Sub Lead

ബിജെപിയെ പരാജയപ്പെടുത്താന്‍ പ്രതിപക്ഷ ഐക്യ നാടകങ്ങള്‍ മതിയാവില്ല: തുളസീധരന്‍ പള്ളിക്കല്‍

ബിജെപിയെ പരാജയപ്പെടുത്താന്‍ പ്രതിപക്ഷ ഐക്യ നാടകങ്ങള്‍ മതിയാവില്ല: തുളസീധരന്‍ പള്ളിക്കല്‍
X

കോഴിക്കോട്: പുതിയ പാര്‍ലമെന്റെ ഉദ്ഘാടനം ഇന്ത്യയില്‍ ബ്രാഹ്മണാധിപത്യം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ സൂചനയാണെന്നും ബിജെപിയെ പ്രതിരോധിക്കാന്‍ പ്രതിപക്ഷത്തിന്റെ ഐക്യനാടകം മതിയാവില്ലെന്നും എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍. ബാബരി മസ്ജിദ് തകര്‍ത്ത ഭൂമിയില്‍ ഉയരുന്ന രാമക്ഷേത്രവും സ്വാതന്ത്ര്യ സമര ചരിത്രവും ജനാധിപത്യപാഠങ്ങളും പാഠപുസ്തകങ്ങളില്‍ നിന്ന് നീക്കം ചെയ്യുന്നതും പുതിയ ഹിന്ദുത്വ ഇന്ത്യയുടെ രൂപീകരണത്തിലേക്കുള്ള മുന്നേറ്റമാണെന്ന് നാം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. എസ് ഡി പി ഐ കോഴിക്കോട് ജില്ലാ പ്രതിനിധി സഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത് നടക്കുന്ന കലാപങ്ങളും മണിപ്പൂരിലെ വംശീയ ഉന്‍മൂലനങ്ങളും സംഘപരിവാരത്തിന്റെ രക്തരൂക്ഷിത കലാപങ്ങളുടെ തുടര്‍ച്ചയാണ്. ക്രൈസ്തവര്‍ക്കും മുസ് ലിംള്‍ക്കുമെതിരേയുള്ള ഭരണകൂട നീക്കത്തിനെതിരേ അമേരിക്കയില്‍ പോലും ചോദ്യം ഉയരുന്നത് ലോകം ഇത്തരം നീക്കങ്ങള്‍ സൂക്ഷ്മതയോടെ നോക്കിക്കാണുന്നതിന്റെ ഉദാഹരണമാണ്. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ നിരാകരിക്കുന്നത് നമ്മുടെ ജനാധിപത്യ സംവിധാനം നേരിടുന്ന കടുത്ത വെല്ലുവിളിയെയാണ് സൂചിപ്പിക്കുന്നത്. ഇന്ത്യയെ അന്ധകാര യുഗത്തിലേക്ക് തിരിച്ചുകൊണ്ടുപോവുന്നത് ഒരു പ്രഖ്യാപനത്തിലൂടെയായിരിക്കില്ല. സുപ്രിം കോടതി ജഡ്ജിമാരെ ഉപയോഗിച്ചുള്ള വിധിയിലൂടെയായിരിക്കും. ഇത്തരം നീക്കങ്ങള്‍ കണ്ട് ഭയന്നിരിക്കാന്‍ നമ്മള്‍ക്ക് കഴിയില്ല. സാമൂഹിക ജനാധിപത്യം ഉയര്‍ത്തിപ്പിടിച്ച് മുന്നേറാന്‍ കഴിയണം. സാമ്പത്തിക തകര്‍ച്ചയും ദാരിദ്ര്യവും തൊഴിലില്ലായ്മയും വര്‍ധിച്ചുവരുകയും കോര്‍പറേറ്റുകള്‍ കൂടുതല്‍ തടിച്ചുവീര്‍ക്കുകയും ചെയ്യുന്നത് നമ്മുടെ രാജ്യത്തിന്റെ തകര്‍ച്ചയാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ പ്രതിപക്ഷം ചില ഗിമ്മിക്കുകള്‍ മാത്രമാണ് കാണിക്കുന്നത്. വിശാല കാഴ്ചപ്പാടോടെ കൃത്യമായ ദീര്‍ഘകാല പദ്ധതികളോടെ സംഘപരിവാര പ്രത്യയശാസ്ത്രത്തെ പരാജയപ്പെടുത്താനുള്ള ആര്‍ജ്ജവമാണ് പാര്‍ട്ടികള്‍ക്ക് ഉണ്ടാവേണ്ടത്. എങ്കില്‍ മാത്രമേ ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ്, സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍, സംസ്ഥാന സമിതി അംഗങ്ങളായ മുസ്തഫ പാലേരി, മഞ്ജുഷ മാവിലാടം, കെ ലസിത എന്നിവര്‍ സംസാരിച്ചു. ജില്ല ജനറല്‍ സെക്രട്ടറി എന്‍ കെ റഷീദ് ഉമരി, സെക്രട്ടറിമാരായ പി ടി അഹമ്മദ്, കെ ഷെമീര്‍, റഹ്മത്ത് നെല്ലുളി എന്നിവര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം എ സലീം, കെ കെ ഫൗസിയ, പി വി ജോര്‍ജ്, അഡ്വ ഇ കെ മുഹമ്മദലി, ജുഗല്‍പ്രകാശ് എന്നിവര്‍ പ്രമേങ്ങള്‍ അവതരിപ്പിച്ചു. ബാലന്‍ നടുവണ്ണൂര്‍, ജി സരിത, ഷംസീര്‍ ചോമ്പാല്‍, ടി പി മുഹമ്മദ് എന്നിവരെ കൂടി ജില്ലാ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തു. ജില്ലാവൈസ് പ്രസിഡന്റ് വാഹിദ് ചെറുവറ്റ, ഓര്‍ഗനൈസിങ് സെക്രട്ടറി എ പി നാസര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it