Sub Lead

''ഇന്ത്യയുടെ സമന്വയ പാരമ്പര്യം മായ്ച്ചുകളയാനുളള നീക്കം അവസാനിപ്പിക്കണം''; എന്‍സിഇആര്‍ടിയുടെ പാഠപുസ്തക മാറ്റങ്ങള്‍ക്കെതിരേ എസ്ഡിപിഐ

ഇന്ത്യയുടെ സമന്വയ പാരമ്പര്യം മായ്ച്ചുകളയാനുളള നീക്കം അവസാനിപ്പിക്കണം; എന്‍സിഇആര്‍ടിയുടെ പാഠപുസ്തക മാറ്റങ്ങള്‍ക്കെതിരേ എസ്ഡിപിഐ
X

ന്യൂഡല്‍ഹി: സാമൂഹികശാസ്ത്ര പാഠപുസ്തകത്തില്‍ എന്‍സിഇആര്‍ടി വരുത്തിയ തിരുത്തലുകളെ എസ്ഡിപിഐ ശക്തമായി അപലപിച്ചു. 'നാട് എങ്ങനെ വിശുദ്ധമായി' എന്ന പുതിയ അധ്യായത്തിന്റെ ആമുഖവും മുഗള്‍, ഡല്‍ഹി സുല്‍ത്താന്‍ കാലഘട്ടങ്ങളുമായി ബന്ധപ്പെട്ട പ്രാധാന്യമുള്ള ഉള്ളടക്കങ്ങള്‍ നീക്കംചെയ്തതിലുമാണ് എസ്ഡിപിഐയുടെ കടുത്ത വിമര്‍ശനം. ഈ മാറ്റങ്ങള്‍ വിദ്യാഭ്യാസത്തെ കാവിവത്കരിക്കാനും ഇന്ത്യയുടെ ബഹുസ്വര ചരിത്രം ഇല്ലാതാക്കാനും സങ്കുചിത ആശയത്തെ അടിച്ചേല്‍പ്പിക്കുന്നതുമായ ഇടപെടലാണ്.

പുതിയ അധ്യായത്തില്‍ ഹിന്ദു തീര്‍ഥാടന പാരമ്പര്യങ്ങളെ മാത്രം മുന്‍നിരയില്‍ അവതരിപ്പിക്കുകയും, മറ്റ് മതങ്ങളുടെ വിശുദ്ധ തീര്‍ഥാടന സ്ഥലങ്ങളെ അവഗണിക്കുകയും ചെയ്യുന്നതിലൂടെ രാജ്യത്തിന്റെ മതപരമായ വൈവിധ്യത്തെ ദുര്‍ബലപ്പെടുത്തുകയാണ്. മുഗള്‍-ഡല്‍ഹി സുല്‍ത്താന്‍ കാലഘട്ടങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഒഴിവാക്കുന്നത് മുസ്‌ലിം ഭരണാധികാരികളുടെ സംഭാവനകളെ പരിമിതപ്പെടുത്തുന്നതും വിഭാഗീയത വളര്‍ത്തുന്നതും ഭരണഘടനാവകാശങ്ങളായ മതേതരത്വം, തുല്യത എന്നിവക്ക് എതിരുമാണ്. ചരിത്ര സങ്കീര്‍ണ്ണതകള്‍ നെഗറ്റിവിറ്റി സൃഷ്ടിക്കുന്നു എന്ന എന്‍സിഇആര്‍ടിയുടെ വാദം ദുര്‍ബലമാണ്. വിദ്യാഭ്യാസം വിമര്‍ശനാത്മകതയെ പ്രോല്‍സാഹിപ്പിക്കുകയാണ് വേണ്ടത്, ചരിത്രത്തെ മായ്ച്ചുകളയുകയല്ല. 'മേക്ക് ഇന്‍ ഇന്ത്യ' പോലുള്ള സര്‍ക്കാര്‍ പദ്ധതികളെ ചരിത്രപാഠങ്ങളില്‍ ഉള്‍പ്പെടുത്തുന്നത് ഭരണകക്ഷിയുടെ രാഷ്ട്രീയ അജണ്ടയെ കലര്‍ത്താനുളള ശ്രമമാണ്.

ഒഴിവാക്കിയ ചരിത്രഭാഗങ്ങള്‍ ഉടന്‍ പുന:സ്ഥാപിക്കുകയും എല്ലാ മതങ്ങള്‍ക്കും സമമായ പ്രതിനിധാനം ഉറപ്പാക്കുകയും ചെയ്യണമെന്ന് എസ്ഡിപിഐ ആവശ്യപ്പെടുന്നു. വിദ്യാഭ്യാസമേഖലയില്‍ ആശയപരമായ കൈകടത്തലുകള്‍ വരാതിരിക്കാന്‍ പാഠ്യപദ്ധതി പുന:പരിശോധിക്കണമെന്ന് എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് ബി എം കാംബ്ലെ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it