊബൈല്‍ ഫോണ്‍ ട്രാക്ക് ചെയ്യാന്‍ തുടങ്ങി. സിം കാര്‍ഡിന്റെ അവസാന ലൊക്കേഷനിലെത്തി. ബദല്‍പൂര്‍ പോലിസ് സ്റ്റേഷനു സമീപമാണെന്നു മനസ്സിലായി. അവിടെ അവശനായ നിലയില്‍ അഫ്താബ് ആലമിനെ കണ്ടെത്തി. ഉടന്‍ സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണപ്പെട്ടിരുന്നുവെന്നും സാബിര്‍ പറഞ്ഞു.

തന്റെ പിതാവിന്റെ മൃതദേഹം കണ്ട സാബിറിന് കരച്ചില്‍ അടക്കിനിര്‍ത്താനായില്ല. പിതാവിന്റെ നാവിന്റെ ഒരു ഭാഗത്ത് മുറിവേറ്റിട്ടുണ്ട്. ചെവിയിലൂടെ രക്തസ്രാവമുണ്ടായിരുന്നു. മുഖത്ത് ഒരു വലിയ മുറിവുണ്ടായിരുന്നു. ഇതിലൂടെ തന്നെ ഇത് ആള്‍ക്കൂട്ടം ആക്രമിച്ച് കൊന്നതാണെന്നു വ്യക്തമാണ്. എന്നാല്‍, ബദല്‍പൂര്‍ പോലിസ് കവര്‍ച്ചാ കേസ് മാത്രമാണ് രജിസ്റ്റര്‍ ചെയ്തതെന്നും സാബിര്‍ പറഞ്ഞു. സംഭവത്തില്‍ കണ്ടാലറിയാവുന്ന അക്രമികള്‍ക്കെതിരേ ഐപിസി സെക്ഷന്‍ 394 (കവര്‍ച്ചയ്ക്കു വേണ്ടി പരിക്കേല്‍പ്പിക്കല്‍), 302 (കൊലപാതം) തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. കുറ്റവാളികളെ ആലം എങ്ങനെ കണ്ടെന്നോ ആരാണ്, എത്ര പേരുണ്ടെന്നോ എഫ് ഐആറില്‍ വ്യക്തമാക്കിയിട്ടില്ല. ഞങ്ങള്‍ മുസ് ലിംകളാണ്. പക്ഷേ, ഞങ്ങള്‍ക്ക് ജീവിക്കാന്‍ അവകാശമുണ്ടെന്നും സാബിര്‍ പറഞ്ഞു.

നഷ്ടമായത് കുടുംബത്തിന്റെ അത്താണി; മക്കളുടെ വിദ്യാഭ്യാസത്തില്‍ അതീവ തല്‍പരന്‍

നോയിഡയിലെ ത്രിലോക്പുരിയിലെ താമസക്കാരനായിരുന്നു അഫ്താബ് ആലം 1996 മുതല്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഡ്രൈവിങ്ങാണ് അദ്ദേഹത്തിന്റെ പ്രധാന ഉപജീവനമാര്‍ഗം. ഭാര്യയും മൂന്ന് ആണ്‍മക്കളും രോഗികളായ മാതാപിതാക്കളും രണ്ട് സഹോദരങ്ങളുമടങ്ങുന്ന കുടുംബത്തിന്റെ പ്രധാന വരുമാന സ്രോതസ്സ് അഫ്താബ് ആലമാണ്. കൊവിഡ് വ്യാപന ഭീതി കാരണം ലോക്ക് ഡൗണ്‍ കാലത്ത് ആലം പുറത്തിറങ്ങിയിട്ടില്ലെന്ന് അദ്ദേഹത്തിന്റെ കുടുംബം പറഞ്ഞു. എന്നാല്‍, പഴയ ഇടപാടുകാരനായ ഒരു കുടുംബസുഹൃത്ത്, ഗുഡ്ഗാവില്‍ നിന്ന് ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലേക്ക് എത്തിക്കാമോ എന്നു ചോദിച്ച് വിളിച്ചപ്പോള്‍ അഫ്താബിന് അത് നിരസിക്കാന്‍ കഴിഞ്ഞില്ല. ലോക്ക്ഡൗണ്‍ സമയത്ത് ജോലിയില്ലാതിരുന്ന ആലം ഈ ട്രിപ്പ് നല്ലതാണെന്നു തോന്നിയാണ് പോയത്.

മക്കളുടെ വിദ്യാഭ്യാസ കാര്യത്തില്‍ പിതാവ് ഏറെ താല്‍പര്യം കാണിച്ചിരുന്നു. ഡല്‍ഹി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ഓപണ്‍ ലേണങില്‍ മൂന്നാം വര്‍ഷ ബികോം വിദ്യാര്‍ഥിയാണ് സാബിര്‍. ആലമിന്റെ ഇളയ മക്കളായ മുഹമ്മദ് ഷാഹിദ്(19), മുഹമ്മദ് ഷാജിദ്(17) എന്നിവരും ബോര്‍ഡ് പരീക്ഷകളില്‍ മികച്ച മാര്‍ക്ക് നേടിയ മിടുക്കരായ വിദ്യാര്‍ത്ഥികളാണ്. ഇരുവരും മയൂര്‍ വിഹാറിലെ അഹ്ല്‍കോണ്‍ പബ്ലിക് സ്‌കൂളിലാണ് പഠിക്കുന്നത്. പത്താം ക്ലാസ് പരീക്ഷയില്‍ യഥാക്രമം 76 ശതമാനം, 92 ശതമാനം മാര്‍ക്കുകളാണ് ഇരുവരും നേടിയത്.

''ഇത് ഒരു കവര്‍ച്ചാ കേസായിരുന്നുവെങ്കില്‍ എന്തുകൊണ്ടാണ് അവര്‍ കാര്‍ എടുക്കാതെ പോയതെന്ന് പോലിസ് വ്യക്തമാക്കണമെന്ന് ആലമിന്റെ പിതാവ് 65കാരനായ മുഹമ്മദ് താഹിര്‍ ചോദിച്ചു. അവര്‍ കാര്‍ മോഷ്ടിച്ച് മൃതദേഹം തെരുവിലേക്ക് വലിച്ചെറിയുമായിരുന്നു. ഇത് വ്യക്തമായും ആള്‍ക്കൂട്ടക്കൊലയാണ്. അവര്‍ മൊബൈല്‍ ഫോണ്‍ മാത്രമാണ് എടുത്തതെന്നും അദ്ദേഹം പറഞ്ഞു.

തന്റെ മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് പിതാവിന്റെ ഏക ലക്ഷ്യമെന്ന് നീറ്റ് പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന മകന്‍ ഷാഹിദ് പറഞ്ഞു. സാമ്പത്തികമായി ഉയര്‍ന്ന വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളിലാണ് പ്രത്യേക ക്വാട്ടയിലൂടെ തന്നെ ചേര്‍ത്തത്. കൊവിഡ് പ്രതിസന്ധി ഘട്ടത്തില്‍ പോലുംഞങ്ങളുടെ ഫീസ് പിതാവ് അടച്ചെന്നും മക്കള്‍ പറയുന്നു. ''ഡ്രൈവര്‍ എന്ന നിലയിലുള്ള തന്റെ കരിയറില്‍ ആരോടും ഒരു വഴക്കും ഉണ്ടായിരുന്നില്ല. ജോലിക്ക് പോവും വീട്ടില്‍ തിരിച്ചെത്തും. മക്കളുടെ വിദ്യാഭ്യാസത്തിനായി പണം ചെലവഴിച്ചു. വറെതെ സമയം പാഴാക്കാതെ മുഴുവന്‍ സമയവും ഞങ്ങള്‍ക്ക് വേണ്ടി പണം സമ്പാദിച്ചെന്നും അദ്ദേഹം പറഞ്ഞു. തന്റെ വീട്ടിലെ അടുക്കളയിലേക്ക് വിരല്‍ ചൂണ്ടിക്കൊണ്ട് അദ്ദേഹം പറഞ്ഞു ''ഇപ്പോള്‍ ഞങ്ങള്‍ക്ക് വീട്ടില്‍ റേഷന്‍ കുറവാണ്, പക്ഷേ എന്റെ പുസ്തക ഷെല്‍ഫ് നോക്കൂ. വീടിന് ഭക്ഷണത്തിന് ആവശ്യമായ പണമില്ലെങ്കിലും പിതാവ് എനിക്ക് 1,800 രൂപ വിലമതിക്കുന്ന പുസ്തകങ്ങളും നോട്ട്ബുക്കുകളും വാങ്ങിത്തന്നെന്നും മകന്‍ ഷാഹിദ് പറഞ്ഞു.

ഇളയ മകനും കുടുംബത്തിലെ ഏറ്റവും മികച്ച മാര്‍ക്ക് ജേതാവുമായ ഷാജിദ് പറഞ്ഞു, ''ഞങ്ങള്‍ രണ്ടുപേരും പത്താം ക്ലാസ് ഫലം ലഭിച്ചപ്പോള്‍, എന്നെക്കാള്‍ കുറഞ്ഞ മാര്‍ക്കാണ് ഷാഹിദിനു ലഭിച്ചത്. പക്ഷേ, മികച്ച മാര്‍ക്ക് നേടിയെന്നു വച്ച് എന്നോട് പ്രത്യേക മുന്‍ഗണന നല്‍കാതെ, പിതാവ് 1,000 രൂപയുടെ ഒരു നോട്ടെടുത്ത് 500 രൂപ വീതം ഞങ്ങള്‍ക്ക് തന്നു. ഞങ്ങള്‍ രണ്ടുപേരിലും വിശ്വാസം പ്രകടിപ്പിച്ചു. ഷാഹിദിലൂടെ ഒരുനാള്‍ തന്നെ അഭിമാനിക്കപ്പെടുമെന്നും അദ്ദേഹത്തിനറിയാമായിരുന്നുവെന്നും ഷാജിദ് പറഞ്ഞു.

ഇനിയങ്ങോട്ട് വീട്ടില്‍ എങ്ങനെ തീ പുകയുമെന്നറിയാതെ വിഷമിക്കുകയാണ് അഫ്താബ് ആലമിന്റെ മാതാവ് 60-കാരിയായ നജ്മുന്നിസ. ആലമിന്റെ ഭാര്യ റെഹാന ഖാത്തൂന്‍(36) തിങ്കളാഴ്ച ഉച്ചയോടെയാണ് ഭര്‍ത്താവിന്റെ മരണത്തെക്കുറിച്ച് അറിഞ്ഞത്. തന്റെ ഭര്‍ത്താവിന് നീതി ലഭിക്കണമെന്ന് ഖാത്തൂന്‍ പറഞ്ഞു. ''ഞാന്‍ സ്‌കൂളിലെ എന്റെ അധ്യാപകരോട് സംസാരിക്കും. അവര്‍ ഒരു പരിഹാരം കണ്ടെത്തും. സംഭവിച്ചത് സംഭവിച്ചു. ഇനി സംഭവിക്കുന്നതും ഞങ്ങള്‍ കൈകാര്യം ചെയ്യുമെന്നും 19 കാരന്‍ പറഞ്ഞു. അഫ്താബ് ആലമിന്റെ മൃതദേഹം വൈകീട്ട് 5.30ഓടെയാണ് ഖബറടക്കിയത്.



Next Story

RELATED STORIES

Share it