Sub Lead

പിന്നാക്ക വിദ്യാര്‍ഥികളുടെ സ്‌കോളര്‍ഷിപ്പ്: കേന്ദ്ര നടപടി പിന്നാക്ക ജനതയോടുള്ള വഞ്ചന കെ കെ റൈഹാനത്ത്

പിന്നാക്ക വിദ്യാര്‍ഥികളുടെ സ്‌കോളര്‍ഷിപ്പ്: കേന്ദ്ര നടപടി പിന്നാക്ക ജനതയോടുള്ള വഞ്ചന കെ കെ റൈഹാനത്ത്
X

തിരുവനന്തപുരം: രാജ്യത്തെ ഒന്നാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള പിന്നാക്ക വിഭാഗങ്ങളിലെ മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് നല്‍കിയിരുന്ന സ്‌കോളര്‍ഷിപ്പ് പൂര്‍ണമായും നിര്‍ത്തലാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി പിന്നാക്ക ജനതയോടുള്ള വഞ്ചനയാണെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ റൈഹാനത്ത്. ഒമ്പത്, 10 ക്ലാസിലെ വിദ്യാര്‍ഥികള്‍ക്ക് മാത്രമായി സ്‌കോളര്‍ഷിപ്പ് പരിമിതപ്പെടുത്തുകയും കേന്ദ്ര വിഹിതം 50 ശതമാനത്തില്‍ നിന്ന് 40 ശതമാനമായി കുറയ്ക്കുകയും ചെയ്ത നടപടി പിന്നാക്ക ജനതയോടുള്ള വെല്ലുവിളിയാണ്.

കേരളത്തില്‍ മാത്രം 1.25 ലക്ഷം കുട്ടികളുടെ ഭാവിയെ ഇത് ബാധിക്കും. കേന്ദ്ര സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയത്തിന്റെ തീരുമാനപ്രകാരമാണ് കേന്ദ്ര നടപടി. ഉന്നത പഠനത്തിന് പിന്നാക്ക വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് നല്‍കിയിരുന്ന സ്‌കോളര്‍ഷിപ്പ് തുകയും കേന്ദ്രം വെട്ടിച്ചുരുക്കി. ബിരുദ, ബിരുദാനന്തര കോഴ്‌സിന് ഒരുലക്ഷം വരെയാണ് സ്‌കോളര്‍ഷിപ്പ് നല്‍കിയിരുന്നത്. ഇത് 20,000 രൂപയാക്കി. അക്കാദമിക് മികവ് നേടിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലുള്ള വിദ്യാര്‍ഥികള്‍ക്കാണ് പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് നല്‍കുക.

ഇത്തരം സ്ഥാപനത്തിലെ യോഗ്യരായ വിദ്യാര്‍ഥികളുടെ എണ്ണം അനുവദിച്ച സ്‌കോളര്‍ഷിപ്പ് സ്ലോട്ടിലും കൂടുതലായാല്‍ പ്രവേശന പരീക്ഷയുടെ മാര്‍ക്ക് കൂടി പരിഗണിക്കണമെന്നാണ് കേന്ദ്രനിര്‍ദേശം. ഇങ്ങനെ വന്നാല്‍ കേരളത്തില്‍ അര്‍ഹരായ ഭൂരിഭാഗം പേര്‍ക്കും സ്‌കോളര്‍ഷിപ്പ് നഷ്ടമാവും. സ്‌കോളര്‍ഷിപ്പ് നിരക്കുകള്‍ക്ക് നാല് സ്ലാബാണ് നിശ്ചയിച്ചിട്ടുള്ളത്. ബിരുദം, പിജി, പ്രഫഷനല്‍ കോഴ്‌സുകള്‍ക്ക് 20,000, ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ക്ക് 13,000, ഗ്രൂപ്പ് ഒന്നിലും രണ്ടിലും പെടാത്ത ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍ക്ക് 8,000, നോണ്‍ ഡിഗ്രി കോഴ്‌സുകള്‍ക്ക് 5,000 രൂപ. ദരിദ്രവിദ്യാര്‍ഥികള്‍ക്ക് നല്‍കിയിരുന്ന ഹോസ്റ്റല്‍ സൗകര്യവും കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. ആണ്‍കുട്ടികളുടെ ഹോസ്റ്റലിന് ഇനി മുതല്‍ 60 ശതമാനം തുക മാത്രമേ നല്‍കൂ. ബാക്കി തുക സംസ്ഥാനം വഹിക്കണം.

ചരിത്രപരമായ കാരണങ്ങളാല്‍ അരികുവല്‍ക്കരിക്കപ്പെടുകയോ പൊതുമണ്ഡലങ്ങളില്‍ നിന്ന് അകറ്റിനിര്‍ത്തപ്പെടുകയോ ചെയ്ത പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളോടുള്ള കേന്ദ്രം ഭരിക്കുന്ന സംഘപരിവാര സര്‍ക്കാരിന്റെ സമീപനവും നിലപാടുമാണ് ഇത് വ്യക്തമാക്കുന്നത്. ഭരണഘടാ ശില്‍പ്പികളും രാഷ്ട്ര നായകന്മാരും ഇത്തരം വിഭാഗങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിന് ഏര്‍പ്പെടുത്തിയ സംവരണമൊക്കെ ഒളിഞ്ഞും തെളിഞ്ഞും അട്ടിമറിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനുപുറമേ വിദ്യാഭ്യാസപരമായി ഉയര്‍ത്തിക്കൊണ്ടുവരുന്നതിന് ഏര്‍പ്പെടുത്തിയ ആനുകുല്യങ്ങളും ഒന്നൊന്നായി പിന്‍വലിച്ചുകൊണ്ട് വീണ്ടും സമൂഹത്തിന്റെ അടിത്തട്ടിലേക്ക് തള്ളിവിടാനുള്ള ശ്രമമാണ് നടക്കുന്നത് എന്ന് ഇതിനെ വിശേഷിപ്പിക്കാം.

ഉദ്യോഗവിദ്യാഭ്യാസ രംഗങ്ങളും വിഭവാധികാരങ്ങളും മുച്ചൂടും കൈയടക്കിവെച്ചിരിക്കുന്ന സവര്‍ണ വിഭാഗങ്ങള്‍ക്ക് വീണ്ടും വാരിക്കോരി നല്‍കുന്നതിന് സവര്‍ണ സംവരണം അമിതാവേശത്തോടെ നടപ്പാക്കുന്ന ബിജെപി സര്‍ക്കാരാണ് പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നതിന് പുതിയ ചട്ടങ്ങള്‍ കൊണ്ടുവരുന്നതെന്നത് പ്രതിഷേധാര്‍ഹമാണ്. പിന്നാക്ക വിഭാഗങ്ങളെ മുഖ്യധാരയിലേക്ക് ഉര്‍ത്തിക്കൊണ്ടുവരുന്നതിനാവശ്യമായ സ്‌കോളര്‍ഷിപ്പ് പദ്ധതികള്‍ പിന്‍വലിക്കാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ പുനപ്പരിശോധിക്കണമെന്നും കെ കെ റൈഹാനത്ത് ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it